ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുകയും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇന്ന് വൃക്കയിലെ അർബുദം അഥവാ കിഡ്‌നി കാൻസർ കൂടുതലായി കണ്ടുവരാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന കിഡ്‌നി കാൻസർ 50 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.
കിഡ്‌നി കാൻസർ പിടിപെടാനുള്ള കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ പുകവലി, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഡയാലിസിസ്, കുടുംബ ചരിത്രം, ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുകയും രോഗനിർണയം വെല്ലുവിളി നിറഞ്ഞതാക്കുകയും ചെയ്യും. കിഡ്‌നി കാൻസറിന്‍റെ സാധാരണ ലക്ഷണങ്ങൾ, രോഗനിർണയ മാർഗങ്ങൾ എന്നിവ എന്തൊക്കെയെന്ന് അറിയാം.
കിഡ്‌നി കാൻസറിന്‍റെ ലക്ഷണങ്ങൾ
- മൂത്രത്തിൽ രക്തം ഇടയ്ക്കിടെ രക്തം കാണപ്പെടുക. പിങ്ക്, ചുവപ്പ്, തവിട്ട് എന്നിവങ്ങനെ മൂത്രത്തിലെ നിറവ്യത്യസവും കിഡ്‌നി കാൻസറിന്‍റെ ഒരു ലക്ഷണമാണ്. മറ്റ് രോഗങ്ങളുടെ ഭാഗമായും മൂത്രത്തിൽ നിറ വ്യത്യാസം കണ്ടേക്കാം.
- കഠിനമായ നടുവേദന കിഡ്‌നി കാൻസറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. വിട്ടുമാറാത്ത പാർശ്വ വേദനയും അനുഭവപ്പെടാം.
- അടിവയറ്റിലോ വൃക്ക ഭാഗത്തോ കാണപ്പെടുന്ന മുഴയും കിഡ്‌നി കാൻസറിന്‍റെ ലക്ഷണമാകാം.
- പെട്ടന്ന് അകാരണമായി ശരീരഭാരം കുറയുന്നത് മറ്റൊരു സൂചനയാണ്.
- കിഡ്‌നി കാൻസറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ക്ഷീണവും ബലഹീനതയും.
- നേരിയ തോതിലുള്ള പനിയും ഒരു സൂചനയാണ്.
- ഉയർന്ന രക്തസമ്മർദ്ദം ഇതിന്‍റെ ഒരു ലക്ഷണവുമാകാം.
- കാലുകളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കം കിഡ്‌നി കാൻസറിന്‍റെ ഭാഗമായി ഉണ്ടാകുന്ന ഒരു ലക്ഷണമാണ്.
- കിഡ്‌നി കാൻസർ ബാധിച്ചവരിൽ വിശപ്പില്ലായ്‌മ ഒരു സാധാരണ ലക്ഷണമാണ്.
- ഇതിന്‍റെ മറ്റൊരു സൂചനയാണ് വിളർച്ച. ശ്വാസതടസം, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളിലേക്കും ഇത് നയിച്ചേക്കാം.
കിഡ്‌നി കാൻസർ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍
- മൂത്ര പരിശോധന
- രക്തപരിശോധനകൾ
- സിടി സ്‌കാൻ
- എംആർഐ
- അൾട്രാസൗണ്ട്
- റീനൽ മാസ് ബയോപ്‌സി
ചികിത്സ
രോഗത്തിന്‍റെ ഘട്ടം, വ്യാപ്‌തി, രോഗിയുടെ അവസ്ഥ എന്നിവയ്ക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്. ശസ്ത്രക്രിയ (വൃക്ക ഭാഗികമായോ പൂർണ്ണമായോ നീക്കംചെയ്യൽ), ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയെല്ലാമാണ് പ്രധാന ചികിത്സാ മാർഗങ്ങൾ.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും വൈദ്യോപദേശം തേടേണ്ടത് നിർണായകമാണ്.
അവലംബം: https://www.kidney.org/kidney-topics/kidney-cancer
Also Read : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; എല്ലുകളിലെ കാൻസറിന്‍റെ സൂചനയാകാം.