ന്യൂയോര്‍ക്ക്: അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികരണത്തിൻ്റെ 'സമയം, സ്വഭാവം, വ്യാപ്‌തി' എന്നിവ ഇറാൻ സൈന്യം നിർണയിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിൻ്റെ അംബാസഡർ അമീർ സയീദ് ഇറവാനി. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര പ്രത്യേക സമ്മേളനത്തിലാണ് ഇവാനിയുടെ പരാമർശം. "അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികൾ" എന്ന അജണ്ടയിലാണ് സുരക്ഷാ കൗൺസില്‍ യോഗം ചേര്‍ന്നത്.
"യുഎസിൻ്റെയും അതിന്‍റെ സഖ്യകക്ഷിയായ ഇസ്രയേലിൻ്റെയും ആക്രമണങ്ങള്‍ക്ക് എതിരെ അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള പൂർണ അവകാശം ഇറാനിൽ നിക്ഷിപ്‌തമാണ്. ഇറാൻ്റെ ആനുപാതിക പ്രതികരണത്തിൻ്റെ സമയം, സ്വഭാവം, വ്യാപ്‌തി എന്നിവ തീരുമാനിക്കുന്നത് ഞങ്ങളുടെ സായുധ സേനയായിരിക്കും" - ഇറവാനി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഎസ്, ഇസ്രയേൽ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. യുഎസ്, യുകെ, ഫ്രാൻസ്, അവരുടെ യൂറോപ്യൻ സഖ്യകക്ഷികൾ എന്നിവരുടെ 'നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടികളുടെ' ഫലമാണിത്. നയതന്ത്ര മാര്‍ഗങ്ങള്‍ക്ക് ഇസ്രയേല്‍ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"നയതന്ത്ര മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്രയേൽ തീരുമാനിച്ചു. നയതന്ത്ര വാഗ്‌ദാനം എന്ന് വിളിക്കപ്പെടുന്നത് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വഞ്ചനാപരമായ നയമല്ലാതെ മറ്റൊന്നുമല്ല" - അദ്ദേഹം പറഞ്ഞു.
ഇറാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന പാശ്ചാത്യ ആഹ്വാനങ്ങള്‍ വിരോധാഭാസമാണ്. ഇറാനിപ്പോഴും ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ല. ഇറാനിലെ സാധാരണക്കാരുടെ മരണങ്ങള്‍ക്കും അടിസ്ഥാന സൗകര്യ നാശത്തിനും യുഎസ്, യുകെ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
"അമേരിക്കയുടെയും അതിന്‍റെ യൂറോപ്യൻ പങ്കാളികളുടെയും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടികളുടെ നേരിട്ടുള്ള ഫലമാണ് അവ... ഇറാനിലെ നിരപരാധികളായ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിനും സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും പൂർണ ഉത്തരവാദിത്തം ഈ കൗൺസിലിലെ മൂന്ന് സ്ഥിരാംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ് എന്നിവയ്‌ക്കൊപ്പം ഇസ്രയേൽ ഭരണകൂടത്തിനുമാണ്"- ഇവാനി പറഞ്ഞു.
ഇറാൻ്റെ തന്ത്രപ്രധാനമായ ആവണ കേന്ദ്രങ്ങളായ ഫോർജോ, നതാൻസ്, ഇസ്‌ഫഹാൻ എന്നിവയ്‌ക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അമീർ സയീദ് ഇറവാനിയുടെ പ്രതികരണം.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി നിർമ്മിച്ച സുരക്ഷാ കൗൺസിലും ഐക്യരാഷ്ട്രസഭയും ഈ നിർണായക നിമിഷത്തിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവയുടെ വിശ്വാസ്യതയും പ്രസക്തിയും എന്നെന്നേക്കുമായി നഷ്‌ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.