ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ നേതാവ് മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധാക്ക വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് നഹിദ് ഇസ്ലാമാണ് യൂനുസ് രാജിക്കൊരുങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്.
മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ തയ്യാറാണെന്നും ഈ തീരുമാനം മന്ത്രിസഭയെ അറിയിച്ചതായും അദ്ദേഹത്തിൻ്റെ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആർമി ചീഫ് ജനറൽ വേക്കർ ഉസ് സമാൻ ആഹ്വാനം ചെയ്‌തതിനും ബിഎൻപി തെരഞ്ഞെടുപ്പിനുള്ള നിര്‍ദേശങ്ങള്‍ തേടിയതിനും തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം വന്നത്. ബംഗ്ലാദേശില്‍ സര്‍ക്കാരിന് സൈനിക പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ ഇടക്കാല സര്‍ക്കാരിനുള്ള പിന്തുണ സൈന്യം പിൻവലിക്കുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഷ്‌ട്രീയ പാർട്ടികൾക്ക് ഒരു പൊതുധാരണയിലെത്താൻ കഴിയാത്തതിനാലും തനിക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതിനാലുമാണ് ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ മേധാവി പ്രൊഫസർ മുഹമ്മദ് യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നതെന്ന് വിദ്യാർഥി നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർട്ടി മേധാവി നഹിദ് ഇസ്ലാം വ്യാഴായ്‌ച മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഐക്യം രൂപപ്പെടുത്തുകയും തന്നോട് സഹകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ ഉപദേഷ്‌ടാവിനോട് പറഞ്ഞതായും ഇസ്ലാം പറഞ്ഞു. തൻ്റെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ യൂനുസ് തുടരുന്നതിൽ അർത്ഥമില്ലെന്ന് എൻസിപി നേതാവ് പ്രതികരിച്ചു, "രാഷ്ട്രീയ പാർട്ടി ഇപ്പോൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹത്തിന് ആത്മവിശ്വാസം ഇല്ലെങ്കില്‍, അദ്ദേഹം എന്തിനാണ് തുടരുന്നത് എന്നും എൻസിപി നേതാവ് ചോദിച്ചു. അതേസമയം, സംവരണത്തിന് എതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഷെയ്‌ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരത്ത രാജിവച്ചിരുന്നു. വലിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കായിരുന്നു ധാക്ക സാക്ഷ്യം വഹിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.