ന്യൂഡല്‍ഹി: കുടിയേറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടന്‍. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സാറ്റാര്‍മര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പൗരത്വം
82 പേജു വരുന്ന ധവള പത്രത്തിലൂടെയാണ് സര്‍ക്കാര്‍ പുത്തന്‍ നയങ്ങള്‍ പുറത്തിറക്കിയത്. സംഭാവന അധിഷ്‌ഠിത പൗരത്വ മാതൃകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനി മുതല്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ അതിന് മുമ്പ് പത്ത് വര്‍ഷമെങ്കിലും ബ്രിട്ടനില്‍ താമസിച്ചിരുന്നവരായിരിക്കണം. നിലവില്‍ അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചിരുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഈ മാറ്റം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുള്ളവരുടെ കാര്യത്തില്‍ ഇളവ് ചെയ്‌ത് നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അടിയന്തരമായി തന്നെ പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സുമാര്‍, ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, എഐ വിദഗ്ദ്ധര്‍ എന്നിവര്‍ക്കാണ് ഇളവ്.
പുത്തന്‍ മാറ്റങ്ങള്‍ രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരുടെ കുറവെങ്കിലും ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കുടിയേറ്റം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയാല്‍ എണ്ണം ഇനിയും കുറയുമെന്നും അധികൃതര്‍ പറയുന്നു.
നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം രാജ്യത്ത് താമസക്കാരെന്ന നിലയില്‍ കഴിയാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട്. ഇതവര്‍ക്ക് ബ്രിട്ടീഷ് പൗരത്വത്തിന് ഉപയോഗിക്കാം. സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തിന് ശേഷം തന്നെ ഇത് സാധ്യമാണ്.
അതേസമയം പൗരത്വത്തിനായി താമസ കാലാവധി കൂട്ടുന്നത് കുടിയേറ്റത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി മേധാവി ഡോ.മഡലെയ്‌ന്‍ സംപ്‌ഷന്‍ പറയുന്നത്. വീസ ഫീ ഇനത്തില്‍ വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസമെന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇംഗ്ലീഷ് ഭാഷ
വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധിതമാക്കുന്നുണ്ട് പുത്തന്‍ നിയമത്തില്‍. മുതിര്‍ന്നരുടെ ആശ്രിതരായി എത്തുന്ന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന ഇംഗ്ലീഷ് നൈപുണ്യം ഉണ്ടെങ്കില്‍ മാത്രമേ വിസ ലഭിക്കൂ. ഇത് ആളുകള്‍ക്ക് കൂടുതല്‍ നൈപുണ്യമുണ്ടാക്കാനും വേഗത്തില്‍ ജോലി കണ്ടെത്താനും വേണ്ടിയാണെന്നുമാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
നിങ്ങള്‍ക്ക് ബ്രിട്ടനില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കണമെന്നാണ് സ്റ്റാര്‍മര്‍ എക്‌സില്‍ കുറിച്ചത്. ഈ ഭാഷാ ആവശ്യങ്ങള്‍ വിസകളുടെ എണ്ണത്തില്‍ പ്രതിഫലിച്ചേക്കാമെന്നാണ് ഡോ.സംപ്ഷന്‍റെ വിലയിരുത്തല്‍. രണ്ട് വര്‍ഷമായി പകുതയിലേറെ നൈപുണ്യ തൊഴില്‍ വിസകളും ആശ്രിതര്‍ക്കാണ് പോകുന്നത്.അതില്‍ എത്രപേര്‍ ഭാഷാ പരീക്ഷ പാസായെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കെയര്‍ മേഖല
വിദേശത്ത് നിന്നുള്ള കെയര്‍ തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2028 മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശ്യം. ഇത് ദക്ഷിണേഷ്യയ്ക്ക് പ്രത്യേകിച്ച് ഇന്ത്യയ്ക്കും കേരളത്തിന് വിശേഷിച്ചും തിരിച്ചടിയാകും.
വിദ്യാര്‍ത്ഥികള്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിനായി പതിനെട്ട് മാസത്തെ വിസയാകും ഇനി മുതല്‍ അനുവദിക്കുക. നേരത്തെ ഇത് രണ്ട് വര്‍ഷം വരെയുള്ള വിസകളായിരുന്നു. ഇത് ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ത്ഥികളെ ബാധിക്കും. ബ്രിട്ടനിലെ വിദേശവിദ്യാര്‍ത്ഥികളിലേറെയും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇത് ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന കോളജുകളെയും സാരമായി ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അവരുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകും. ദ നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ആന്‍ഡ് അലുമിനി സര്‍ക്കാരിന്‍റെ നയത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് തങ്ങളുടെ പഠനത്തെയും രാജ്യാന്തര രംഗത്തെ തൊഴില്‍ പരിചയത്തെയും ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് സ്റ്റാര്‍മറുടെ വാദം. കടുത്ത നിയമങ്ങളില്ലെങ്കില്‍ തങ്ങളുടെ രാജ്യം അപരിചിതരെക്കൊണ്ട് നിറയുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നു. 2023ല്‍ രാജ്യത്തേക്ക് കുടിയേറിയത് 906000 പേരായിരുന്നു. 2024ല്‍ ഇത് 728000 ആയി എന്നും ദ ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. നിയമപരവും അല്ലാതെയുമുള്ള കുടിയേറ്റ പ്രശ്‌ന സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വിദേശ തൊഴിലാളികള്‍ക്ക് നല്‍കേണ്ടി വരുന്നത് വന്‍ തുക
നൈപുണ്യമുള്ള തൊഴിലാളികളെ വിദേശത്ത് നിന്ന് എടുക്കുമ്പോള്‍ കമ്പനികള്‍ നല്‍കേണ്ട ചാര്‍ജില്‍ 2ശതമാനം വര്‍ദ്ധനയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. പ്രതിവര്‍ഷം ഒരു തൊഴിലാളിക്ക് വലിയ കമ്പനികള്‍ക്ക് ആയിരം പൗണ്ട് എന്ന തോതിലാണ് കുടിയേറ്റ നൈപുണി ചാര്‍ജായി നല്‍കേണ്ടി വരുന്നത്. ചെറിയ കമ്പനികള്‍ക്ക് ഇത് 364 പൗണ്ടാണ്.
അഭയം തേടിയെത്തുന്നവര്‍
അഭയം തേടിയെത്തുന്നരുടെ എണ്ണവും കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച നിയമപരിഷ്‌കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സര്‍ക്കാരിന്‍റെ കുടിയേറ്റ നയങ്ങള്‍ കൈകാര്യം ചെയ്യലിനെ വിമര്‍ശിച്ച് ലേബര്‍ പാര്‍ട്ടിയുടെ നിഴല്‍ ആഭ്യന്തരമന്ത്രി ക്രിസ് ഫിലിപ്പ് രംഗത്തെത്തി. സ്റ്റാമര്‍ അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താന്‍ കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണെന്ന സ്റ്റാര്‍മറുടെ വാദം വലിയ തമാശയാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.