ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്‍റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ വ്യായാമത്തിന്‍റെ പങ്ക് വളരെ വലുതാണ്. പണചെലവില്ലാതെ എപ്പോൾ എവിടെ വച്ചും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യായാമമാണ് നടത്തം. അതുകൊണ്ട് തന്നെ നടത്തം ശീലമാക്കിയവർ നിരവധിയാണ്. എന്നാൽ നടത്തത്തിന് മുമ്പ് വാം അപ്പ് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം പലർക്കുമറിയില്ല. ശാരീരിക പ്രവർത്തനങ്ങൾക്കായി ശരീരത്തെ സജ്ജമാക്കുക എന്നതാണ് വാം അപ്പിന്‍റെ ലക്ഷ്യം.
നടത്തത്തിന് മുമ്പ് വാം അപ്പ് ചെയ്യുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും പേശികളെ സജീവമാക്കാനും സഹായിക്കും. പേശികളുടെ വഴക്കം മെച്ചപ്പെടുത്താനും സന്ധികളുടെ ചലനശേഷി വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. വാം അപ്പ് വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. പേശികളുടെ കാര്യക്ഷമത വർധിപ്പിക്കാനും പേശികളെ ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. മാത്രമല്ല കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ സമ്മർദം തടയാനും ഇത് ഫലപ്രദമാണ്.
പരിക്കുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിൽ വാം അപ്പ് നിർണായക പങ്ക് വഹിക്കുന്നു. വാം അപ്പ് ചെയ്യുമ്പോൾ ശരീര താപനില ഉയരുകയും പേശികളെ കൂടുതൽ ബലമുള്ളതാക്കുകയും ചെയ്യും. ഉളുക്കൽ പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. വാം അപ്പ് ഹാപ്പി ഹോർമോണായ എൻഡോർഫിനുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മൊത്തത്തിലുള്ള മാനസികാവസ്ഥയെ പിന്തുണയ്ക്കാനും വാം അപ്പ് ചെയ്യുന്നത് ഗുണകരമാണ്.
എത്ര സമയം വാം അപ്പ് ചെയ്യണം
വ്യായാമം, നടത്തം എന്നിവയ്ക്ക് മുമ്പ് കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും വാം അപ്പ് ചെയ്യണം. ഓക്‌സിജൻ വിതരണം 20 മുതൽ 30 ശതമാനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. മൊത്തത്തിലുള്ള വ്യായാമം ആരോഗ്യകരമാക്കാനും വ്യായാമ ശേഷി വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും. എന്നാൽ വാം അപ്പ് അമിതമാകാനും പാടില്ല. ഇത് വ്യായാമത്തെ ബാധിച്ചേക്കാം.
നടത്തം കൂടുതൽ ഫലപ്രദമാക്കാൻ ശ്രദ്ധിക്കേണ്ടവ
പതിയെ നടക്കുന്നതിന് പകരം 30-40 മിനിറ്റ് വേഗതിയിലുള്ള നടത്തം ലക്ഷ്യമിടുക. 15 മിനിറ്റിന് ശേഷം വേഗത കുറച്ച് റിലാക്‌സായി നടക്കുക. ഇത് ആവർത്തിക്കാം. ദിവസേനെ ഈ രീതിയിൽ നടന്നാൽ മാത്രമേ മികച്ച ഫലങ്ങൾ ലഭിക്കൂ. അതേസമയം ചെരിഞ്ഞ പാതയിലൂടെ നടക്കുന്നത് കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കും. മാത്രമല്ല നടത്തം കൂടുതൽ കഠിനമാക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ