തെലുഗു സൂപ്പർ താരം മഹേഷ് ബാബുവിന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നമ്രത ശിരോദ്‌കറും മഹേഷിന് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയംഗമമായ ആശംസകൾ രേഖപ്പെടുത്തിയിരിക്കുകയാണ്.
"മറ്റൊരു വർഷം, മറ്റൊരു കാരണം, ഈ അത്ഭുതകരമായ മനുഷ്യന്‍റെ പിറന്നാള്‍ ആഘോഷിക്കാൻ. നിന്നോടൊപ്പമുള്ള ജീവിതം ബ്ലോക്ക്ബസ്‌റ്ററാണ്. അത് മികച്ചതായി തുടരുന്നു. എൻ്റെ സൂപ്പർസ്‌റ്റാറിനും എൻ്റെ പങ്കാളിക്കും എൻ്റെ സ്‌നേഹത്തിനും ജന്മദിനാശംസകൾ." -ഇപ്രകാരമാണ് നമ്രത ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
മഹേഷ് ബാബുവിന്‍റെ ഒരു ചിത്രവും നമ്രത പങ്കുവച്ചിട്ടുണ്ട്. നമ്രത പങ്കുവച്ച പോസ്‌റ്റിന് പിന്നാലെ പിറന്നാള്‍ ആശംസകളുമായി മഹേഷ് ബാബുവിന്‍റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 'എൻ്റെ സൂപ്പർ താരത്തിന് ജന്മദിനാശംസകൾ', -ഒരു ആരാധകന്‍ കുറിച്ചു. നടൻ ചങ്കി പാണ്ഡെയും നടന് ആശംസകൾ നേർന്നു. "ജന്മദിനാശംസകൾ പ്രിയ മഹേഷ്" -ചങ്കി പാണ്ഡെ കുറിച്ചു.
മഹേഷിനോടുള്ള സ്നേഹം പ്രകടിപ്പിച്ചും ആശംസകള്‍ നേര്‍ന്നും നമ്രത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവാഹ വാര്‍ഷിക ദിനത്തിലും നമ്രത ആശംസകളുമായി എത്തിയിരുന്നു. "നിങ്ങൾക്കൊപ്പം പ്രണയത്തിൻ്റെയും സന്തോഷത്തിന്‍റെയും ചിരികളുടെയും ഒരു വർഷം കൂടി ആഘോഷിക്കുന്നു..." -ഇപ്രകാരമായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ നമ്രത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2005 ഫെബ്രുവരി 10നാണ് മഹേഷ് ബാബുവും നമ്രതയും വിവാഹിതരായത്. അവർക്ക് ഗൗതം എന്നൊരു മകനും സിതാര എന്നൊരു മകളുമുണ്ട്.
അതേസമയം ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്‌ത "ഗുണ്ടൂർ കാരം" ആണ് മഹേഷ് ബാബു ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ശ്രീ ലീല, മീനാക്ഷി ചൗധരി, പ്രകാശ് രാജ്, രമ്യ കൃഷ്‌ണൻ, ജഗപതി ബാബു തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരന്നത്.
'എസ്എസ്എംബി 29' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന രാജമൗലി ചിത്രമാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഖ്യാപനം മുതല്‍ രാജമൗലിക്കൊപ്പമുള്ള മഹേഷ് ബാബുവിന്‍റെ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തിരക്കഥ പൂർത്തിയായ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ താരം ജർമ്മനിയിലേയ്‌ക്ക് ഒരു യാത്ര നടത്തിയിരുന്നു. താരത്തിന്‍റെ ജര്‍മ്മന്‍ യാത്രയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Also Read: മഹേഷ് ബാബുവിനൊപ്പം 'SSMB29' ; വിവരങ്ങൾ പങ്കുവച്ച് സംവിധായകൻ രാജമൗലി