കരള്‍ ആരോഗ്യകരമായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് കൊണ്ട് എല്ലാവര്‍ഷവും ഏപ്രില്‍ 19 നാം ലോക കരള്‍ ദിനമായി ആചരിക്കുന്നു. 'ഭക്ഷണമാണ് ഔഷധം' എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ പ്രമേയം. ജീവിത ശൈലി തന്നെയാണ് കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. കരളിനെ ബാധിക്കുന്ന എന്ത് പ്രശ്‌നവും ആദ്യം തെളിയുന്നത് കണ്ണുകളിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ വികാരങ്ങള്‍ മാത്രമല്ല കണ്ണ് വെളിപ്പെടുത്തുന്നത് മറിച്ച് നിങ്ങളുടെ കരളിന്‍റെ ആരോഗ്യവും കണ്ണില്‍ നിന്ന് വായിച്ചെടുക്കാം. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്ന അവയവമാണ് കരള്‍. ഇതിന് പുറമെ കരള്‍ ദഹനത്തിന് സഹായിക്കുന്ന പിത്തരസങ്ങള്‍ ഉത്പാദിപ്പിക്കുകയും പോഷകങ്ങളെ സംഭരിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അസുഖം ഗുരുതരമാകും വരെ അത് കരളിനെ ബാധിക്കില്ലെന്ന് ആര്‍ട്ടമീസ് ആശുപത്രിയിലെ നേത്രരോഗവിഭാഗം തലവന്‍ ഡോ.വിശാല്‍ അറോറ പറയുന്നു. എന്നാല്‍ കരള്‍ അപകടത്തിലായാല്‍ നിങ്ങളുടെ കണ്ണുകള്‍ ചില സൂചനകള്‍ നേരത്തെ തന്നെ നല്‍കിത്തുടങ്ങും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
കണ്ണുകളുടെ നിറം മഞ്ഞയാകുക
കരളിന് പ്രശ്‌നമുണ്ടെന്നതിന്‍റെ ആദ്യ സൂചനയാണ് മഞ്ഞപ്പിത്തം. ഇതിന്‍റെ സൂചനയായി കണ്ണിലെ വെള്ളഭാഗം മഞ്ഞയായി മാറുന്നു. ബിലിറൂബിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാതെ വരുമ്പോഴാണ് പലപ്പോഴും മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരള്‍ ബിലിറൂബിനെ അരിച്ച് രക്തത്തില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്നാല്‍ പ്രവര്‍ത്തനം തടസപ്പടുമ്പോള്‍ കരളിന് ഇത് സാധ്യമാകാതെ വരുകയും ബിലിറൂബിന്‍റെ സാന്നിധ്യം രക്തത്തിലുണ്ടാകുകയും ചെയ്യുന്നു.

ഇത് നിങ്ങളുടെ ശരീരത്തിനും കണ്ണിനും മഞ്ഞ നിറം നല്‍കുന്നുവെന്നും ഡോ.അറോറ ചൂണ്ടിക്കാട്ടുന്നു. മഞ്ഞപ്പിത്തം-ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരളിലെ അര്‍ബുദം തുടങ്ങിയവയുടെയും സൂചനയാകാം. അത് കൊണ്ട് തന്നെ കണ്ണിലെ നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ ഡോക്‌ടറുടെ സഹായം തേടേണ്ടതാണ്.
വിറ്റാമിന്‍ എയുടെ കുറവ് മൂലമുണ്ടാകുന്ന കാഴ്‌ച വൈകല്യങ്ങള്‍
വിറ്റമിന്‍ എയെ വിഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കരളിനുള്ളത്. ആരോഗ്യകരമായ കാഴ്‌ചയ്ക്ക് ഏറെ അത്യന്താപേക്ഷിതമായ ഘടകമാണ് വിറ്റാമിന്‍ എ. കരളിന്‍റെ പ്രവര്‍ത്തനം തടസപ്പെടുമ്പോള്‍ ഇത് വിറ്റാമിന്‍ എയുടെ അഭാവത്തിന് കാരണമാകുന്നു. ഇത് കാഴ്‌ച മങ്ങലിലേക്കും നിശാന്ധയിലേക്കും മറ്റ് കാഴ്‌ച പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കാം.

വിറ്റാമിന്‍ എയുടെ അപര്യാപ്‌തത പ്രകാശത്തിലെ മാറ്റങ്ങളോട് പ്രതികരിക്കാനുള്ള കണ്ണിന്‍റെ കഴിവിനെയും നശിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കരളിന് വിറ്റാമിനുകളെ ഫലപ്രദമായി സംഭരിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന് തിരിച്ചറിയണമെന്നും ഡോ.അറോറ മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണിലെ ചൊറിച്ചിലും വരള്‍ച്ചയും
ആരോഗ്യകരമായ കരള്‍ ശരീരത്തിലെ ദ്രവാംശം ആരോഗ്യകരമായി നിലനിര്‍ത്തുന്നു. കരളിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശരീരത്തിലെ ദ്രവങ്ങളുടെ അളവിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഇത് ശരീരം വരണ്ടതാക്കുകയും കണ്ണുള്‍പ്പെടെ വിവിധ ശരീരഭാഗങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യുന്നു. വരണ്ട കണ്ണുകള്‍ അസ്വസ്ഥതയ്ക്കും ചുവപ്പിനും മറ്റും കാരണമാകുന്നു. കണ്ണിന്‍റെ ചൊറിച്ചിലും നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെയും ഇതിന് ശരിയായി വിഷാംശങ്ങള്‍ നീക്കം ചെയ്യാനാകുന്നില്ലെന്നതിന്‍റെയും സൂചനയാണ്.
എങ്ങനെ നിങ്ങളുടെ കരളും കണ്ണും കാക്കാം?
നിങ്ങളുടെ കരളിനെ ആരോഗ്യകരമായി സൂക്ഷിക്കുക എന്നത് പരമ പ്രധാനമാണ്. ഇത് കേവലം ഭക്ഷണം ദഹിപ്പിക്കാനോ ശരീരത്തിലെ വിഷവസ്‌തുക്കള്‍ പുറന്തള്ളാനോ മാത്രമല്ല മറിച്ച് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടിയും അത്യന്താപേക്ഷിതമാണ്.
കണ്ണും കരളും കാക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ
- സമീകൃതമായ ആഹാര ക്രമം തന്നെയാണ് ഇതിന് അത്യാന്താപേക്ഷിതം. പച്ചില വര്‍ഗങ്ങള്‍, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, മഞ്ഞള്‍, പഴങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു. അതേസമയം വറുത്തതും സംസ്‌കരിച്ചതും ഉയര്‍ന്ന അളവില്‍ പഞ്ചസാര കലര്‍ന്നതുമായ ഭക്ഷണങ്ങള്‍ കരളിനെ അപകടത്തിലാക്കാം. ഇവയിലെ ഉയര്‍ന്ന കൊഴുപ്പും വിഷാംശങ്ങളും ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം.

- ധാരാളം വെള്ളം കുടിക്കേണ്ടതും കരളിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിലൂടെ കരളില്‍ അടിഞ്ഞ് കൂടുന്ന വിഷാംശങ്ങളും മാലിന്യങ്ങളും ഫലപ്രദമായി പുറന്തള്ളാനാകുന്നു. ഇത് കേവലം കരളിനെ മാത്രമല്ല ആരോഗ്യകരമാക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
- അമിത മദ്യപാനവും പുകവലിയും കരളിന്‍റെ കോശങ്ങളെ നശിപ്പിക്കുകയും ഇത് ഗുരുതര കരള്‍ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
- അമിത വണ്ണവും കരള്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അമിതമായി കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നു. ഇത് നെഞ്ചെരിച്ചില്‍ അടക്കമുള്ളവയ്ക്ക് കാരണമാകുകയും ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര കരള്‍ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
- കൃത്യമായ ഇടവേളകളില്‍ കരള്‍ പരിശോധനകള്‍ നടത്തുന്നത് കാലേകൂട്ടി രോഗമറിയാന്‍ സഹായകമാകും.