അബുദാബി/ടോക്കിയോ: ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണയുമായി ജപ്പാനും യുഎഇയും. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും രാജ്യസുരക്ഷ മുന്‍നിര്‍ത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജനതാദള്‍(യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ജപ്പാന്‍ വിദേശകാര്യമന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ച നടത്തി.
ഇതിനിടെയാണ് ഇരുരാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്ന് ജപ്പാന്‍ അറിയിച്ചതായി സഞ്ജയ് ഝാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സര്‍വകക്ഷി പ്രതിനിധി സംഘത്തിന് ആദ്യമായി ആതിഥേയത്വം നല്‍കിയ രാജ്യം യുഎഇയാണെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളുടെയും സൗഹൃദ് ബന്ധത്തിൻ്റെ ആഴത്തെ സൂചിപ്പിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.
The All-party delegation led by @DrSEShinde met HE @Dralnoaimi, Chairman of Defense Affairs, Interior & Foreign Affairs Committee, Federal National Council & FNC members.
— India in UAE (@IndembAbuDhabi) May 22, 2025
They underscored 🇮🇳🇦🇪’s shared resolve for zero tolerance against terrorism. pic.twitter.com/ahodOwpDjJ
പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും കുറിച്ച് ലോകത്തോട് വെളിപ്പെടുത്താൻ ഇന്ത്യയുടെ സര്‍വ്വകക്ഷി സംഘം നടത്തുന്ന ജപ്പാൻ, യുഎഇ പര്യടനം പുരോഗമിക്കുകയാണ്. ജപ്പാൻ പ്രതിനിധി സംഘത്തെ ജനതാദൾ എംപി സഞ്ജയ് ഝായും യുഎഇ സംഘത്തെ ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയും ആണ് നയിച്ചത്. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗം അഹമ്മദ് മിർ ഖൂരിയുമായി യുഎഇ സംഘം കൂടിക്കാഴ്‌ച നടത്തി. പാക് ഭരണകൂടം പ്രോത്സാഹിപ്പിക്കുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയത്തെ സംഘം അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സമീപനം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച വിശദീകരിച്ചു, പഹൽഗാമിൽ ഉണ്ടായതുപോലുള്ള മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്നും പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിടുമെന്നും ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയവും ഭീകരവാദത്തിനെതിരെയുളള ഇന്ത്യയുടെ പൊരുതലും പാക് ഭീകരവാദഭീഷണികളെയും ഇന്ത്യ എടുത്തുകാണിച്ചുവെന്ന് ഷിൻഡെ എക്‌സില്‍ കുറിച്ചു. യോഗത്തിൽ, യുഎഇ ഉദ്യോഗസ്ഥർ ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് സഹായം അറിയിച്ചു. "നിരപരാധികളായ സാധാരണക്കാരെ കൊല്ലാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല" എന്ന് യുഎഇ വ്യക്തമാക്കി.
മനൻ കുമാർ മിശ്ര (ബിജെപി), സസ്മിത് പത്ര (ബിജെഡി), ഇ ടി മുഹമ്മദ് ബഷീർ (ഐയുഎംഎൽ), എസ്എസ് അലുവാലിയ (ബിജെപി), അതുൽ ഗാർഗ് (ബിജെപി), ബൻസുരി സ്വരാജ് (ബിജെപി), മുൻ നയതന്ത്രജ്ഞനും യുഎഇയുടെ ഇന്ത്യന്‍ അംബാസിഡറുമായ സുജൻ ആർ ചിനോയ് എന്നിവരടങ്ങിയ സംഘമാണ് അബുദബിയില്‍ എത്തിയത്.
സഞ്ജയ് കുമാര്‍ ഝാ നയിക്കുന്ന ജപ്പാന്‍ പ്രതിനിധി സംഘത്തില്‍ ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ്‌ലാല്‍, പ്രധാന്‍ ബറുവ, ഹേമാങ് ജോഷി, കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്, ടിഎംസി എംപി അഭിഷേക് ബാനര്‍ജി, സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ്, മുന്‍ അംബാസഡർ മോഹൻ കുമാർ എന്നിവരും ഉൾപ്പെടുന്നു.