ക്യാൻസറിന്‍റെ പ്രാരംഭ ഘട്ടത്തിൽ പൊതുവെ ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. എന്നാൽ പതിവായി കൊളോനോസ്കോപ്പി സ്ക്രീനിങ് ചെയ്യുന്നതിലൂടെ വൻകുടൽ, മലാശയം എന്നിവിടങ്ങളിൽ വളരാൻ സാധ്യതയുള്ള ക്യാൻസറിനെ നേരത്തെ തിരിച്ചറിയാൻ സാധിക്കും. നേരത്തെ അറിയാതെ പോകുന്നതാണ് ഏതൊരു ക്യാൻസറിനെയും സങ്കീർണമാക്കുന്നത്. അതിനാൽ വർഷത്തിൽ ഒരു തവണയെങ്കിലും കൊളോനോസ്കോപ്പി സ്ക്രീനിങ് നടത്തുന്നത് നല്ലതാണ്. പ്രത്യേകിച്ചും നിങ്ങളൊരു പ്രമേഹം രോഗിയാണെങ്കിൽ. കാരണം പ്രമേഹ രോഗികളിൽ വൻകുടൽ ക്യാൻസർ സാധ്യത കൂടുതലാണെന്നാണ് ഈ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്.
പ്രമേഹമില്ലത്ത ഒരാളെ അപേക്ഷിച്ച് പ്രമേഹമുള്ളവരിൽ വൻകുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത 47 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. 2023 നവംബറിൽ ജെ എ എം എ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇത് തെളിയിച്ചത്. 2002 മുതൽ 2009 വരെയുള്ള കാലയളവിൽ ശേഖരിച്ച ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. 12 തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശരാശരി 51 വയസ് പ്രായമുള്ള 55,000 പ്രമേഹ ബാധിതരുടെ ടാറ്റയാണ് പഠനത്തിന് വിധേയമാക്കിയത്.
2018 വരെ ഇവരുടെ ആരോഗ്യ വിവരങ്ങൾ മൂന്ന് ഫോളോ-അപ്പ് സർവേകളിലൂടെ ഗവേഷകർ പിന്തുടർന്നിരുന്നു. കൊളോനോസ്കോപ്പി സ്ക്രീനിംഗിന് വിധേയരാകാത്ത പ്രമേഹ രോഗികളിൽ വൻകുടൽ ക്യാൻസർ വളരാനുള്ള സാധ്യത സ്ക്രീനിംഗിന് വിധേയരാകുന്നവരേക്കാൾ ഇരട്ടിയാണ്. മാത്രമല്ല പുകവലിക്കുന്ന പ്രമേഹ രോഗികളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ 5 വർഷത്തിനിടെ പ്രമേഹം ബാധിച്ചവരിൽ വൻ കുടൽ ക്യാൻസർ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. വൻകുടൽ ക്യാൻസർ കണ്ടുപിടിക്കുന്നതിനായി ശരാശരി 45 വയസ് മുതൽ സ്ക്രീനിംഗ് ആരംഭിക്കണമെന്നാണ് ഗവേഷകർ ശുപാർശ ചെയ്യുന്നത്. എന്നാൽ ചെറിയ പ്രായത്തിലെ പ്രമേഹമുള്ളവർ കൊളോനോസ്കോപ്പി സ്ക്രീനിംഗിന് നേരത്തെ ആരംഭിക്കണമെന്നും പഠനം പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മദ്യപിക്കുന്ന പ്രമേഹ രോഗിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വന്‍ അപകടം, അറിയേണ്ടതെല്ലാം