തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16 ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്‌ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യൂ, സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്രപ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി.വി ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഡോ.ജാനകി ശ്രീധരന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.
പുരസ്‌കാര സമര്‍പ്പണത്തിനുശേഷം സ്റ്റീഫന്‍ ദേവസ്സിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.
ആടുജീവിതത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് അവാര്‍ഡിന് അര്‍ഹമായത്. മികച്ച സംവിധായകന്‍ ബ്ലെസി, മികച്ച സിനിമ കാതല്‍ (ജിയോ ജേബി), രണ്ടാമത്തെ മികച്ച ചിത്രം ഇരട്ട (രോഹിത് എം ജി കൃഷ്‌ണന്‍), മികച്ച ഛായാഗ്രാഹകന്‍ സുനില്‍ കെ എസ് ( ആടുജീവിതം) തിരക്കഥ രോഹിത് എം ജി കൃഷ്‌ണന്‍ എന്നിങ്ങനെ ഒട്ടേറെ കാറ്റഗറിയിലാണ് അവാര്‍ഡ്.
Also Read: സ്‌റ്റൈലിഷ് ആയി മമ്മൂട്ടി, 'ബസൂക്ക'യെ ഏറ്റെടുത്ത് ആരാധകര്‍; ആദ്യദിന ബോക്‌സ് ഓഫിസ് കലക്ഷന്‍