സംഘടനാപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചലച്ചിത്ര നിർമാണം തടയുക, പ്രതികരിച്ചതിൻ്റെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കുക, അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വധ ഭീഷണി നേരിടേണ്ടി വരിക... അഭിനേത്രിയും നിർമാതാവുമായ സാന്ദ്ര തോമസിന് അടുത്ത കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. ആശയ മികവുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിക്കണം എന്ന ഒറ്റ ഉദ്ദേശ്യശുദ്ധിയിലാണ് സാന്ദ്ര തോമസ് ചലച്ചിത്ര നിർമാണ മേഖലയിലേക്ക് കടന്നു വരുന്നത്. ഫ്രൈഡേ ഫിലിംസ് എന്ന ബാനറിൽ നിർമാണ പങ്കാളിയായി നിർമാതാവിൻ്റെ കുപ്പായമണിഞ്ഞ സാന്ദ്ര ഇപ്പോൾ ചിത്രങ്ങൾ നിർമിക്കുന്നത് സ്വതന്ത്രമായാണ്. തൻ്റെ സിനിമാജീവിതത്തെയും നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് ഇ ടിവി ഭാരതിനോട് സംസാരിക്കുകയാണ് സാന്ദ്ര.
യാദൃച്‌ഛികമായ ആ കടന്നുവരവ്
ഒരു ചലച്ചിത്ര നിർമാതാവ് ആകണമെന്ന് ആഗ്രഹിച്ചിട്ടല്ല ഈ മേഖലയിലേക്ക് എത്തുന്നത്. മീഡിയ, അഡ്വർടൈസിങ് സംബന്ധമായ ചില ജോലികൾ ചെയ്‌തിരുന്ന സമയത്ത് എൻ്റെ ഒരു സഹപ്രവര്‍ത്തകന് സിനിമാ മേഖലയുമായി ബന്ധമുണ്ടായിരുന്നു. അയാൾ സിനിമ സ്വപ്‌നം കാണുന്ന ഒരു കലാകാരൻ കൂടിയായിരുന്നു. അദ്ദേഹമാണ് ഖൽബ് ഒക്കെ ചെയ്‌ത സംവിധായകൻ സാജിദ് യാഹിയ. അദ്ദേഹത്തില്‍നിന്ന് ലഭിച്ച പ്രചോദനമാണ് ഫ്രൈഡേ എന്ന സിനിമ നിർമിക്കാൻ കാരണമാകുന്നത്. ഫഹദ് ഫാസിൽ നായകനായ ചിത്രം.
വലിയ വിജയങ്ങൾ കണ്ടു, അതുപോലെ പരാജയങ്ങളും. സിനിമ പഠിച്ചു. ഞാൻതന്നെ നിർമിച്ച ചിത്രങ്ങളിൽ ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി അഭിനയിക്കുകയും ചെയ്‌തു. ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയിൽ നിന്ന് വിട്ടുമാറി സ്വന്തം പ്രൊഡക്ഷൻ ആരംഭിക്കുമ്പോൾ ചങ്കൂറ്റത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ വധഭീഷണി വരെ നേരിടേണ്ടി വരുമെന്ന് കരുതിയില്ല.

മനഃപൂർവമായ ഡിഗ്രേഡിങ്
ഞാൻ അവസാനം നിർമിച്ച നല്ല നിലാവുള്ള രാത്രി, ലിറ്റിൽ ഹാർട്ട്‌സ് എന്നീ ചിത്രങ്ങൾക്കെതിരെ മനഃപൂർവമായ ഡിഗ്രേഡിങ്ങും അതിക്രമവും സോഷ്യൽ മീഡിയയിലൂടെ അഴിച്ചു വിട്ടിട്ടുണ്ടായിരുന്നു. മറ്റു പല സിനിമകൾക്കും സമാന അനുഭവം ഉണ്ട്. അതിൽ എൻ്റെ സിനിമകളും പെട്ടു. എൻ്റെ സിനിമകൾക്കെതിരെ മനഃപൂർവമായ ഡിഗ്രേഡിങ് ശക്തമാകുമ്പോൾ സിനിമ മേഖലയിലുള്ള പല ശക്തികേന്ദ്രങ്ങളോടും ഞാൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സുഹൃത്തുക്കളോടും സംഘടനകളോടും സഹായം അഭ്യർഥിച്ചു. എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരുതരത്തിലുമുള്ള പിന്തുണയും ലഭിച്ചിട്ടില്ല. ഇനി ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ഗുണഫലം എനിക്ക് ലഭിച്ചിട്ടില്ല.
നല്ല നിലാവുള്ള രാത്രിയും ലിറ്റിൽ ഹാർട്ട്‌സും മോശം സിനിമകളല്ല. രണ്ടു സിനിമകളും നല്ല ആശയ സമ്പുഷ്‌ടമായിരുന്നു. സ്വവർഗരതി, വിവിധ പ്രായങ്ങളിൽ ഉള്ളവരുടെ പ്രണയമൊക്കെ വളരെ മനോഹരമായി അവതരിപ്പിച്ച സിനിമയായിരുന്നു ലിറ്റില്‍ ഹാര്‍ട്ട്‌സ്. നിലാവുള്ള രാത്രി ഒരു ത്രില്ലർ സിനിമയാണ്. പക്ഷേ രണ്ട് സിനിമകളും വലിയ സാമ്പത്തിക നഷ്‌ടം വരുത്തിവച്ചു.

പിന്തുടരുന്നത് ഫഹദ് പറഞ്ഞ ആ വാക്കുകള്‍
ഒരു സിനിമ നിർമിക്കാം എന്ന് തീരുമാനമെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർ സിനിമയുടെ വൺലൈൻ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഒരു സ്‌പാർക്ക് കിട്ടും. ഒരു അപ്പോയിൻമെൻ്റ് കിട്ടി എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രം വെറുതെ ഒരു പ്രിപ്പറേഷനും ഇല്ലാതെ കഥ പറഞ്ഞു പോകുന്നവർ എത്രയോ ഉണ്ട്. ഒരു ദിവസം ഏകദേശം 20ല്‍ കൂടുതൽ തിരക്കഥ കേൾക്കുന്നുണ്ട്. ഇതിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ കഥ പറയാൻ വേണ്ടി വിളിക്കുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തും. അടുത്ത നിർമിക്കുന്ന ചിത്രത്തിന് പാകപ്പിഴകൾ സംഭവിക്കാൻ പാടില്ല. ഇപ്പോൾ കുറച്ച് നിയന്ത്രണങ്ങളോടെയാണ് സ്ക്രിപ്റ്റ് കേൾക്കുന്നത്. ഫ്രൈഡേ എന്ന സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫഹദ് ഫാസിൽ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന കാര്യങ്ങളോട് മാത്രം സമീപനം പുലർത്തുക. ആ വാക്കുകൾ ഞാനിപ്പോഴും പിന്തുടരുന്നു. ഞാൻ സിനിമ നിർമിക്കണമെങ്കിൽ ആ തിരക്കഥയിലുള്ള ഏതെങ്കിലും ഒരു പോയിൻ്റ് എന്നെ എക്സൈറ്റ് ചെയ്യിക്കണം.
പിഴവ് തിരിച്ചറിയുന്നു
ചെയ്യുന്ന ഓരോ സിനിമയും എൻ്റെ പാഠപുസ്‌തകങ്ങളാണ്. ഓരോ സിനിമകളും തരുന്ന അനുഭവം വ്യത്യസ്‌തമാണ്. പ്രതിസന്ധികൾ വ്യത്യസ്‌തമാണ്. ഇതൊക്കെ നേരിടുകയും അത് പരിഹരിക്കുകയും ചെയ്‌തു കൊണ്ടാണ് അടുത്ത സിനിമകളിലേക്ക് പോവുക. നല്ല നിലാവുള്ള രാത്രി എന്ന സിനിമയിൽ എനിക്ക് സംഭവിച്ച പിഴവ് ആ സിനിമ ജൂൺ മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ്. ലിറ്റിൽ ഹാർഡ്‌സും പിറ്റേ വർഷം ജൂൺ മാസത്തിലാണ് റിലീസ് ആകുന്നത്. സ്‌കൂൾ തുറക്കുന്ന സമയം, പോരാത്തതിന് മഴയും. ജൂൺമാസം പൊതുവേ മലയാളികളുടെ കൈയിൽ വലിയ പണം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല. അഡ്‌മിഷൻ, സ്‌കൂൾ, വീട്ടു ചെലവ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അപ്പോള്‍ സിനിമകളോട് വിമുഖത കാണിക്കും. അതൊരു പരാജയ കാരണമാണ്. എത്രയൊക്കെ മാർക്കറ്റ് ചെയ്‌തിട്ടും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സിന് തിയേറ്ററുകൾ പിടിച്ചുനിർത്താൻ ആയില്ല. പരാജയം ഉൾക്കൊള്ളുന്നു.

ഒടിടി ബിസിനസ് പൂർണമായി അവസാനിച്ചിട്ടില്ല
തിയേറ്ററിൽനിന്ന് സിനിമയുടെ മുടക്ക് മുതൽ തിരിച്ചുപിടിച്ചില്ലെങ്കിൽ ഡിജിറ്റൽ ബിസിനസിലൂടെ തിരിച്ചുപിടിക്കാം എന്ന സാഹചര്യം ഇപ്പോൾ ഇല്ല. സിനിമകൾ ചെയ്യുമ്പോൾ നിർമാതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒടിടി ക്കു വേണ്ടി ഒറിജിനൽ സിനിമകൾ നിർമിക്കുകയോ ഒറിജിനൽ വെബ് സീരീസുകൾ നിർമിക്കുകയോ ആവാം. അത്തരം സാധ്യതകൾ മുന്നിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളത്തിലെ പല നിർമാതാക്കളും സിനിമകൾ ബിസിനസ് ആകാത്തതിൻ്റെ പേരിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. ചാടിക്കയറി സിനിമകൾ ചെയ്യുന്നതിന് പകരം ബിസിനസിൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി പുതിയൊരു പ്രോജക്‌ട് ആരംഭിക്കുന്നതാണ് അത്യുത്തമം. അത്തരത്തിലുള്ള ഒറിജിനൽ ഡിജിറ്റൽ റിലീസ് പ്രോജക്‌ടുകളുമായി മുന്നോട്ടു പോകുന്നുണ്ട്. ഒരു ഡയറക്‌ട് തിയേറ്റർ സിനിമ ഇപ്പോൾ ആലോചിക്കുന്നില്ല.
പ്രൊഡക്ഷൻ കൺട്രോളർമാരെ കുറിച്ച് പറഞ്ഞതില്‍ കുറ്റബോധം ഇല്ല
സിനിമാമേഖലകളിൽ പ്രവൃത്തിക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ സാമ്പത്തിക തിരിമറി നടത്തുന്നു എന്നുള്ള കാര്യം വാസ്‌തവമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞതിൻ്റെ പേരിൽ പലരും എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഭീഷണികൾ ഉയരുന്നുണ്ട്. ഇവിടുത്തെ എത്രയോ പാവപ്പെട്ട പ്രൊഡ്യൂസർമാരെ സാമ്പത്തികമായി ഇവർ പറ്റിച്ചിരിക്കുന്നു. ഞാൻ പറഞ്ഞ കാര്യം സത്യമായതുകൊണ്ടാണല്ലോ ഇവർക്കൊക്കെ പ്രതികരിക്കാൻ തോന്നുന്നത്. അങ്ങനെയുള്ള ആൾക്കാരെ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? ഇവിടെയുള്ള ഒരു പ്രൊഡക്ഷൻ കൺട്രോളർമാർക്കും നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കില്ല ഞാൻ ഒരു നിർമാതാവിനെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല എന്ന്.

പ്രശ്‌നങ്ങൾ എവിടെ തുടങ്ങി എന്നതിൽ കൺഫ്യൂഷൻ ഇല്ല
മലയാളത്തിൽ വേറെയും സ്ത്രീ നിർമാതാക്കൾ ഉണ്ട്. എന്നെ മാത്രം ചില സംഘടനകൾ എന്തിന് ഉന്നം വയ്ക്കുന്നു. എവിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഈ കാര്യങ്ങളിൽ എനിക്ക് വ്യക്തതയുണ്ട്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ആളാണ് ഞാൻ. ബാലതാരം ആയിരുന്നു. ചെറിയ പ്രായത്തിൽതന്നെ സിനിമയിൽ നടക്കുന്ന മാടമ്പിത്തരങ്ങളോട് പ്രതികരണ സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുന്നതിന് മുൻപുതന്നെ എനിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിച്ചിരുന്നു. ബി ഉണ്ണികൃഷ്‌ണൻ സംഘടനയെ മുൻനിർത്തി മാടമ്പി മനോഭാവം വച്ച് പുലർത്തുന്ന ആളാണ്. എന്നെപ്പോലുള്ള നിർമാതാക്കൾക്ക് ഇവിടെ സിനിമ ചെയ്യാൻ വിലക്കേർപ്പെടുത്തുന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ല, മലയാള സിനിമയിൽ നിന്ന് എന്നെ ഓടിക്കുമെന്ന് ബി ഉണ്ണികൃഷ്‌ണൻ പരസ്യമായി ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അയാളുടെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ ഞാൻ ചെയ്‌ത കുറ്റം?
ലിറ്റിൽ ഹാർട്ട്‌സ് എന്ന സിനിമ ബി ഉണ്ണികൃഷ്‌ണൻ നിർത്തിച്ചു. ആ വിവരം എന്നെ അറിയിച്ചത് സിനിമയുടെ എഡിറ്റർ ആണ്. അദ്ദേഹം എന്നോട് വിശദാംശങ്ങൾ പറഞ്ഞ ഓഡിയോ സംഘടനയ്ക്ക് ഞാൻ അയച്ചു കൊടുത്തു. എൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ബി ഉണ്ണികൃഷ്‌ണനെ കൂടുതൽ ചൊടിപ്പിച്ചു. ഈ സംഭവം മുതലാണ് ബി ഉണ്ണികൃഷ്‌ണൻ എന്നെ ഒരു പൊതു ശത്രുവായി കാണാൻ ആരംഭിച്ചത്. സംഘടനയ്ക്ക് വിപരീതമായി ഞാൻ പ്രവർത്തിച്ചിട്ടില്ല. ആവശ്യമില്ലാത്ത ചില കാര്യങ്ങൾ ഉന്നയിച്ചാണ് സിനിമ നിർമാണം നിർത്തിവെപ്പിച്ചത്. ഈ സംഭവത്തിനുശേഷം അതിൻ്റെ വാലുപിടിച്ചാണ് തുടർ സംഭവങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. ഞാൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുക വരെ ചെയ്യുന്നു.
ബി ഉണ്ണികൃഷ്‌ണൻ്റെ ശത്രുവായി മാറുമ്പോൾ സ്വാഭാവികമായും അയാൾ പ്രതിനിധീകരിക്കുന്ന സംഘടനയുമായി വിധേയത്വം പുലർത്തുന്ന എല്ലാ സംഘടനകളും എന്നെ ശത്രുവായി പ്രഖ്യാപിച്ചു. എല്ലാ സംഘടനയുടെയും കാര്യങ്ങൾ തീരുമാനിക്കുന്നത് ബി ഉണ്ണികൃഷ്‌ണനാണ്. പലരുടെയും ശബ്‌ദം ബി ഉണ്ണികൃഷ്‌ണൻ്റേതാണ്.
കൊല്ലും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കൊണ്ട് എന്നെ ഒരു മൂലക്കിരുത്താം എന്ന് ആരും കരുതേണ്ട. സിനിമ ഇല്ലെങ്കിലും ഞാൻ ജീവിക്കും. സിനിമയെ ഡിപെൻഡ് ചെയ്‌ത് ജീവിക്കുന്ന ഒരാളല്ല ഞാൻ.

അഭിനയം
അഭിനയത്തിൽ തുടരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാൻ ചെയ്‌ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനയിക്കാൻ അറിയാമെന്ന ആത്മവിശ്വാസമുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂത്ത് ഫെസ്‌റ്റിവലുകളിൽ പങ്കെടുത്തിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ചു. സബ്‌ജില്ല കലാതിലകമായി. അഭിനയത്തില്‍ സജീവമായി തുടരാൻ ആഗ്രഹം തോന്നിയില്ല. എൻ്റെ സ്വകാര്യത നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ഏതൊരു സൗഭാഗ്യത്തോടും നോ പറയാൻ മടിയില്ല. ആവശ്യത്തിന് റെക്കഗനൈസേഷൻ ലഭിച്ചിട്ടുണ്ട്. നിർമാതാവായും അഭിനേത്രിയായും കഴിവ് തെളിയിച്ചു. പക്ഷേ ജീവിതത്തിന് ഒരു സ്പേസ് കൊടുക്കാൻ എപ്പോഴും ശ്രമിക്കും. അതിന് ചിലപ്പോൾ ചില കാര്യങ്ങൾ ഒഴിവാക്കും. അതിലൊന്നാണ് അഭിനയം. സിനിമയിൽ ഞാൻ ഒരു പവർ പൊസിഷനിൽ നിൽക്കുന്ന ആളാണ്. അഭിനയം എന്ന് പറയുമ്പോൾ മറ്റൊരാളെ നമ്മൾ അനുസരിക്കണം. അതൊരല്പം പ്രയാസമുള്ളതുപോലെ തോന്നുന്നു. തൽക്കാലം സിനിമകൾ നിർമിക്കാം.