ആരോഗ്യകരമായ ശരീരം നിലനിർത്താൻ വിവിധ തരത്തിലുള്ള പോഷകങ്ങൾ ആവശ്യമാണ്. വിറ്റാമിനുകൾ, ഫൈബർ, കാത്സ്യം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം ശരീരത്തിന്‍റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യത്തിന്‍റെ പങ്ക് വളരെ വലുതാണ്. പേശികൾ, ഞരമ്പുകൾ, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും മഗ്നീഷ്യം കൂടിയേ തീരൂ. മഗ്നീഷ്യത്തിന്‍റെ അഭാവം പഞ്ചസാരയോട് ആസക്തി, തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്‌ഠ, ക്ഷീണം, എല്ലുകളുടെ ബലക്കുറവ് എന്നീ അവസ്ഥയ്ക്ക് കാരണമാകും. ശരീരത്തിൽ ആവശ്യമായ മഗ്നീഷ്യം ലഭിക്കുന്നത് ഭക്ഷണങ്ങളിലൂടെയാണ്. അതിനാൽ ഡയറ്റിൽ ഇത് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. മഗ്നീഷ്യം സമ്പുഷ്‌ടമായി അടങ്ങിയിട്ടുള്ള ചില നട്‌സുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ബദാം
മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒരു നട്‌സാണ് ബദാം. ഒരു പിടി ബദാമിൽ ഏകദേശം 80 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ ഇത് സഹായിക്കും.
കശുവണ്ടി
കശുവണ്ടിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 28 ഗ്രാം കശുവണ്ടിയിൽ 82 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി പച്ചയായോ വറുത്തോ സലാഡുകൾ, സ്‌മൂത്തികൾ എന്നിവയിൽ ചേർത്തോ കഴിക്കാം.
വാൾനട്‌സ്
ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട്സ്. 28 ഗ്രാം വാൽനട്‌സിൽ നിന്നും ഏകദേശം 45 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടം കൂടിയാണിത്. പതിവായി വാൾനട്‌സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തെ പിന്തുണയ്ക്കും.
ബ്രസീൽ നട്‌സ്
മഗ്നീഷ്യത്തിന്‍റെ സമ്പുഷ്‌ട ഉറവിടമാണ് ബ്രസീൽ നട്‌സ്. പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, സെലീനിയം എന്നിവയും ബ്രസീൽ നട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു പിടി ബ്രസീൽ നട്‌സിൽ ഏകദേശം 107 മില്ലിഗ്രാം മഗ്നീഷ്യമാണുള്ളത്. കലോറി കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുറഞ്ഞ അളവിൽ മാത്രമേ ഇത് കഴിക്കാവൂ.
ഹാസൽനട്ട്സ്
പോഷകസമൃദ്ധവും രുചികരവുമായ ഒരു നട്‌സാണ് ഹാസൽനട്. മഗ്നീഷ്യത്തിന്‍റെ മികച്ചൊരു സ്രോതസാണിത്. ഉയർന്ന അളവിൽ ആന്‍റി ഓക്‌സിഡന്‍റുകൾ, പ്രോട്ടീൻ, നാരുകൾ. വിറ്റാമിൻ ഇ, ഫോളേറ്റ് തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മഗ്നീഷ്യം കുറവാണോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ