വാഷിങ്ടണ്‍: അമേരിക്ക -മെക്‌സിക്കോ അതിര്‍ത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ നീക്കവുമായി യുഎസ്. അമേരിക്കന്‍ പ്രതിരോധ വകുപ്പിനായിരിക്കും മേഖലയുടെ നിയന്ത്രണ ചുമതല. അതിര്‍ത്തി മേഖലയിലൂടെയുള്ള അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിടുകയാണ് ലക്ഷ്യമെന്ന് യുഎസ് അറിയിച്ചു.
അമേരിക്കയില്‍ ആഭ്യന്തര നിയമ നിര്‍വഹണത്തിന് അമേരിക്കന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് വിലക്കുള്ള ഫെഡറല്‍ നിയമം മറികടക്കാനുള്ള പ്രസിഡന്‍റിന്‍റെ ശ്രമമാണ് ഈ നീക്കം. സൈനിക താവളത്തിന്‍റെ ഭാഗമായ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണെങ്കില്‍ സൈന്യത്തിന്‍റെ വിലക്ക് മറികടക്കാനാകും. എന്നാല്‍ നിലവിലെ ട്രംപിന്‍റെ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധരുടെ കണക്ക് കൂട്ടല്‍.
റൂസ്‌വെല്‍റ്റ് റിസര്‍വേഷന്‍ അടക്കം 60 അടി വീതിയുള്ള ഫെഡറല്‍ ഭൂമികളുടെ നിയന്ത്രണം പ്രതിരോധ വകുപ്പിന് കൈമാറാന്‍ വെള്ളിയാഴ്‌ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു. കാലിഫോര്‍ണിയ, അരിസോന, ന്യൂമെക്‌സികോ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ ഭൂമി നിലവില്‍ ആഭ്യന്തര വകുപ്പിന്‍റെ കീഴിലാണ്. നിലവിലെ ട്രംപിന്‍റെ ഉത്തരവ് നടപ്പിലാക്കിയാല്‍ ഇതിലൂടെ കുടിയേറുന്നവരെ തടങ്കലില്‍ വയ്‌ക്കാന്‍ അവിടെ നിലയുറപ്പിക്കുന്ന സൈനികര്‍ക്ക് നിയമപരമായി അവകാശം ലഭിക്കും.
Also Read: 'ആ രക്തത്തിൽ എനിക്ക് പങ്കില്ല, റഷ്യ - യുക്രെയ്‌ൻ യുദ്ധം ബൈഡന്‍റെ സംഭാവന'; വിമർശിച്ച് ട്രംപ്