ഖത്തർ: ദോഹക്കടുത്തുള്ള അമേരിക്കൻ വ്യോമ താവളത്തിനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൻ്റെ ഞെട്ടലിൽ ഗൾഫ് മലയാളികൾ. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഖത്തർ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദോഹക്കടുത്തുള്ള അൽ ഉദൈദ് സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഖത്തർ സമയം ഏഴരയോടെ ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഖത്തർ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി.
ദൈവാനുഗ്രഹത്താലും സായുധ സേനയുടെ ജാഗ്രതയാലും സ്വീകരിച്ച മുൻകരുതൽ നടപടിയുടെ ഫലമായി മരണമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഞായറാഴ്‌ച പുലർച്ചെ ഇറാനിൽ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാൻ ആക്രമിച്ച ഖത്തറിലെ ദോഹക്കടുത്തുള്ള അൽ ഉദൈദ് എയർ ബേസ് പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ്.
"ജോലി കഴിഞ്ഞെത്തി കുടുംബത്തോടൊപ്പം അൽ വുക്കൈറിലെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്, ഭൂമി കുലുക്കം പോലെ ആദ്യം അനുഭവപ്പെട്ടു. ആകാശത്ത് തീഗോളങ്ങൾ പോലെ മിസൈലുകളും ഡ്രോണുകളും ചീറി പായുന്നത് കാണാമായിരുന്നു ഉടൻ തന്നെ കുട്ടികളെയും ഭാര്യയേയും കൂട്ടി പുറത്തേക്ക് ഓടി" -ഖത്തർ എൽ എൻ ജിയിലെ സൈബർ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഫൈസൽ ഇടിവി ഭാരതിനോട് പറഞ്ഞു.
ജീവിതത്തിൽ ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിൻ്റെ ഞെട്ടലിലാണ് ഫൈസൽ. ഖത്തറിൽ നിന്നും രാവിലെ ആറു മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. തൻ്റെ സുഹൃത്തും കുടുംബവും വിമാനത്തിൽ യാത്ര തിരിച്ചിട്ടുണ്ടെന്നും നിലവിൽ യാത്ര പ്രതിസന്ധി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"രണ്ട് ഘട്ടമായി അരമണിക്കൂർ നേരം ഇറാൻ ആക്രമണം നടത്തിയതായി ഹിലാലിൽ താമസിക്കുന്ന മുഹമ്മദ് റാഫി പ്രതികരിച്ചു. ഈ സമയം സ്ത്രീകളും കുട്ടികളും ഭയന്നു വിറച്ച് കൂട്ട കരച്ചലായിരുന്നു, യുദ്ധമെന്നത് കേട്ടറിയുന്നത് പോലെയല്ല ഒട്ടും സുഖകരമല്ലാത്ത അനുഭവമാണെന്ന് ഞങ്ങൾ നേരിട്ട് അനുഭവിച്ചു" -അദേഹം പറഞ്ഞു. അതേ സമയം അൽ ഉദൈദ് വ്യോമ താവളത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം ഖത്തർ വ്യോമ പ്രതിരോധ സേന തടഞ്ഞെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Also Read: പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ട്രംപ്