ടെഹ്റാൻ : യുദ്ധം അവസാനിപ്പിച്ചെന്ന് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎക്ക് നൽകിയ സന്ദേശത്തിലാണ് കാര്യം വ്യക്തമാക്കിയത്. 12 ദിവസത്തെ യുദ്ധം അവസാനിച്ചു എന്ന് പെഷേഷ്കിയാൻ സന്ദേശത്തിൽ പറയുന്നു.
'ചരിത്രം സൃഷ്ടിക്കുന്ന, ദൃഢനിശ്ചയമുള്ള നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ വീരോചിതമായ ചെറുത്തുനിൽപ്പിന് ശേഷം, ഇസ്രയേലിന്റെ സാഹസികതയും പ്രകോപനവും അടിച്ചേൽപ്പിച്ച ഈ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഒരു വെടിനിർത്തൽ ഉണ്ടാക്കുന്നതിനും ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു' -എന്ന് പെഷേഷ്കിയാൻ പറഞ്ഞു.
ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാൻ പ്രസിഡന്‍റ് പറഞ്ഞു. ഇറാനെ എതിർത്താൽ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ലോക രാജ്യങ്ങള്‍ മനസിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം നേരത്തെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഇറാനും മണിക്കൂറുകൾക്ക് മുമ്പ് പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ചുവെന്നും, ഇരു രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇസ്രയേലിൻ്റെ നടപടിയില്‍ താൻ സന്തുഷ്‌ടനല്ലെന്നും ആയിരുന്നു അദ്ദേഹം നേരത്തെ നടത്തിയ പ്രതികരണം.
"ഇസ്രയേൽ ഇനി ഇറാനിലേക്ക് ബോംബുകൾ വര്‍ഷിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്‌താൽ അത് വലിയ ലംഘനമാണ്," യുഎസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ആരോപണവുമായി നേരത്തെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ട് രാജ്യങ്ങളും കരാര്‍ ലംഘിച്ചെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിലേക്ക് രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാറ്റ്‌സിൻ്റെ പ്രസ്‌താവന. ഇറാന്‍ അയച്ച രണ്ട് മിസൈലുകളും തടഞ്ഞതായി ഐഡിഎഫ് ചീഫ് ഓഫ് സ്‌റ്റാഫ് ലെഫ്റ്റനഡ് ജനറൽ ഇയാൽ സമീർ അറിയിച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്‍റെ വെടിനിർത്തൽ ലംഘനത്തിൻ്റെ പശ്ചാത്തലത്തില്‍, തങ്ങൾ ശക്തിമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ട് വന്നു.
12 ദിവസമായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ന് രാവിലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ആരും ഇതു ലംഘിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ ഇത് സ്ഥരീകരിക്കുകയും ചെയ്‌തിരുന്നു.
Also Read: പല രാജ്യങ്ങളിലായി, വിവിധ കേന്ദ്രങ്ങൾ... അമേരിക്കയ്ക്ക് എത്ര വ്യോമ താവളങ്ങളുണ്ടെന്ന് അറിയുമോ?