ജറുസലം: അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ മിസൈലാക്രമണം നടത്തി ഇസ്രയേൽ. ജറൂസലം ക്രൈസ്‌തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്‌ടർ ഡോ. ഫദൽ നയിം പറഞ്ഞു.
ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാത്രി തന്നെ നൂറുകണക്കിന് രോഗികളെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽ നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗികൾ ജീവൻ രക്ഷിക്കുന്നതിനായി പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്‌ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആശുപത്രി നടത്തിപ്പുകാരായ ജറുസലം രൂപത ആക്രമണത്തെ അപലപിച്ചു. അതേസമയം, 24 മണിക്കൂറിനിടെ ഗാസയിൽ 14 പലസ്‌തീൻകാരാണ് കൊല്ലപ്പെട്ടത്. മധ്യഗാസയിലെ ദെയ്റൽ ബലാഹിൽ മുനിസിപ്പൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേരും കാറിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് സഹോദരങ്ങൾ അടക്കം ഏഴ് പേരും കൊല്ലപ്പെട്ടു. ജീവകാരുണ്യ സംഘടനയുടെ പ്രവർത്തകരായിരുന്നു കാറിലുണ്ടായിരുന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ മൂന്ന് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫ, ഇസ്രയേലിന്‍റെ സെക്യൂരിറ്റി സോൺ എന്ന പേരിൽ മതിൽ കെട്ടി തിരിച്ചതിന് പിന്നാലെ ഖാൻ യൂനിസിലെ ചില പ്രദേശങ്ങളിലെ പലസ്‌തീൻകാരോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശിച്ചു. അതിനിടെ, കയ്റോയിൽ സമാധാന ചർച്ച പുനരാരംഭിച്ചു.
18 മാസത്തിലേറെയായി ഗാസയിൽ തുടരുന്ന വംശഹത്യക്കിടെ നിരവധി ആശുപത്രികളും ക്ലിനിക്കുകളുമാണ് ഇസ്രയേൽ തകർത്തത്. കഴിഞ്ഞ മാസം ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ബോംബിട്ടതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Also Read: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഗാസ; 112 പേര്‍ കൂടി കൊല്ലപ്പെട്ടു