ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് കാത്സ്യം. നാഡീ പ്രവർത്തനം നിയന്ത്രിക്കാനും എല്ലുകളെയും പല്ലുകളെയും ആരോഗ്യത്തോടെ നിലനിർത്താനും കാത്സ്യം ആവശ്യമാണ്. കുട്ടികളിൽ എല്ലുകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും മുതിർന്നവരിൽ എല്ലുകളെ ശക്തമായി നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും പ്രധാന പങ്ക് വഹിക്കുന്നവയാണിത്.
ഹൃദയപേശികൾ ഉൾപ്പെടെയുള്ള പേശികൾ ചുരുങ്ങാനും വിശ്രമിക്കാനും വളരെയധികം സഹായിക്കുന്ന ധാതുവാണിത്. ശരീരത്തിൽ ആവശ്യത്തിന് കാത്സ്യം ഇല്ലെങ്കിൽ കുട്ടികളിൽ വളർച്ച മുരടിപ്പ്, അസ്ഥി വൈകല്യങ്ങൾ തുടങ്ങിയവയ്ക്കും മുതിർന്നവരിൽ ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും. പേശിവലിവ്, മരവിപ്പ്, ഇക്കിളി, ക്രമരഹിതമായ ഹൃദയമിടിപ്പ്, അസ്ഥി വേദന തുടങ്ങിയ അവസ്ഥകളിലേക്കും ഇത് നയിക്കും.
ചിയ വിത്തുകൾ
കാത്സ്യത്തിന്‍റെ സമ്പന്ന ഉറവിടമാണ് ചിയ വിത്തുകൾ. രണ്ട് ടേബിൾ സ്‌പൂൺ ചിയ വിത്തുകളിൽ ഏകദേശം 179 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവയും ഇതിൽ ധാരാളമുണ്ട്. തൈരിലോ, സ്‌മൂത്തികളിലോ ഓട്‌സ് മീലുകളോ ചിയ വിത്തുകൾ ചേർത്ത് കഴിക്കാം.
ബദാം
കാത്സ്യത്തിന്‍റെ മറ്റൊരു ഉറവിടമാണ് ബദാം. 100 ഗ്രാം ബദാമിൽ ഏകദേശം 264 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയും ഇതിൽ ഉയർന്ന അളവിലുണ്ട്. ദിവസേന ഒരു ചെറിയ പിടിയോളം ബദാം കഴിക്കുന്നത് ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും.
എള്ള്
കാത്സ്യം, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ സമ്പുഷ്‌ട സ്രോതസാണ് എള്ള്. ഒരു ടേബിൾ സ്‌പൂൺ എള്ളിൽ ഏകദേശം 88 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് തടുങ്ങിയവയും ഇതിൽ ധാരാളമുണ്ട്. ഇവയെല്ലാം ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
ടോഫു
സോയയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് ടോഫു. ഇത് കാത്സ്യത്തിന്‍റെ സമ്പന്ന ഉറവിടമാണ്. അര കപ്പ് ടോഫുവിൽ ഏകദേശം 350 മില്ലിഗ്രാം കാത്സ്യമാണ് അടങ്ങിയിട്ടുള്ളത്.
സാൽമൺ
ടിന്നിലടച്ച സൽമാനിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. 454 ഗ്രാം ടിന്നിലടച്ച സാൽമണിൽ ഏകദേശം 967 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പ്രോട്ടീൻ, വിറ്റാമിൻ ബി 12, സെലിനിയം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങളും സാൽമണിൽ അടങ്ങിയിട്ടുണ്ട്.
അമരന്ത്
ഒരു കപ്പ് പാകം ചെയ്‌ത അമരന്തിൽ 116 മില്ലിഗ്രാമോളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയുടെ സമ്പുഷ്‌ട ഉറവിടം കൂടിയാണിത്. സൂപ്പ്, ധാന്യങ്ങൾ, സാലഡുകൾ എന്നിവയോടൊപ്പം കഴിക്കാനും അനുയോജ്യമാണ് അമരന്ത്.
അത്തിപ്പഴം
നാരുകളാൽ സമ്പന്നമായ അത്തിപ്പഴം കാത്സ്യത്തിന്‍റെ കൂടെ മികച്ച ഉറവിടമാണ്. ഒരു കപ്പ് ഉണങ്ങിയ അത്തിപ്പഴത്തിൽ ഏകദേശം 241 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകളും ഇതിൽ ഉയർന്ന അളവിലുണ്ട്. ലഘുഭക്ഷണമായും സ്‌മൂത്തികളിൽ ചേർത്തും ഇത് കഴിക്കാം.
വെളുത്ത പയർ
ഒരു കപ്പ് വെളുത്ത പയറിൽ ഏകദേശം 161 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയുയുടെ മികച്ച ഉറവിടം കൂടിയാണിത്. സൂപ്പുകൾ, സ്റ്റ്യൂകൾ, സാലഡുകൾ എന്നിവയിൽ വെളുത്ത പയർ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
തൈര്
കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് തൈര്. ഒരു കപ്പ് തൈരിൽ 415 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായി തൈര് കഴിക്കുന്നത് അവശ്യ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഇതാ