ഖുറേഷി അബ്രാമിന്‍റെ മിന്നുന്ന പ്രകടനം കണ്ട ആവേശത്തിലാണ് ആരാധകര്‍. 'എമ്പുരാന്‍' സിനിമ റിലീസ് ചെയ്‌ത് 12 ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹന്‍ലാല്‍- ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിന്‍റെ റിലീസ് തിയതിയാണ് തരുണ്‍ മൂര്‍ത്തി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രില്‍ 25 നാണ് 'തുടരും' സിനിമ തിയേറ്ററുകളില്‍ എത്തുന്നതെന്നതാണ് തരുണ്‍ മൂര്‍ത്തി അറിയിച്ചത്. അത് മോഹന്‍ലാലും പങ്കുവച്ചിട്ടുണ്ട്. യു എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. രണ്ടു മണിക്കൂര്‍ 46 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
എമ്പുരാനില്‍ അധോലോകത്തെ വിറപ്പിക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടതെങ്കില്‍ ഈ സിനിമയില്‍ വിന്‍റേജ് ലുക്കിലുള്ള താരത്തെയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിയുക. സാധാരണ ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖമായി ആണ് മോഹന്‍ലാല്‍ എത്തുക. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു കുടുംബനാഥനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നല്ല സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഷണ്‍മുഖനാണ് അയാള്‍. ഫീല്‍ ഗുഡ് പോലെ ആരംഭിക്കുന്ന സിനിമ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ത്രില്ലര്‍ മൂഡിലേക്ക് മാറുമെന്നും സൂചനയുണ്ട്.
നര്‍മത്തിലൂടെയും ഹൃദയസ്‌പര്‍ശിയായ രംഗങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ അവതരണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
മോഹന്‍ലാലിന്‍റെ സിനിമ ജീവിതത്തിലെ 360ാം ചിത്രമാണിത്. 15 വര്‍ഷത്തിന് ശേഷം പ്രേക്ഷകരുടെ ഇഷ്‌ട ജോഡികളായ ശോഭന മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിലെ പ്രത്യേകത.
മുരുക ഭക്തനായ ഷണ്മുഖനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊരാളായ മുള്ളന്‍കൊല്ലി വേലായുധനെയാണ് പലരും ഷണ്മുഖനുമായി താരതമ്യം ചെയ്യുന്നത്. അതുമാത്രമല്ല താരത്തിന്‍റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്‌റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകുമെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രൊമോ സോങ്ങിന്‍റെ ഷൂട്ട് ആരംഭിച്ചതും ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമയുടെ നിര്‍മ്മാണം. ഷാജികുമാര്‍ ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചു. നിഷാദ് യൂസഫ്, ഷെഫീഖ് വിബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നത്.
കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, മേക്കപ്പ് - പട്ടണം റഷീദ്, കലാ സംവിധാനം - ഗോകുല്‍ ദാസ്, സംഗീത സംവിധാനം - ജേക്‌സ് ബിജോയ്, കെസി ബാലശരങ്കന്‍, ആന്‍റണി ജോര്‍ജ്, മനീഷ് ഷാജി, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, കോ ഡയറക്‌ടര്‍ - ബിനു പപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - രാജേഷ് മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അവന്തിക രഞ്ജിത്ത്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, ഡിസൈന്‍സ് - യെല്ലോടൂത്ത്‌സ്, പിആര്‍ഒ - വാഴൂര്‍ ജോസ്.