ഒരു വീട് നിറയെ സംഗീതോപകരണങ്ങള്‍; റഹ്മാനും ഇളയരാജയും ഇഷ്‌ടപ്പെട്ട അപൂർവ വാദ്യോപകരണങ്ങളുടെ 'നിധിശേഖരം'
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങൾ ഇപ്പോൾ മാത്യൂസിൻ്റെ കൈയിൽ ഉണ്ട്. എ ആർ റഹ്മാനും ആർ ഡി ബർമനും ഇളയരാജക്കും ഇഷ്ടപ്പെട്ട നിരവധി സംഗീതോപകരണങ്ങൾ സ്വന്തമാക്കാൻ മാത്യൂസിന് സാധിച്ചു

By ETV Bharat Entertainment Team
Published : October 9, 2025 at 7:49 PM IST
അക്കി വിനായക്
ഒരു വീട് നിറയെ സംഗീതോപകരണങ്ങൾ. ഒരു മുൻനിര സംഗീതസംവിധായകൻ്റെ വീട്ടിൽ ഉള്ളതിനേക്കാൾ സംഗീതോപകരണങ്ങൾ തിരുവനന്തപുരത്തുകാരൻ മാത്യൂസിൻ്റെ വീട്ടിലുണ്ട്. ചെറുപ്പം മുതൽ തന്നെ മാത്യൂസിന് സംഗീതത്തോട് കമ്പം തോന്നിത്തുടങ്ങിയിരുന്നു. ശാസ്ത്രീയമായി പഠിക്കാൻ സാധിച്ചില്ല. എന്ന് കരുതി ആഗ്രഹം ഒരു ഭാഗത്ത് ഉപേക്ഷിക്കാൻ മാത്യൂസ് തയ്യാറായില്ല. പഠനകാലത്താണ് മാത്യൂസിന് സംഗീതമാണ് ജീവിതം എന്ന പൂർണ ബോധ്യമുണ്ടാകുന്നത്. ഗായകരായ ജി വേണുഗോപാൽ, ജി ശ്രീറാം, ശ്രീനിവാസ് തുടങ്ങിയവരുടെ ബാച്ച് മേറ്റ് ആയിരുന്നു മാത്യൂസ്. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പ്രചോദനം തന്നെയാണ് മാത്യൂസിനെ സംഗീത ലോകത്ത് ചുവടുറപ്പിച്ച് നിർത്താൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ 35 വർഷമായി മാത്യൂസിന് സംഗീതത്തെ മാറ്റി നിർത്തിയുള്ള ജീവിതമില്ല. പ്രശസ്ത സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്റർ, എംജി രാധാകൃഷ്ണൻ തുടങ്ങിയവർക്കൊപ്പം നിരവധി ഗാനങ്ങളിൽ ഓർക്കസ്ട്രേഷനിൽ മാത്യൂസ് പ്രവർത്തിച്ചിട്ടുണ്ട്. സാധാരണ കലാകാരന്മാരെ പിന്തുണയ്ക്കുന്ന ആകാശവാണിയും മാത്യൂസിൻ്റെ ജീവിതത്തിൽ അടിസ്ഥാനമായ ഒരു അധ്യായം തന്നെ.
35 വർഷത്തെ സംഗീത യാത്ര ആരംഭിക്കുമ്പോൾ തന്നെ സംഗീത ഉപകരണങ്ങൾ ശേഖരിക്കാൻ മാത്യൂസ് ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതോപകരണങ്ങൾ ഇപ്പോൾ മാത്യൂസിൻ്റെ കൈയിൽ ഉണ്ട്. എ ആർ റഹ്മാനും ആർ ഡി ബർമനും ഇളയരാജക്കും ഇഷ്ടപ്പെട്ട നിരവധി സംഗീതോപകരണങ്ങൾ സ്വന്തമാക്കാൻ മാത്യൂസിന് സാധിച്ചു. കെ എസ് ചിത്രയുടെ ആദ്യകാലത്തെ ഗാന റെക്കോർഡിങ് ഉപയോഗിച്ചിട്ടുള്ള പല സംഗീത ഉപകരണങ്ങളും മാത്യൂസിൻ്റെ സ്വന്തമാണ്. ശേഖരിച്ചു വച്ചിരിക്കുന്ന എല്ലാ വാദ്യോപകരണങ്ങളും പ്രൊഫഷണൽ റെക്കോർഡിങ്ങിന് സാധ്യമാകുന്നവ.
വെറുതെ ശേഖരിച്ചു വയ്ക്കുക മാത്രമല്ല മാത്യൂസ് ചെയ്യുന്നത്. കയ്യിലുള്ള എല്ലാ വാദ്യോപകരണങ്ങളും പ്രവർത്തനസജ്ജമാണ്. നിരവധി പ്രീമിയം കാറുകൾ അറ്റകുറ്റപ്പണികൾ ചെയ്തു സൂക്ഷിക്കുന്ന അതേ ചെലവ് തന്നെയാണ് ഇത്തരം സംഗീതോപകരണങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ചെലവാകുന്നത് എന്ന് മാത്യൂസ് പറയുന്നു. ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനേക്കാൾ പ്രയാസമാണ് മാനുവലായി വായിക്കുന്ന ഉപകരണങ്ങൾ സൂക്ഷിക്കാൻ എന്നാണ് മാത്യൂസിൻ്റെ അഭിപ്രായം.
തിരുവനന്തപുരത്തെ കവടിയാറുള്ള പുത്തൻവീട്ടിൽ തൻ്റെ സംഗീത ഉപകരണങ്ങളെ സംരക്ഷിച്ചും കൈയിലുള്ള സംഗീതവാസനയെ പരിപോഷിപ്പിച്ചുമാണ് മാത്യൂസിൻ്റെ ഇപ്പോഴുള്ള ജീവിതം. തൻ്റെ പക്കലുള്ള എല്ലാ സംഗീത ഉപകരണങ്ങളും മാത്യൂസിന് വായിക്കാൻ അറിയാമെങ്കിലും സംഗീതസംവിധാനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. തനിക്ക് അറിയാവുന്നത് താളമാണ് രാഗമല്ല. എങ്കിലും വേണ്ടിവന്നാൽ സംഗീതസംവിധാനത്തിലും ഒരു കൈ നോക്കാൻ തയ്യാറാണെന്ന് മാത്യൂസ് അഭിപ്രായപ്പെട്ടു. മലയാളത്തിലെ വിഖ്യാതരായ സംഗീതസംവിധായകർക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള തനിക്ക് സംഗീത സംവിധായകനാകാനുള്ള ധൈര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
മാത്യൂസിൻ്റെ പക്കലുള്ള പല സംഗീത ഉപകരണങ്ങളും ഒരു സാധാരണ വ്യക്തിക്ക് പണം കൊടുത്ത് വാങ്ങാൻ സാധിക്കുന്നതല്ല. വിവിധ രാജ്യങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ സ്വന്തമാക്കിയതാണ് പല ഉപകരണങ്ങളും. മാർക്കറ്റ് വിലയേക്കാൾ മോഹ വിലയുള്ള സംഗീത ഉപകരണങ്ങളും മാത്യൂസിൻ്റെ പക്കൽ ഉണ്ട്. മാത്യൂസിൻ്റെ സംഗീത വിശേഷങ്ങളും സംഗീത ഉപകരണങ്ങളുടെ ശേഖരവും പ്രതിപാദിക്കുന്ന വിശദമായ വീഡിയോ ചുവടെ.

