നടൻ മുകേഷ്, ജയസൂര്യ ഉൾപ്പടെ എഴ് പേർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ആലുവയിലെ നടിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി രംഗത്ത്. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്‌ദാനം നൽകി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ ആരോപണം.
പതിനാറാം വയസ്സിൽ തന്നെ ചെന്നൈയിൽ എത്തിച്ച് മറ്റുള്ളവർക്ക് മുമ്പിൽ കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചുവെന്നാണ് നടിക്കെതിരെയുള്ള യുവതിയുടെ ആരോപണം. സാമ്പത്തിക ലാഭത്തിന് വേണ്ടി അവര്‍ ഏതറ്റം വരെയും പോകുന്ന ആളാണ് ആലുവയിലെ പരാതിക്കാരിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് ആലുവയിലെ പരാതിക്കാരിയായ നടി.
'2014ൽ എനിക്ക് 16 വയസ്സ് പ്രായമുള്ളപ്പോഴാണ് ആലുവയിലെ പരാതിക്കാരിയായ നടി എന്നെ ചെന്നൈയിൽ എത്തിച്ച് മറ്റുള്ളവർക്ക് മുമ്പിൽ കാഴ്‌ച്ചവയ്‌ക്കാന്‍ ശ്രമം നടത്തിയത്. ചെന്നൈയിൽ എത്തിച്ച് രണ്ടാമത്തെ ദിവസം ഒഡീഷനുണ്ടെന്ന് പറഞ്ഞ് ഒരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
അവിടെ ഒരു മുറിയിൽ ആറ് പേര്‍ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ എന്‍റെ ശരീരത്തിൽ സ്‌പർശിച്ചതോടെ ഞാൻ ബഹളം ഉണ്ടാക്കി. വീട്ടിൽ പോകണമെന്ന് പറഞ്ഞു. എന്നോട് ആലുവയിലെ പരാതിക്കാരി അഡ്‌ജസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിന് മുമ്പ് നടിമാരെ എത്തിച്ച കാര്യവും അവർ അഡ്‌ജസ്‌റ്റ് ചെയ്‌ത കാര്യവും എന്നോട് പറഞ്ഞിരുന്നു.
എന്നാൽ എന്‍റെ നിർബന്ധം കാരണം അന്ന് തന്നെ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. സംഭവം അമ്മയോട് പറഞ്ഞു. അമ്മ അവരെ വഴക്ക് പറഞ്ഞു. എന്നാൽ അന്ന് പരാതി നൽകാനുള്ള സാഹചര്യമില്ലായിരുന്നു. എന്നെ കുടുക്കാൻ ശ്രമിച്ച സ്ത്രീ, മറ്റുള്ളവർക്കെതിരെ ആരോപണവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഞാൻ പരാതി നൽകിയത്.' -യുവതി പറഞ്ഞു.
അതേസമയം, യുവതിയുടെ ആരോപണം നിഷേധിച്ച് ആലുവയിലെ പരാതിക്കാരിയായ നടിയും രംഗത്ത് വന്നു. യുവതിയും അമ്മയും അവരുടെ ആവശ്യ പ്രകാരം ചെന്നൈയിൽ വന്നിരുന്നുവെന്നും എന്നാൽ അവർ ഉന്നയിക്കുന്ന പരാതി വ്യാജമാണെന്നും പരാതിക്കാരിയായ നടി പറഞ്ഞു.
സംഭവത്തില്‍ യുവതി ഡിജിപി, മുഖ്യമന്ത്രി, തമിഴ്‌നാട് ഡിജിപി എന്നിവര്‍ക്ക് പരാതി നൽകി. യുവതിയുടെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് പൊലീസ് മേധാവി കൈമാറി. പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും.