മനുഷ്യന്‍റെ ശാരീരിക വളർച്ചയിലും വികാസത്തിലും രാസ പ്രക്രിയകളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്‌ഡ് ഹോർമോൺ. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ആളുകളിൽ തൈറോയ്‌ഡ് സംബന്ധിച്ചുള്ള അസുഖങ്ങള്‍ വ്യാപകമായികൊണ്ടിരിക്കുകയാണ്.
സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു അസുഖമായിട്ടാണ് മുമ്പ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുരുഷന്മാർക്കും ഹൈപ്പർ അല്ലെങ്കിൽ ഹൈപ്പോ തൈറോയ്‌ഡ് ഒരുപോലെ വരുന്നുണ്ടെന്നാണ് വിദഗ്‌ധരുടെ റിപ്പേര്‍ട്ടുകള്‍ പറയുന്നത്.
ലോക തൈറോയ്‌ഡ് ദിനമായ ഇന്ന് തൈറോയ്‌ഡിനെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം.
എന്താണ് തൈറോയ്‌ഡ്? കഴുത്തിൻ്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്‌ഡ്. ഇത് ശരീരത്തിൻ്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. തൈറോയ്‌ഡ് ഗ്രന്ഥി ഹോർമോണുകളാണ് ശരീരത്തിന് ആവശ്യമായ തൈറോക്‌സിൻ (T4), ട്രയോഡോഥൈറോണിൻ (T3) എന്നിവ ഉത്പാദിപ്പിക്കുന്നത്. ഇവ മിക്കവാറും എല്ലാ അവയവ വ്യവസ്ഥകളെയും സ്വാധീനിക്കുന്നു.
ഹൃദയമിടിപ്പ്, ശരീര താപനില, ഊർജ നില, ഭാരം നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ തൈറോയ്‌ഡ് നിയന്ത്രിക്കുന്നുവെന്ന് സിംസ് ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വിനിത കൃഷ്‌ണൻ പറയുന്നു.
തൈറോയ്‌ഡിന്‍റെ പൊതുവായ ചില ലക്ഷണങ്ങള്‍: "തൈറോയ്‌ഡ് പ്രവർത്തന രഹിതമാകുമ്പോൾ (ഹൈപ്പോതൈറോയിഡിസം) അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുമ്പോൾ അത് ക്ഷീണം, ശരീരഭാരം കുറയൽ, ഉത്കണ്‌ഠ, ഹൃദയ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന്" ഡോ. കൃഷ്‌ണൻ പറയുന്നു. ജനിതക രോഗങ്ങൾ, ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ(രോഗപ്രതിരോധ രോഗങ്ങൾ), സമ്മർദ്ദം തുടങ്ങിയ നിരവധി ഘടകങ്ങൾ തൈറോയ്‌ഡ് പ്രശ്‌നങ്ങൾക്ക് കാരണമാകും. അതുപോലെ ഭക്ഷണക്രമവും ഒരുപോലെ പ്രധാന പങ്ക് വഹിക്കുന്നു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം: ചില പ്രത്യേക സാഹചര്യങ്ങളിൽ സസ്യാഹാരം കഴിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. "തൈറോയ്‌ഡിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഭക്ഷണക്രമം ഒരു പ്രധാന പരിഗണനയാണ്. മാംസം പതിവായി കഴിക്കുന്നതും ഇത്തരം അസുഖങ്ങള്‍ക്ക് കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകൾ, പ്രിസർവേറ്റീവുകൾ (കേടാകാതിരിക്കുവാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ), അഡിറ്റീവുകൾ(രുചി നിലനിർത്തുന്നതിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ), ആൻറിബയോട്ടിക് അവശിഷ്‌ടങ്ങൾ എന്നിവയാണ് അസുഖത്തിന് കാരണമാകുന്നത്.
ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിലെ ചീഫ് ഡയറ്റീഷ്യൻ വിജയശ്രീ പറയുന്നതനുസരിച്ച് സസ്യ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണക്രമം ലോകമെമ്പാടും പ്രചാരം നേടുന്നതായി നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ പ്രധാനമായും സസ്യാഹാരികളാണ് കൂടുതൽ. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് സസ്യാഹാരവും മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, തേൻ തുടങ്ങി എല്ലാ മൃഗ ഉൽപ്പന്നങ്ങളും ഒഴിവാക്കുന്ന ഒരു ഭക്ഷണ പദ്ധതിയായ വീഗൻ ഡയറ്റ് ഭക്ഷണക്രമവും ഗുണം ചെയ്യും.

"ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടെങ്കിലും, സ്ഥിരമായി സസ്യാഹാരം കഴിക്കുന്ന വ്യക്തികൾക്ക് സിങ്ക്, ഇരുമ്പ്, സെലിനിയം, വിറ്റാമിൻ ബി 12, അല്ലെങ്കിൽ അയോഡിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അളവ് വളരെ കുറവായിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ പോഷകങ്ങൾ തൈറോയ്‌ഡ് ഹോർമോൺ നിയന്ത്രണത്തിലും ഉൽപാദനത്തിലും ഉൾപ്പെട്ടിരിക്കുന്നു. ഇത് തൈറോയ്‌ഡ് ആരോഗ്യത്തെ ബാധിച്ചേക്കാം." വിജയശ്രീ പറയുന്നു.
മാത്രമല്ല അയഡിൻ ആവശ്യത്തിന് ലഭിക്കാതിരുന്നാൽ ഗോയിറ്റർ പോലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഡയറ്റീഷ്യൻമാർ പറയുന്നു. സ്ഥിരമായി സസ്യാഹാരം കഴിക്കുന്നവർ കോളിഫ്‌ളവർ, കാബേജ്, ബ്രോക്കോളി, സോയ തുടങ്ങിയവയ കഴിച്ചാൽ അയോഡിൻ്റെ ലഭ്യത കുറയുകയാണ് ചെയ്യുന്നത്.
സസ്യാഹാരത്തിനു പുറമേ പഞ്ചസാരയുടെ അമിതമായ ഉപയോഗം, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ എന്നിവ ഹോർമോൺ തകരാറുകൾക്കും രോഗങ്ങൾക്കും വഴിയൊരുക്കുന്നു. ഹൈപ്പോതൈറോയിഡിസത്തിൻ്റെ സാധ്യത കുറക്കാൻ സിങ്ക്, അയഡിൻ, സെലിനിയം, വിറ്റാമിൻ ബി 12 തുടങ്ങിയവ അടങ്ങിയ പോഷക സസ്യാഹാരങ്ങൾ ഉപയോഗിക്കാം.
കാലത്തിനനുസരിച്ച് ജീവിത ശൈലികളിലും ഭക്ഷണ രീതികളിലും പൂർണ്ണമായും മാറ്റങ്ങൾ വരുത്താതെ പോഷകസമൃദ്ധമായ ആഹാരക്രമത്തിലൂടെ ആരോഗ്യകരമായ ജീവിതത്തെയും തൈറോയ്‌ഡിനേയും നമുക്ക് സംരക്ഷിക്കാം. ഡോ. കൃഷ്‌ണൻ ഉപസംഹരിച്ചു.