ടെല്‍ അവീവ് (ഇസ്രയേല്‍): പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുകയാണ്. ഇറാന്‍ ഇസ്രയേലിനെതിരെ റോക്കറ്റ് ആക്രമണം കടുപ്പിച്ചതോടെ ലെബനന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ സേന രംഗത്തെത്തി. ദക്ഷിണ ലെബനനിലെ 24 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.
ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. തങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങളുടെ സുരക്ഷയ്ക്കായി ഇവിടെ നിന്ന് മാറിത്താമസിക്കണം എന്നാണ് പ്രതിരോധ സേനയുടെ നിര്‍ദ്ദേശം. ഹിസ്‌ബുള്ള കേന്ദ്രങ്ങള്‍ക്ക് സമീപമുള്ളവര്‍ക്ക് അപകടമുണ്ടാകാമെന്നും പ്രതിരോധ സേനയുടെ അറബി വക്താവ് കേണല്‍ അവിചയ് അദാരി എക്‌സില്‍ കുറിച്ചു.
ജനങ്ങള്‍ക്ക് എപ്പോള്‍ തിരികെ എത്താനാകുമെന്ന് പിന്നീട് അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇസ്രയേല്‍ സൈന്യം ദക്ഷിണ ലെബനനിലെ 28 ഗ്രാമങ്ങള്‍ക്ക് ഇതേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.
ഹിസ്‌ബുള്ള ആയുധ നിര്‍മാണ കേന്ദ്രങ്ങളെയും ബെയ്‌റൂട്ടിലെ അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമസേന യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി.നാട്ടുകാരെ കാര്യമായി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യോമസേന ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇറാന്‍റെ മിസൈൽ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍ വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. അതിനാൽ അപകടം സംഭവിച്ചില്ല. സംഘർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും പറഞ്ഞു.
അനുഭവം പങ്കിട്ട് മലയാളികള്‍: 'ജെറുസലേമില്‍ നിന്ന് തിരികെ വരുമ്പോഴാണ് ആക്രമണമെന്ന്' മലയാളിയായ റീന പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച് ഫോണില്‍ മുന്നറിയിപ്പ് വന്നു. വല്ലാത്തൊരു ഭീകരാന്തരീക്ഷമായിരുന്നു. ഇനി ജീവനോടെ ഉണ്ടാകുമോയെന്ന് ഭയന്നുപോയി. എല്ലാവരും ആശങ്കയിലാണ്.
അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. മലയാളികള്‍ ആരും ആക്രമണത്തിനിരയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും റീന പറഞ്ഞു. ടെൽ അവീവ് മേഖലയിൽ ഒരു മണിക്കൂറോളം ആക്രമണം തുടർന്നെന്ന് മലയാളിയായ ബ്ലെസി പ്രതികരിച്ചു. നിലവിൽ മലയാളികൾ ആർക്കും എന്തെങ്കിലും പരിക്കേറ്റതായി വിവരം ഇല്ലെന്നും ബ്ലെസി പറഞ്ഞു.
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് മേൽ വർഷിച്ചത്. ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ടത്. ഇസ്രയേലിനെ ലക്ഷ്യമിട്ട് നീങ്ങുന്ന മിസൈലുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആക്രമണം നടന്നന്നെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തെ ഫലപ്രദമായി നേരിട്ടതായി ഇസ്രയേലും അമേരിക്കയും പ്രതികരിച്ചു.
Also Read: ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ ആക്രമണം; ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് നെതന്യാഹു