ഒടിയൻമാരുടെ കഥ പറയുന്ന ഏറ്റവും പുതിയ മലയാള സിനിമ ഒടിയങ്കം ജൂലൈയിൽ തിയേറ്ററുകളിലെക്ക്. സുനിൽ സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയൻ എന്ന നിഗൂഢ ശക്തികളുടെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. ജാതീയമായി പിന്നാക്കം നിൽക്കുന്നവർക്ക് നേരെ സംഭവിക്കുന്ന ചൂഷണങ്ങൾക്കും സ്വാതന്ത്ര്യ ലംഘനങ്ങൾക്കും എതിരെ പോരാടാൻ ജന്മമെടുത്തവരായിരുന്നു ഒടിയന്മാർ. എന്നാൽ കാലഘട്ടം മാറുന്നത് അനുസരിച്ച് ഒരുപാട് പേർ ഉദ്ദേശശുദ്ധിയിൽ നിന്നും വ്യതിചലിച്ച് ഒടിയന് പേര് ദോഷമുണ്ടാക്കി.
മോഹൻലാലിനെ നായകനാക്കി ഒടിയൻ എന്നൊരു ചിത്രം മലയാളത്തിൽ ഇതിനു മുൻപ് സംഭവിച്ചിട്ടുണ്ടായിരുന്നു. ഒടിയന്‍റെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് ആ സിനിമയ്ക്ക് ആധാരം. യാഥാർഥ്യത്തെക്കാൾ തിരക്കഥാകൃത്തിന്‍റെ ഭാവനയ്ക്കാണ് മോഹൻലാലിന്റെ ഒടിയൻ എന്ന ചിത്രം മുൻതൂക്കം നൽകിയത്. യഥാർഥ കഥാപാത്രങ്ങളായ ഒടിയനെ കുറിച്ച് ഒരു സിനിമ വരുമ്പോൾ വസ്‌തുത കൂടി ഇടകലർത്തി കഥ പറഞ്ഞാൽ മാത്രമാണ് ജനങ്ങൾക്ക് കണക്ട് ആവുകയുള്ളൂ എന്ന് സംവിധായകൻ സുനിൽ സുബ്രഹ്മണ്യൻ ഇ ടിവി ഭാരതിനോട് വ്യക്തമാക്കി.
ഒടിയന്‍ സിനിമയുമായി ബന്ധമില്ല
മോഹൻലാലിന്‍റെ ഒടിയൻ എന്ന സിനിമയുമായി ഒടിയങ്കം എന്ന സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ഒടിയയങ്കം ചരിത്രവും യഥാർഥ സംഭവങ്ങളും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരുകാലത്ത് സാധാരണക്കാരുടെ ഹീറോയും രക്ഷകരുമായിരുന്ന ഒടിയന്മാർ പിൽക്കാലത്ത് എങ്ങനെ ജനങ്ങളുടെ ശത്രുക്കളായി മാറിയെന്നാണ് ചിത്രം പറയുന്നത്.

കരിങ്കുട്ടി സേവയും ഒടിവിദ്യയും
ഒടിയന്മാരെ കുറിച്ച് ചരിത്രത്തിൽ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ഒരുപാട് കഥകളുണ്ട്. പല നാടുകളിലും ഒടിയന്മാരെ കുറിച്ച് പലതരത്തിലുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. മധ്യ കേരളത്തിലാണ് പൊതുവേ ഒടിയൻ എന്ന കോൺസെപ്റ്റ് തന്നെയുള്ളത്. തൃശൂർ- പാലക്കാട് ഭാഗങ്ങളിലെ ഗ്രാമവാസികൾക്ക് സുപരിചിതമാണ് ഒടിയൻ. പക്ഷേ ഒടിയ ചരിത്രം കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ്. തെക്കൻ കേരളം മുതൽ വടക്കൻ കേരളം വരെ ഒടിയൻ പല രൂപത്തിലും പല ഭാവത്തിലും പല പേരുകളിലും ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം. ആദ്യ ഒടിയൻ സൃഷ്ടിക്കപ്പെടുന്ന സിനിമാറ്റിക് കാഴ്ചകളാണ് ഒടിയങ്കത്തിന്‍റെ കാതൽ.
തൃശൂരിലേയും പാലക്കാട്ടിലേയും ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും പോത്തിൻ രൂപങ്ങൾ കാണിച്ച് ഭയപ്പെടുത്തി മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തുന്ന ആളുകളുണ്ട്. അവരുടെ വിഭാഗത്തെ പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. കരിങ്കുട്ടിക്ക് സേവ നടത്തുന്ന കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. ചാത്തന്മാരുടെ ഗണത്തിൽ പെടുന്നതാണ് കരിങ്കുട്ടിയും. കരിങ്കുട്ടിയെ സേവിക്കുന്നവർക്ക് എല്ലാം ഒടിവിദ്യ അറിയാം എന്നുള്ളതാണ് വാസ്തവം. പിന്നാക്ക വിഭാഗത്തിൽ പെടുന്നവർ ആയിരുന്നു ആദ്യകാലത്തെ ഒടിയന്മാർ. തായ് വഴിയായാണ് സിദ്ധി പുതിയ തലമുറയിലേക്ക് പകർന്നു കിട്ടുന്നത്. കാലം കഴിയുന്ന അതിനനുസരിച്ച് ഇന്‍റർ കാസ്റ്റ് മാരേജുകൾ ധാരാളം സംഭവിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക ജാതിയിൽ പെട്ടവരിൽ നിന്നും മാറി ഏതു ഗണത്തിലും ഒടിയന്മാർ ഉണ്ടെന്ന സ്ഥിതി വിശേഷം എത്തി.

എന്‍റെ കുട്ടിക്കാലത്തൊക്കെ നാട്ടിൽ ഒടിയപുരാണം അങ്ങാടിപ്പാട്ടായിരുന്നു. ഒടിയന്‍റെ ആക്രമണം നേരിട്ട് കണ്ടിട്ടില്ല. പക്ഷേ ഒടി വിദ്യ ചെയ്യുന്ന ഒരു 50 വയസുള്ള വ്യക്തി എന്‍റെ ഗ്രാമത്തിൽ തന്നെ ഉണ്ടായിരുന്നു. പകൽ വെളിച്ചത്തിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ആറുമണിക്ക് ശേഷം ഒരുകാരണവശാലും ഞങ്ങൾ കുട്ടികൾ അക്കാലത്ത് ഒടിയനെ പേടിച്ച് പുറത്തിറങ്ങിയിരുന്നില്ല. പരമ്പരാഗത ഒടിവിദ്യകളിൽ നിന്നും മാറി മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ഒടിയന്മാർ ഉണ്ട്. ഒടിയന്‍മാര്‍ ആരേയും കൊല്ലാറില്ല, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്യുക.
ഒടിയന്മാർ ജന്മം എടുക്കുന്നത് ജനോപകാരപരമായ കാര്യത്തിനായിരുന്നു. കേരളത്തിൽ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ എന്ന് വേർതിരിവുകൾ സംഭവിച്ചോ അത്രയും പഴക്കമുണ്ട് ഒടിയന്‍റെ ജനനത്തിനും. കീഴളാൻമാർക്ക് വഴി നടക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും അമ്പലത്തിൽ പ്രവേശിക്കുന്നതിനും സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ മേലാളന്മാർക്കെതിരെ പോരാടാൻ ജന്മം എടുത്തവരാണ് ഒടിയന്മാർ. അമ്പലത്തിൽ പോലും വിലക്ക് വന്നപ്പോൾ ആരാധിക്കാനായി ഒരു മൺ രൂപം ഇവർ ഉണ്ടാക്കി. കള്ളും തവിടും വച്ച് ആരാധിച്ചു. ആ രൂപത്തിലേക്ക് കരിങ്കുട്ടി പ്രസാദിക്കുകയുണ്ടായി. കരിങ്കുട്ടി നൽകിയ വരമായിട്ടാണ് ഒടിവിദ്യയെ കണക്കാക്കുന്നത്.
ഒടിയന് പോത്താകാനും കാളയാകാനും പക്ഷിയാകാനും സാധിക്കും. ഇങ്ങനെ രൂപം മാറി വന്ന് രാത്രികളിൽ മേലാളന്മാരെ ആക്രമിക്കുകയായിരുന്നു പതിവ്. ഒടിയൻ ആക്രമിക്കുന്ന വ്യക്തിക്ക് മാത്രമേ ഒടിയന്‍റെ രൂപമാറ്റം മാത്രമേ കാണാനാകൂ. ഈ ആക്രമണം മറ്റൊരാൾ ഒളിച്ചു നിന്ന് കാണുകയാണെങ്കിൽ ഒടിയന്‍റെ രൂപമാറ്റം കാണാൻ ആകില്ല. ഇപ്പോൾ പ്രചാരത്തിലുള്ള മെന്‍റ ലിസവുമായി ഒടിവിദ്യയ്ക്ക് ബന്ധമുണ്ട്. ആക്രമിക്കപ്പെടുന്നവന്‍റെ മാനസികാവസ്ഥയെ തന്‍റെ വരുതിയിൽ കൊണ്ടുവന്നാണ് ഒടിയൻ അത്ഭുതങ്ങൾ കാണിക്കുന്നത്. കാലഘട്ടങ്ങൾ കഴിഞ്ഞതോടെ ഒടിവിദ്യ ചെയ്യുന്നവർ പരമ്പരാഗത ആയോധനകലകൾ പരിശീലിച്ചു തുടങ്ങി. കളരി ഉള്‍പ്പെടെ അഭ്യസിച്ചു. ഒടി വിദ്യയും ആയോധനകലയും ഒത്തുചേർന്നപ്പോൾ ഇതൊരു അത്ഭുത സിദ്ധിയായി മാറി. പക്ഷിയെ പോലെ പറക്കാനും, പോത്തിനെയും കാളയും പോലെ മദിച്ചു വരാനും ഒടിയന്മാർക്കായി.
ഒടിയ പൂജക്ക് വേണ്ടത് നമ്പൂതിരി സ്ത്രീകളുടെ ചാപിള്ളയെ
ഭ്രൂണവും ചില പച്ചമരുന്നുകളും ചേർത്തു തയാറാക്കുന്ന ഒരു കൂട്ട് ചെവിക്ക് പിന്നിൽ ഇടുമ്പോഴാണ് ഒടിയന്മാർക്ക് ശക്തി കിട്ടുന്നതെന്ന് പറയപ്പെടുന്നു. ഇവ കൺതടങ്ങളിൽ ചാലിക്കുമ്പോൾ രാത്രിയിൽ ഇവർക്ക് കൂടുതൽ കാഴ്ചശക്തിയും ലഭിക്കുന്നു. ഇരുട്ടിൽ ആക്രമണം നടത്തുന്നത് ഇപ്രകാരമാണ്. രാത്രിയിൽ പുറത്തിറങ്ങുന്ന ഗർഭിണികളായ നമ്പൂതിരി സ്ത്രീകളെ ഒടിയൻ പ്രത്യക്ഷപ്പെട്ട് പേടിപ്പിച്ച് ഗർഭമലസിപ്പിക്കുകയോ വധിക്കുകയോ ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നു. അവരുടെ വയറ്റിലുള്ള ചാപിള്ളയാണ് പൂജകൾക്ക് ഉപയോഗിക്കുക. ഇക്കാലത്തും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്. അതെന്തിനു വേണ്ടി എന്നുള്ളത് സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
ഒടിയ പൂജ ചെയ്യുന്നതിന് വേണ്ടി ഒരാളെ വധിക്കുന്നതിനാല്‍ ഒടിയന്മാർ ദുഷ്ടന്മാരായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അടിച്ചമർത്തപ്പെട്ടവർ തിരിച്ചടിക്കുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാകും. അതിന്‍റെ പേരിൽ അവരെ ദുഷ്ടന്മാരായി മുദ്ര കുത്താൻ സാധിക്കില്ലെന്നും സുനിൽ സുബ്രഹ്മണ്യൻ വ്യക്‌തമാക്കുന്നു.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ ഒരു മോശം സിനിമയാണെന്ന് എനിക്ക് ഒരിക്കലും അഭിപ്രായമില്ല. പുലിമുരുകൻ എന്ന സിനിമയുടെ വലിയ വിജയത്തിനുശേഷം ഇറങ്ങുന്ന ചിത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായി. പുലിമുരുകനോളം ത്രില്‍ ഒടിയൻ എന്ന ചിത്രത്തിന് നൽകാനായില്ല. അതൊരു മോശം സിനിമയല്ല. ഓവർഹൈപ്പ് ആണ് ആ സിനിമയ്ക്ക് വില്ലനായത്.
പേടിപ്പിക്കുന്ന ചിത്രീകരണം
ഒടിയങ്കം എന്ന സിനിമയിൽ വി എഫ് എക്‌സ് പരമാവധി കുറച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. പല രംഗങ്ങളും യഥാർഥത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉപയോഗിച്ചിരിക്കുന്ന പോത്തും കാളയും എല്ലാം ഒറിജിനൽ തന്നെയാണ്. മൃഗങ്ങളെ വച്ച് ചിത്രീകരിക്കുക വളരെ എളുപ്പമുള്ള കാര്യമല്ല. അവരുടെ സൗകര്യത്തിന് വേണം ചിത്രീകരണം സജ്ജമാക്കാൻ. ചെറിയൊരു ബജറ്റ് സിനിമ ആയതുകൊണ്ട് തന്നെ ഒരുപാട് സമയം കളയാനും സാധ്യമല്ല. ഒരുപക്ഷേ ചിത്രീകരണം നടക്കുന്ന സമയത്ത് ജെല്ലിക്കെട്ട് സിനിമ പോലെ പോത്ത് ഇളകി ഓടിയാൽ പ്രശ്നമാകും.
അതുകൊണ്ടുതന്നെ ഉപയോഗിച്ച മൃഗങ്ങളുടെ ഇണയെ കൂടി കൊണ്ടുവന്ന് ലൊക്കേഷനിൽ കെട്ടിയിരുന്നു. ഒടിയ മന്ത്രവാദം പോലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് അന്തരീക്ഷം തന്നെ വല്ലാതെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് മാറി. മഴയും കാറ്റും ഇടിമിന്നലും ലൊക്കേഷനിലുള്ളവരെ ഭയപ്പെടുത്തി. പക്ഷേ ചിത്രീകരണം മുടക്കുന്ന രീതിയിൽ പ്രകൃതി പൂർണമായി ചതിച്ചില്ല.
ഗുജറാത്തിൽ ജോലിചെയ്യുന്ന പ്രവീൺ എന്ന വ്യക്തിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. നായകൻ കൂടിയായ ശ്രീജിത്ത് പണിക്കർ കോ- പ്രൊഡ്യൂസർ ആയി ഒപ്പമുണ്ടായിരുന്നു. കഥാപാത്രമായി മാറാൻ അദ്ദേഹം ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി. ഏകദേശം രണ്ടുമാസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരുപാട് പുതുമുഖങ്ങൾ ഈ സിനിമയുടെ ഭാഗമാകുന്നു. ഈ ചലച്ചിത്രം മികച്ച ഒരു കാഴ്ച അനുഭവം പ്രക്ഷകർ സമ്മാനിക്കും എന്നാണ് പ്രതീക്ഷയെന്നും സുനില്‍.