ദിനംപ്രതി ഫാറ്റി ലിവർ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞ കൂടുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് ലിവറിന്‍റെ പ്രവർത്തനത്തെ ബാധിക്കും. ജീവിതശൈലി, പോഷകകുറവ് തുടങ്ങിയവയെല്ലാമാണ് ഫാറ്റി ലിവർ രോഗ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. കരളിനെ കൊഴുപ്പ് കുറയ്ക്കാൻ പ്രകൃതിദത്തമായ ചില പാനീയങ്ങൾ കുടിക്കുന്നത് ഫലപ്രദമാണ്. കരളിനെ ശുദ്ധീകരിക്കാനും, കൊഴുപ്പ് രാസവിനിമയം വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും ഇത് ഗുണം ചെയ്യും. കരളിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഈ പാനീയങ്ങൾ കുടിക്കുന്നത് ഗുണകരമാണ്. അത്തരത്തിലുള്ള ചില പാനീയങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഇഞ്ചി ചായ
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ജിഞ്ചറോൾ കൊഴുപ്പ് കത്തിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കും. കരളിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കാനും വിഷാംശം നീക്കം ചെയ്യാനും ഇത് ഗുണം ചെയ്യും. കൊഴുപ്പ് രാസവിനിമയം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ കരളിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കരളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ ഇത് ഫലം ചെയ്യും.
കറ്റാർവാഴ ജ്യൂസ്
പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. വീക്കം കുറയ്ക്കാനും കൊഴുപ്പ് വിഘടിപ്പിക്കാനും ഇത് ഗുണകരമാണ്. കരളിനെ സുഖപ്പെടുത്താനും വിഷവിമുക്തമാക്കാനും ദഹനം മെച്ചപ്പെടുത്താനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
നാരങ്ങ വെള്ളം
നാരങ്ങയിൽ വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ വിഷവിമുക്തമാക്കാനും കൊഴുപ്പ് രാസവിനിമയം മെച്ചപ്പെടുത്താനും സഹായിക്കും. കരളിലെ കൊഴുപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സി, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ നെല്ലിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. കരളിനെ വിഷവിമുക്തമാക്കാനും ഇത് സഹായിക്കും. ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണം ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസിൽ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഫലങ്ങളുണ്ടെന്ന് ഫുഡ് & ഫംഗ്ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. വിറ്റാമിൻ സി, ബീറ്റാലൈൻ എന്നീ ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്‌ടവുമാണിത്. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. മൊത്തത്തിലുള്ള കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഈ പാനീയങ്ങൾ കുടിക്കാറിണ്ടോ ? എങ്കിൽ കരളിന്‍റെ കാര്യം പോക്കാ!