കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍സിയുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിൻ്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിൻ്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമാതാക്കൾ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിൻ്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്‌റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് കാരക്‌ടർ വീഡിയോയില്‍ മനസിലാകുന്നത്. ഈ വില്ലൻ വേഷം നിവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഘവ ലോറൻസ് നായകനായി എത്തുന്ന 'ബെൻസ്' എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമാണ പങ്കാളിയായ ചിത്രത്തിൻ്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷന്‍ സ്‌റ്റുഡിയോസിൻ്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിൻ്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെൻസ്.
