ബീജിങ് (ചൈന): ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ചൈന. അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽ നിന്ന് വിമാനങ്ങളോ അനുബന്ധ ഉപകരണങ്ങളോ വാങ്ങരുതെന്നും വിമാന ഭാഗങ്ങൾ വിൽക്കരുത് എന്നും തങ്ങളുടെ വിമാനക്കമ്പനികൾക്ക് ചൈന നിർദേശം നൽകി.
ആഗോള എയ്‌റോസ്‌പേസ് കമ്പനിയുടെ അഭിപ്രായത്തിൽ, 50 വർഷത്തിലേറെയായി ചൈനയുടെ സിവിൽ ഏവിയേഷൻ പാസഞ്ചർ, കാർഗോ ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബോയിങ് വിമാനങ്ങൾ. ചൈനയുടെ ഏവിയേഷൻ മാനുഫാക്ചറിങ് ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കൂടിയാണ് ബോയിങ്. 10,000-ത്തിലധികം ബോയിങ് വിമാനങ്ങൾ ചൈനയിൽ നിർമ്മിച്ച ഭാഗങ്ങൾ ഉപയോഗിച്ച് പറക്കുന്നു.
കഴിഞ്ഞ ആഴ്ച, ചൈന യുഎസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം പ്രതികാരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ 84% ൽ നിന്നാണ് 125% ആയി ചൈന ഉയർത്തിയത്. പിന്നാലെ, ചൈനയുടെ താത്പര്യങ്ങളെ അടിച്ചമര്‍ത്തുന്നത് തുടർന്നാൽ യുഎസിനെതിരെ അവസാനം വരെ പോരാടുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിരുന്നു.
അതേസമയം ഫോണുകൾ, ശനിയാഴ്ച കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ചുമത്തിയ പരസ്പര തീരുവയിൽ നിന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒഴിവാക്കി.നിലവിൽ വിയറ്റ്നാം, മലേഷ്യ, കംബോഡിയ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിലാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്.