ധാക്ക: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്ന മോദിക്ക് മറുപടിയായാണ് കത്ത്.
യൂനുസ് തൻ്റെ എക്സ് പോസ്റ്റിൽ ഇരു കത്തുകളും പങ്കുവച്ചു. പരസ്പര ബഹുമാനത്തിൻ്റെയും ധാരണയുടെയും ആത്മാവ് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ തുടർന്നും നയിക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ബംഗ്ലാദേശിൽ 2026 ഏപ്രിൽ ആദ്യപകുതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് യൂനുസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ സമയത്ത് പുറത്തിറക്കും.
— Chief Adviser of the Government of Bangladesh (@ChiefAdviserGoB) June 8, 2025
2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കിയത്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലാണ് ഇടക്കാല സർക്കാർ രൂപീകരിച്ചത്. ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വലിയ വിള്ളലുണ്ടായിരുന്നു. ബന്ധത്തിലെ അസ്വാരസ്യങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമമായാണ് ഇരു നേതാക്കളുടെയും ഇടപെടലിനെ വിലയിരുത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ പരസ്പര ബഹുമാനത്തിൻ്റെയും ധാരണയുടെയും ആത്മാവ് രാഷ്ട്രങ്ങളെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ജൂൺ 6ലെ കത്തിൽ യൂനുസ് പറഞ്ഞു. ജൂൺ 4ന് എഴുതിയ കത്തിൽ മോദി ഈ ഉത്സവം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി. സമാധാനപരമായ ലോകം കെട്ടിപ്പടുക്കാൻ അത്യാവശ്യമായ ത്യാഗം, കാരുണ്യം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങളെ ഇത് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.