ബെംഗളൂരു: ഋഷഭ് ഷെട്ടി ചിത്രം കാന്താര 2-വിന്‍റെ ചിത്രീകരണത്തിനുപയോഗിച്ച ബോട്ട് മറിഞ്ഞു. ശിവമോഗ ജില്ലയിലെ റിസര്‍വോയറില്‍ ഷൂട്ടിങ്ങിനായി ഉപയോഗിച്ച ബോട്ടാണ് മറിഞ്ഞത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്ന് ഹോംബാലെ ഫിലിംസിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിസര്‍വോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്ത് ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. "കാന്താര ചാപ്റ്റർ 1' ൻ്റെ ഷൂട്ടിങ് ശിവമോഗയിലെ മസ്‌തിക്കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് നടക്കുന്നത്. ചിത്രത്തിനായി ഒരു ബോട്ടിന്‍റെ സെറ്റ് നിർമ്മിച്ചിരുന്നു. ശക്തമായ കാറ്റും മഴയും കാരണം ഇതു മറിഞ്ഞു. ഞങ്ങളുടെ ടീമിലെ ആരും അതിനു ചുറ്റും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഷൂട്ടിങ് അകലെയായിരുന്നു. ആർക്കും പരിക്കേറ്റില്ല. ഞങ്ങൾ ഇപ്പോൾ ഷൂട്ടിങ് തുടരുകയാണ്" ആദർശ് പറഞ്ഞു. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു.
നിർഭാഗ്യകരമായ സംഭവങ്ങളുടെ ഒരു പരമ്പര
അപകടങ്ങളും മറ്റുമായി കാന്താര ടീമിന് ഇതാദ്യത്തെ ദുരനുഭവമല്ല. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കവെ ജൂൺ 11 -ന്, കേരളത്തിൽ നിന്നുള്ള മിമിക്രി കലാകാരനും നടനുമായ കലാഭവൻ നിജു ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള അഗുംബെയിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു നിജുവിന് ഹൃദയാഘാതം ഉണ്ടായത്.
മെയ് മാസത്തിൽ, സിനിമ സംഘത്തിന് രണ്ട് ദുരന്തങ്ങൾ കൂടി നേരിടേണ്ടിവന്നു. ചിത്രത്തിന്‍റെ ഭാഗമായ കന്നഡ നടനും ഹാസ്യനടനുമായ രാകേഷ് പൂജാരി ഒരു വിവാഹച്ചടങ്ങിൽ ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കപിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് സൗപർണിക നദിയിൽ മുങ്ങിമരിച്ചു.
2023 നവംബറിൽ, മുദൂരിൽ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ഒരു മിനിബസ് അപകടത്തിൽപ്പെട്ടു. ഭാഗ്യവശാൽ, എല്ലാവരും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടാതെ, ഈ വർഷം ആദ്യം ചിത്രത്തിനായി നിർമ്മിച്ച ഒരു കൂറ്റൻ സെറ്റ് കനത്ത മഴയിൽ നശിച്ചു.
കാന്താര ചാപ്റ്റര്‍ 1
വെല്ലുവിളികൾക്കിടയിലും, കന്നഡ സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണ് കാന്താര ചാപ്‌റ്റര്‍ 1. ഋഷഭ് ഷെട്ടിയുടെ 2022 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണിത്. കെജിഎഫിൻ്റെയും സലാറിൻ്റെയും നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് കാന്താരാ ചാപ്റ്റര്‍ 1-ന്‍റെയും പിന്നില്‍. 2025 ഒക്ടോബർ 2-ന് കാന്താര -2 റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.