ഇക്കാലത്ത് ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് പലവിധത്തിലുള്ള രോഗങ്ങളും പിടിപെടുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളാകാം ഇതിനു കാരണം. എന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ ചെറുപ്പത്തില്‍ തന്നെ ഇത്തരം രോഗങ്ങള്‍ ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കും. അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് ഓട്ടിസം സ്പെക്‌ട്രം. ഇന്ന് മിക്ക കുട്ടികളിലും ഈ രോഗാവസ്ഥ കണ്ടുവരുന്നു. കുട്ടികള്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പ്രകടമാക്കുമ്പോള്‍ ഇത് മാതാപിതാക്കള്‍ക്ക് തിരിച്ചറിയാൻ സാധിച്ചാല്‍ വളരെ വേഗത്തില്‍ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താം.
എന്താണ് ഓട്ടിസം?
ഇതൊരു രോഗമല്ല, മറിച്ച് രോഗവസ്ഥയാണ്. കുട്ടികളും മുതിർന്നവരും സാമൂഹിക സാഹചര്യങ്ങളോടും ചുറ്റുമുള്ള ലോകത്തോടും എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതും പ്രതികരിക്കുന്നു എന്നതും ന്യൂറോ ഡെവലപ്‌മെന്‍റല്‍ കണ്ടീഷനെ ആശ്രയിച്ചാണിരിക്കുന്നത്. ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (ASD) അല്ലെങ്കിൽ ഓട്ടിസം എന്നത് അത്തരമൊരു നാഡീ വികാസ സംബന്ധമായ അവസ്ഥയാണ്. ഓരോ കുട്ടിയിലും വ്യത്യസ്‌ത രീതികളിൽ ഈ അവസ്ഥ കാണപ്പെടുന്നതിനാലാണ് ഇതിനെ 'സ്പെക്‌ട്രം എന്ന് വിളിക്കുന്നത്.
ഫെർണാണ്ടസ് ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍ററിലെ ഡെവലപ്മെന്‍റൽ പീഡിയാട്രീഷ്യനും ക്ലിനിക്കൽ ഹെഡുമായ ഡോ. ദേദീപ്യ പുസ്‌കൂർ വിശദീകരിക്കുന്നത്, ഓസ്റ്റിസം ഒരു രോഗമല്ലെന്നും മറിച്ച് ലോകത്തെ അനുഭവിക്കുന്നതിനുള്ള വ്യത്യസ്‌തമായ മാർഗമാണ് എന്നുമാണ്. ഓട്ടിസത്തെ നേരത്തെ തിരിച്ചറിയുന്നത് ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ കാര്യമായ മാറ്റമുണ്ടാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തങ്ങളുടെ കുട്ടിയില്‍ എന്തോ 'വ്യത്യാസം' തോന്നുന്നുകയും അത് എന്താണെന്ന് മനസിലാകാത്തതുമായ നിരവധി കുടുംബങ്ങളെ താൻ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ കുട്ടിക്ക് വേണ്ട സഹായം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് എന്ന് ഡോ. പുസ്‌കൂർ പറയുന്നു.
നിങ്ങളുടെ കുട്ടി സ്പെക്‌ട്രത്തിലാണോ?
ഒരു ഡെവലപ്മെന്‍റൽ പീഡിയാട്രീഷ്യനെ കാണുന്നതാണ് എഎസ്‌ഡി നിർണയിക്കാനുള്ള കൃത്യമായ ഏക മാർഗമെന്ന് ഡോ. പുസ്‌കൂർ പറയുന്നു. എന്നാല്‍ ചില ആദ്യകാല ലക്ഷണങ്ങൾ മാതാപിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ കുട്ടികളില്‍ ആദ്യ രണ്ട് വർഷങ്ങളിലായി പ്രകടമാകാറുണ്ട്. എന്നാല്‍ ഇവ വളരെ സൂക്ഷ്‌മമായിരിക്കുമെന്നും ഡോക്‌ടര്‍ പറയുന്നു. മൂന്ന് വയസിനുള്ളില്‍ തന്നെ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇതാ:
- കുഞ്ഞ് മറ്റുള്ളവരുടെ കണ്ണിലേക്ക് നോക്കാതിരിക്കുക
- മാതാപിതാക്കളോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പംകാണിക്കുകയോ, പരിചയത്തോടെ ചിരിക്കുകയോ ഇല്ല
- പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക
- നേരത്തെ ഉപയോഗിച്ച വാക്കുകൾ മറക്കുക
- വൈകിയുള്ള സംസാരം
- ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയും
- കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കില്ല
- പ്രായത്തിനനുസരിച്ചുള്ള ആംഗ്യങ്ങളുടെ അഭാവം (ചൂണ്ടികാണിക്കുക, കൈ വീശുക അല്ലെങ്കിൽ വസ്‌തുക്കൾ തൊട്ട് കാണിക്കുക പോലുള്ളവ)
- ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും പ്രകടമാകും
- ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും
- നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികള്‍ ഇവരില്‍ കാണാം
- ചില വസ്‌തുക്കളിലും കളിപ്പാട്ടങ്ങളുടെ ഭാഗങ്ങളിലും അസാധാരണമായ താത്പര്യം ( കറങ്ങുന്ന ചക്രങ്ങളിലെന്ന പോലെ)
- ശബ്‌ദം, സ്‌പർശനം അല്ലെങ്കിൽ ദിനചര്യയിലെ മാറ്റം എന്നിവയോടുള്ള ശക്തമായ പ്രതികരണങ്ങൾ
- കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ഒറ്റയ്ക്കായിരിക്കാൻ താത്‌പര്യപ്പെടല്‍
മേല്‍ പരാമർശിച്ച എല്ലാ ലക്ഷണങ്ങളും എല്ലാ കുട്ടികള്‍ക്കും പ്രകടമാകണമെന്നില്ല. ചിലപ്പോള്‍ ഒരു ലക്ഷണമോ ഒന്നിലധികം ലക്ഷണങ്ങളോ ആകാം. സാധാരണ നിലയില്‍ വളര്‍ന്ന് വരുന്ന കുട്ടികളിലും ഈ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അല്ലെങ്കിൽ എന്തെങ്കിലും വ്യത്യാസം തോന്നിയാൽ നിങ്ങള്‍ക്ക് ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കാമെന്ന് ഡോ. പുസ്‌കൂർ നിർദേശിക്കുന്നു.
എന്‍റെ കുട്ടി ഇപ്പോൾ സ്പെക്‌ട്രത്തിലാണ്, ഞാൻ എന്തുചെയ്യണം?
രോഗം കണ്ടെത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ ഈ രോഗാവസ്ഥയെ മാറ്റിയെടുക്കാം. എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ എത്രയും വേഗം ഒരു സ്പെഷ്യലിസ്റ്റിനെയോ ശിശുരോഗ വിദഗ്ദ്ധനെയോ ബന്ധപ്പെടണമെന്ന് ഡോ. പുസ്‌കൂർ നിർദേശിക്കുന്നു.
ചികിത്സയിൽ ഇവ ഉൾപ്പെടാം:
- സംസാര, ഭാഷാ തെറാപ്പി
- സെൻസറി പ്രോസസിങ്ങിനെയും മോട്ടോർ കഴിവുകളെയും പിന്തുണയ്ക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി
- ആശയവിനിമയം, സാമൂഹിക, പഠന കഴിവുകൾ തുടങ്ങിയവ വളർത്തിയെടുക്കാൻ സഹായിക്കുന്ന ബിഹേവിയര്‍ തെറാപ്പി
- മറ്റുള്ളവരുമായുള്ള ഇടപഴകലും ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിന് ഗെയിമുകള്‍ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ
- മാതാപിതാക്കളുടെ പരിശീലനവും പിന്തുണയും ഇതിലെല്ലാമുപരി നിർണായകമാണ്
കുട്ടിക്ക് എന്തെങ്കിലും രോഗാവസ്ഥ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. കൃത്യമായ ചികിത്സ നല്‍കി ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും നല്ലൊരു ഡോക്‌ടറെ കണ്ട് ചികിത്സ ഉറപ്പാക്കണമെന്നും മാതാപിതാക്കളോട് ഡോ. പുസ്‌കൂർ അഭ്യര്‍ഥിച്ചു.