എമ്പുരാന്‍ സിനിമയ്ക്കായി മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്‍റെ ഐമാക്‌സ് ട്രെയിലര്‍ ലോഞ്ച് ഇന്ന് (മാര്‍ച്ച് 20) മുംബൈയില്‍ നടന്നു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ,അഭിമന്യു സിങ് തുടങ്ങി ചിത്രത്തിലെ മറ്റു താരങ്ങളും പരിപാടിയുടെ ഭാഗമായി. ഗോകുലം ഗോപാലനും ചടങ്ങില്‍ പങ്കെടുത്തു.
"തന്‍റെ 47 വര്‍ഷത്തെ സിനിമ ജീവിതം മനോഹരമായ യാത്രയാണ്. എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല, തങ്ങളുടെ ചോരയും വിയര്‍പ്പുമാണ് ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കും", മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.
"ഇന്ത്യയില്‍ അവശ്വസനീയമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. കേരളം ചെറിയ ഒരു ഇന്‍ഡസ്‌ട്രിയായിരുന്നു. പക്ഷേ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഞാന്‍ മുന്‍പ് ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്കോപ്, 70 എം എം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്‌സും. പ്രേക്ഷകര്‍ക്ക് നന്ദി. ആളുകള്‍ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട് ബാക്കിയുള്ള കാര്യങ്ങള്‍ ദൈവം തീരുമാനിക്കട്ടെ", മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ പ്രദര്‍ശനത്തിന് ആദ്യ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം കൊച്ചിയില്‍ താനുമുണ്ടാകുമെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.
ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീഗോകുലം മൂവിസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കേറിയ ചിത്രമാണ് എമ്പുരാന്‍.

മാര്‍ച്ച് 27 ന് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്.
ഖുറേഷി അബ്രാം/ സ്‌റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ് കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍,ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, അനീഷ് ജി മേനോന്‍, മണിക്കുട്ടന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, സുകാന്ത്, നിഖാത് ഖാന്‍, സത്യജിത്ത് ശര്‍മ, ബെഹസാദ് ഖാന്‍, നയന്‍ ഭട്ട്, ശുഭാംഗി ജൈസ് ജോസ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.