ന്യൂഡല്‍ഹി: നാസയുടെ നാലാമത്തെ മനുഷ്യ ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങി ആക്‌സിയം-4. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ഷു ശുക്ലയും ആക്‌സിയത്തിലുണ്ട്. ജൂണ്‍ 10 ന് ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെൻ്റെറില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ഏകദേശം 28 മണിക്കൂറിലെ യാത്രയ്ക്കൊടുവില്‍ ജൂണ്‍ 11 ന് രാത്രി 10 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പേടകമിറങ്ങും.
ഐഎസിൻ്റെ വാണിജ്യ ദൗത്യത്തിൻ്റെ ഭാഗമായുള്ള ആക്‌സിയം 4 ദൗത്യത്തില്‍ ശുക്ലയ്‌ക്കൊപ്പം മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി എന്നിവരും ഉണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1984-ൽ റഷ്യയുടെ സോയൂസ് ദൗത്യത്തിൽ രാകേഷ് ശർമ്മ നടത്തിയ ചരിത്രപരമായ ബഹിരാകാശ യാത്ര 41 വർഷങ്ങൾക്ക് പിന്നിടുമ്പോള്‍ ആണ് വീണ്ടുമൊരു ഇന്ത്യാക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്. "കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച ശേഷം, പുതിയ സ്പേസ്എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര ചെയ്യും. ഡോക്കിങ് സമയം ജൂൺ 11 ബുധനാഴ്‌ച ഉച്ചയ്ക്ക് 12:30 EDT (രാത്രി 10:00 IST)ആണ്," നാസയുടെ പ്രസ്‌താവനയില്‍ പറഞ്ഞു.
ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ കഴിഞ്ഞ ആഴ്‌ച ആക്‌സിയം സ്പേസ് സന്ദർശിച്ചിരുന്നു. യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി മെയ് 25 മുതൽ ബഹിരാകാശയാത്രികർ ക്വാറൻ്റയിനിൽ കഴിയുകയും ജൂൺ 10 ന് വിക്ഷേപണത്തിന് മുന്നോടിയായി പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് ശുക്ല അറിയിച്ചു.
"ആക്‌സിയം 4 ല്‍ സഞ്ചരിക്കാന്‍ പോകുന്നവര്‍ക്ക് വിപുലമായ പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ അണ്ടർവാട്ടർ എസ്കേപ്പ് ഡ്രില്ലുകൾ പോലുള്ള നിരവധി പരിശീലനങ്ങളും അതില്‍ ഉള്‍പ്പെടുന്നു. " ആക്‌സിയം സ്പേസ് എക്‌സില്‍ കുറിച്ചു. ഐഎസ്എസിലെ 14 ദിവസത്തെ താമസത്തിനിടെ, ക്രൂ അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്‌കൂള്‍ വിദ്യാർത്ഥികളുമായും ബഹിരാകാശ വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ആഴ്‌ച ആദ്യം ക്രൂ അംഗങ്ങള്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശീലന അപ്‌ഡേറ്റുകള്‍ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. "വിക്ഷേപണത്തിന് ഞങ്ങൾ തയ്യാറാണ്, എല്ലാ പരിശീലനവും ഞങ്ങൾ പൂർത്തിയാക്കി, ടീം നന്നായി പരിശ്രമിക്കുന്നുണ്ട്" വിറ്റ്സൺ പറഞ്ഞു.
ബഹിരാകാശ യാത്രയ്ക്കുള്ള ഒരു വർഷം നീണ്ടുനിന്ന പരിശീലനത്തെ കുറിച്ച് ശുക്ലയും സംസാരിച്ചു. "ഒരു അത്ഭുതകരമായ യാത്രയായിരുക്കുമിത് പക്ഷേ ഏറ്റവും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളൂ. ഞാൻ ബഹിരാകാശത്തേക്ക് പോകുമ്പോൾ ഉപകരണങ്ങള്‍ മാത്രമല്ല ഞാന്‍ വഹിക്കുന്നത് കോടിക്കണക്കിന് ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഞാൻ വഹിക്കുന്നു," ശുക്ല കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) ബയോടെക്നോളജി വകുപ്പും (DBT) സംയുക്തമായി വികസിപ്പിച്ചെടുത്ത പോഷകാഹാര വുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും ശുക്ല ഭാഗമാകുന്നുണ്ട്. നാസയുടെ പിന്തുണയോടെയാണ് ഈ പ്രത്യക പരീക്ഷങ്ങള്‍ നടക്കുന്നത്. ഭാവിയിലെ ദീർഘകാല ബഹിരാകാശ യാത്രയ്ക്ക് അത്യന്താപേക്ഷിതമായ ബഹിരാകാശ പോഷകാഹാരവും സ്വയം-സുസ്ഥിരമായ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും വികസിപ്പിക്കുക എന്നതാണ് ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം.
നാസയുടെ മനുഷ്യ ഗവേഷണ പരിപാടിക്കായി ആസൂത്രണം ചെയ്‌ത അഞ്ച് സംയുക്ത പഠനങ്ങളിലും ശുക്ല പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ ഉലുവ , ചെറുപയർ എന്നിവ മുളപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ഐ.എസ്.എസിൻ്റെ തീരുമാനം. ശുക്ല വിത്തുകളെ സ്പെയിസില്‍ മുളപ്പിച്ചെടുത്തതിന് ശേഷം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും. അവിടെ അവ ഒരിക്കൽ മാത്രമല്ല, തലമുറകളിലേക്ക് പകരും.
ആക്‌സിയം മിഷൻ 4 ലെ ശുക്ലയുടെ അനുഭവം 2027 ൽ ആസൂത്രണം ചെയ്യപ്പെടുന്ന ഗഗൻയാൻ ദൗത്യത്തിൽ വളരെ നന്നായി പ്രയോജനപ്പെടുത്തും. ആക്‌സിയം-4 ദൗത്യത്തിനായി ഐഎസ്ആർഒ 550 കോടി രൂപയാണ് ചെലവഴിച്ചത്.