ജറുസലം: ഗാസയിലെ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് സൂചന നല്‍കി ഇസ്രയേല്‍ ഭരണകൂടം. ഗാസ മുനമ്പിലെയും ലെബനനിലെയും സിറിയയിലെയും സുരക്ഷാ മേഖലകളിൽ സൈന്യം അനിശ്ചിതമായി തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് അറിയിച്ചു. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇസ്രയേല്‍ സൈന്യം ഒഴിപ്പിച്ചതും പിടിച്ചെടുത്തതുമായ പ്രദേശങ്ങളില്‍ നിന്നും ഇത്തവണ സൈന്യത്തെ ഒഴിപ്പിക്കുന്നില്ല.
ലെബനനിലെയും സിറിയയിലെയും പോലെ ഗാസയിലും ശത്രുക്കൾക്കും ഇസ്രായേലി സമൂഹങ്ങൾക്കും ഇടയിലുള്ള ഒരു ബഫറായി സൈന്യം സുരക്ഷാ മേഖലകളിൽ തുടരുമെന്നും ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. അന്താരാഷ്‌ട്ര നിയമത്തിന്‍റെ ലംഘനമായ സൈനിക അധിനിവേശമായാണ് പലസ്‌തീനികളും അയൽ രാജ്യങ്ങളും ഇസ്രയേൽ സൈനികരുടെ സാന്നിധ്യത്തെ കാണുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലെബനനിലെ ചില പ്രദേശങ്ങളിൽ ഇസ്രയേൽ തുടരുന്നത് ഇസ്രയേലുമായി നടത്തിയ വെടിനിർത്തൽ പ്രകാരം ലെബനൻ സൈന്യത്തിന്‍റെ പൂർണ വിന്യാസത്തിന് തടസം സൃഷ്‌ടിക്കുന്നതാണെന്ന് ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ പറഞ്ഞു. തെക്കൻ ലെബനനിൽ ബുധനാഴ്‌ച നടന്ന രണ്ട് ഇസ്രായേലി ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 70ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുഎൻ കണക്ക്.
ഗാസയിൽ നിന്ന് ഇസ്രായേലിന്‍റെ പൂർണമായ പിൻവാങ്ങലും ശാശ്വതമായ വെടിനിർത്തലും ഇല്ലാതെ ബാക്കി ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസിന്‍റെ നിലപാട്. ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ കരാറിന്‍റെ ആദ്യ ഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇസ്രയേൽ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഗാസയുടെ പകുതിയിലധികവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഹിസ്ബുള്ളയുമായി ഇസ്രയേല്‍ വെടിനിർത്തല്‍ കരാറുണ്ടാക്കുന്നത്.
എന്നാല്‍ ലെബനനിലെ ചില പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ ഇസ്രയേൽ തയാറായിട്ടില്ല. സിറിയൻ പ്രസിഡന്‍റായിരുന്നു ബഷർ അസദിനെ വിമതർ അട്ടിമറിച്ചതിന് ശേഷം തെക്കൻ സിറിയയിലെ ഒരു ബഫർ സോണും ഇസ്രയേല്‍ പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഒരു വയസ് തികയാത്ത പെൺകുട്ടി ഉൾപ്പെടെ 22 പേർ കൂടി കൊല്ലപ്പെട്ടു. പരിക്കേറ്റ പെൺകുട്ടിയുടെ അമ്മ മകളെ അടക്കം ചെയ്യുന്നതിനു മുമ്പ് ആലിംഗനം ചെയ്യുന്ന ചിത്രം ലോകമെമ്പാടും പ്രചരിച്ചിരുന്നു.