വാഷിങ്ടണ്‍: ഇറക്കുമതിക്ക് പുതിയ തീരുവ പ്രഖ്യാപിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയുമായി ചൈന. അമേരിക്കന്‍ പ്രഡിഡന്‍റിന്‍റെ ഭീഷണിയില്‍ ഭയപ്പെടില്ലെന്നും താരിഫ് ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല യുഎസ് അടിസ്ഥാന രഹിതമായ കാരണങ്ങളാലാണ് തീരുവ ചുമത്തുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
'മറ്റുള്ളവര്‍ സ്വന്തം താത്‌പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് അമേരിക്ക നിര്‍ബന്ധം പിടിക്കരുത്. അങ്ങനെയാണെങ്കില്‍ അവസാനം വരെ പോരാടുമെന്നും ചൈന അറിയിച്ചു. ചൈനയ്‌ക്കെതിരായ തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസ് ഭീഷണി തെറ്റിന് മുകളിലെ മറ്റൊരു തെറ്റാണ്. അമേരിക്കയുടെ ബ്ലാക്ക് മെയിലിങ് സ്വഭാവമാണത്. അതിനൊന്നും വഴങ്ങാന്‍ ചൈനയെ കിട്ടില്ല. തങ്ങള്‍ അവസാനം വരെ പോരാടുമെന്നും' മന്ത്രാലയം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനമുണ്ടായത്. ഇതേ തുടര്‍ന്ന് ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയും ഉണ്ടായി. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് ഉത്‌പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. ചൈന അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ പിന്‍വലിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനെതിരെയാണിപ്പോള്‍ ചൈന പ്രതികരണവുമായി എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നിയമ വിരുദ്ധമായ സബ്‌സിഡി അടക്കം ചൈന അന്യായമായ വ്യാപാര രീതികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. മാത്രമല്ല ഏതെങ്കിലും രാജ്യം പുതിയ തീരുവകളുമായി അമേരിക്കയെ നേരിട്ടാല്‍ നിലവിലെ തിരുവയേക്കാള്‍ ഉയര്‍ന്ന തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.