രാവണപ്രഭുവിലെ മെലഡിക്കുപോലും ചുവടുവെയ്‌പ്; 'ബീറ്റ് മാറ്റി മലയാളിയെ ഡാൻസ് ചെയ്യിച്ച' സുരേഷ് പീറ്റേഴ്സ്
ദേവരാജൻ മാസ്റ്ററും രവീന്ദ്രൻ മാഷും ജോൺസണും മലയാളിയുടെ സംഗീത ജീവിതത്തിൻ്റെ ഭാഗമായി നിലകൊള്ളുമ്പോള്‍ 'പഞ്ചാബി ഹൗസ്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന സുരേഷ് പീറ്റേഴ്സ് ചെന്നൈയിൽനിന്ന് ഇ ടിവി ഭാരതിനൊപ്പം

By ETV Bharat Entertainment Team
Published : October 13, 2025 at 2:40 PM IST
|Updated : October 13, 2025 at 2:52 PM IST
അക്കി വിനായക്
ക്ലാസിക്കൽ മെലഡികൾ മലയാള സിനിമയുടെ സ്ഥിരം രീതിയായിരുന്ന കാലത്ത്, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിക്കൊണ്ട്, കാലോചിതമായ മികച്ച 'ബീറ്റിലുള്ള' ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീതസംവിധായകനാണ് സുരേഷ് പീറ്റേഴ്സ്. ദേവരാജൻ മാസ്റ്ററും രവീന്ദ്രൻ മാഷും ജോൺസണും മലയാളിയുടെ സംഗീത ജീവിതത്തിൻ്റെ ഭാഗമായി നിലകൊള്ളുമ്പോഴാണ് 'പഞ്ചാബി ഹൗസ്' എന്ന സിനിമയിലൂടെ അദ്ദേഹം മലയാളത്തിലേക്ക് കടന്നുവരുന്നത്. ആഘോഷവേളകളിൽ തമിഴ്, ഹിന്ദി ഗാനങ്ങളെ ആശ്രയിച്ചിരുന്ന മലയാളിക്ക് ഒരു മാറ്റം കൊണ്ടുവരാൻ സുരേഷ് പീറ്റേഴ്സിൻ്റെ ഗാനങ്ങൾക്ക് സാധിച്ചു. കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്ത 'രാവണപ്രഭു'വിലെ 'അറിയാതെ' എന്ന മെലഡി ഗാനത്തിന് പോലും പ്രേക്ഷകർ തിയേറ്ററിൽ നൃത്തം ചെയ്യുന്ന കാഴ്ച അദ്ദേഹത്തിൻ്റെ സംഗീതത്തിൻ്റെ സ്വീകാര്യതയ്ക്ക് തെളിവാണ്. മലയാളത്തിലെ മുൻനിര സംഗീതസംവിധായകനായി തിളങ്ങി നിൽക്കവെയാണ് അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷനാകുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ സുരേഷ് പീറ്റേഴ്സ് ചെന്നൈയിൽനിന്ന് ഇ ടിവി ഭാരതിനോട് സംസാരിക്കുന്നു.
ഏറ്റവും തിരക്കുള്ള സംഗീതസംവിധായകനായി നിലകൊള്ളവെയാണ് പെട്ടെന്ന് ഒരു ഇടവേള എടുക്കുന്നത്. എന്തുപറ്റി? എവിടെ പോയിരുന്നു?
ഒരുപാട് ഹിറ്റ് ചിത്രങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കരിയറിൽ ഒരു ഗ്യാപ്പ് സംഭവിക്കുന്നത്. സംഗീത സംവിധാനത്തോടൊപ്പം തന്നെ സംഗീതം പഠിപ്പിക്കാനും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. 2010-ൻ്റെ തുടക്കത്തിൽ ഒരു മ്യൂസിക് അക്കാദമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ വ്യാപൃതനായി. സംഗീതം പഠിപ്പിക്കാൻ തുടങ്ങി എന്നതുകൊണ്ട് സിനിമ കരിയർ വേണ്ടെന്ന് വെച്ചിട്ടില്ല. സത്യത്തിൽ, പതുക്കെപ്പതുക്കെ അവസരങ്ങൾ നഷ്ടപ്പെടുകയായിരുന്നു. അവസരങ്ങൾ തേടിയെത്തിയപ്പോഴൊക്കെ ഞാൻ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പൂർണമായും അവസരങ്ങൾ ഇല്ലാതെയായി. മ്യൂസിക് അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരക്കിലായിരുന്നതുകൊണ്ടുതന്നെ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് അപ്പോൾ ചിന്തിച്ചുമില്ല. എന്തുകൊണ്ട് ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിനോ, എന്തുകൊണ്ട് അവസരങ്ങൾ ഇല്ലാതായി എന്നതിനോ എനിക്ക് കൃത്യമായൊരു ഉത്തരം അറിയില്ല. ഞാനൊന്നും ഒരിക്കലും വേണ്ടെന്ന് വെച്ചിട്ടില്ല.
സംഗീതസംവിധായകനായുള്ള ഈ യാത്രയെക്കുറിച്ച് പറയാമോ? മലയാളത്തിൽ ദിലീപിന് വേണ്ടി കൂടുതൽ പാട്ടുകൾ ചെയ്തിട്ടുണ്ടല്ലോ?
ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ജീവിതത്തിൽ ലഭിച്ച ഭാഗ്യങ്ങളും വിജയങ്ങളുമെല്ലാം ദൈവാനുഗ്രഹമായാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല പാട്ടുകൾ ചെയ്യണം, പേരെടുക്കണം എന്നൊന്നും മനഃപൂർവം ചിന്തിച്ച് മുന്നോട്ട് പോയിട്ടില്ല. എൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം 'പഞ്ചാബി ഹൗസ്' ആണ്. അതിനുമുമ്പ് 1995-ൽ തമിഴിൽ 'കൂലി' എന്നൊരു സിനിമയ്ക്ക് സംഗീതം നൽകി. അതിനു മുൻപ് ഞാൻ ഗായകനായിരുന്നു, ഡ്രംസ് വായിക്കുമായിരുന്നു. എ ആർ.റഹ്‌മാൻ അടക്കമുള്ളവരോടൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. അതിനിടയിൽ 'മിന്നൽ ഓവി' പോലുള്ള ആൽബങ്ങളും ചെയ്തു.
മലയാള സിനിമയിലൂടെയാണ് ഒരു സംഗീതസംവിധായകനായി ഞാൻ വളർന്നത്. അതിൽ ദിലീപ് ചിത്രങ്ങൾക്കുള്ള പ്രാധാന്യം വലുതാണ്. ആ കാലത്ത്, തമിഴിലെയും മലയാളത്തിലെയും സിനിമകൾ വെച്ച് നോക്കുമ്പോൾ, ദിലീപ് സിനിമകൾക്ക് വളരെയധികം വ്യത്യസ്തത ഉണ്ടായിരുന്നു. 'തെങ്കാശിപ്പട്ടണം' പോലുള്ള സിനിമകൾ കോമഡിയാണ്, എന്നാൽ കോമഡിക്ക് വേണ്ടി മാത്രമല്ല അവ ഒരുക്കിയത്, നല്ല കഥയുമുണ്ട്. നല്ല കഥയും കഥാസാഹചര്യങ്ങളും ഉള്ളതുകൊണ്ടാണ് നല്ല പാട്ടുകളും ചെയ്യാൻ സാധിച്ചത്. സിനിമയുടെ കഥയ്ക്ക് അനുസരിച്ച് ഗാനങ്ങൾ ചേർന്ന് നിൽക്കണം, അപ്പോഴാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക.
താങ്കളുടെ ഗാനങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ ഇപ്പോഴുമുള്ള സ്വീകാര്യതയ്ക്ക് പിന്നിലെ രസതന്ത്രം എന്താണ്?
പാട്ടിൻ്റെ സ്റ്റൈൽ, അതിലെ വ്യത്യസ്തത, പിന്നെ നല്ല 'മിക്സ്' – ഇത്തരം കാര്യങ്ങൾ തുടക്കകാലം മുതൽക്ക് തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു പാട്ടിൻ്റെ മിക്സ് ചെയ്യുമ്പോൾ ഒരു കോംപ്രമൈസിനും ശ്രമിച്ചിരുന്നില്ല. കാരണം, മിക്സ് ചെയ്ത് പുറത്തിറങ്ങുന്ന പാട്ടാണ് വർഷങ്ങളോളം ഇവിടെ നിലനിൽക്കുന്നത്. അതിൽ കോംപ്രമൈസ് ചെയ്താൽ കാലങ്ങൾ കഴിയുന്തോറും പാട്ടിലെ പോരായ്മകൾ പ്രേക്ഷകർക്ക് മനസ്സിലാകും. നന്നായി മിക്സ് ചെയ്ത് പുറത്തിറങ്ങുന്ന പാട്ടുകളാണ് ഏറെക്കാലം പുതുമയോടുകൂടി നിലനിൽക്കുക.

ദിലീപ് സിനിമകളിൽ എൻ്റെ നല്ല പാട്ടുകൾ കുറച്ചധികം ഉണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ സിനിമകളെ മാത്രം ഒരു പ്രത്യേക രീതിയിൽ സമീപിക്കുന്ന സ്വഭാവം എനിക്കില്ല. എല്ലാ സിനിമകളോടും ഒരേ രീതിയിലുള്ള സമീപനമാണ്. ഒരു സിനിമയിലെ നായകനല്ല, നല്ല പാട്ടുകൾ സംഭവിക്കാനുള്ള കാരണം അതിൻ്റെ കഥയും തിരക്കഥയുമാണ്. ഒരു സിനിമയുടെ തിരക്കഥ വായിക്കുമ്പോൾ ലഭിക്കുന്ന ഐഡിയകളാണ് എൻ്റെ പാട്ടുകളിലൂടെ പ്രതിഫലിക്കുക.
സിനിമയ്ക്ക് സംഗീതം നൽകുമ്പോഴാണ് ഒരു സംഗീത സംവിധായകന് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. വ്യത്യസ്ത സിറ്റുവേഷനുകൾക്ക് അനുസരിച്ച് പാട്ടുകൾ ചെയ്യാം. ഒരുപാട് സംഗീതജ്ഞരോടും ഗായകരോടുമൊപ്പം ചേർന്ന് പ്രവർത്തിക്കാം, പലപല സ്റ്റൈലിൽ പരീക്ഷണങ്ങൾ നടത്താം. ദിലീപിൻ്റെ സിനിമകളിൽ എനിക്ക് സംഗീതത്തിന്മേൽ ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്, അത്രയധികം വ്യത്യസ്ത സിറ്റുവേഷൻ ഉള്ള സിനിമകളായിരുന്നു അദ്ദേഹത്തിൻ്റേത്. ഓരോ സിനിമയിലും നിരവധി പരീക്ഷണങ്ങൾ നടത്തിയാണ് ഞാൻ പുതിയ പാട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. എന്നിലെ സംവിധായകന് മലയാളി പ്രേക്ഷകർ നൽകിയ പിന്തുണ വളരെ വലുതായിരുന്നു, ആ പിന്തുണയാണ് പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം നൽകിയത്.
താങ്കളുടെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി കണക്കാക്കാവുന്ന ഗാനമാണ് 'മഴത്തുള്ളി കിലുക്കത്തിലെ' 'തേരിറങ്ങും മുകിലേ'. എന്നാൽ ഈ ഗാനത്തിൻ്റെ സംഗീതസംവിധാനം താങ്കളാണെന്ന് പലർക്കും വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നല്ലോ?
അത് സത്യമാണ്. 'തേരിറങ്ങും മുകിലേ' ഞാൻ സംഗീതസംവിധാനം നിർവഹിച്ചതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കാരണം, ഞാൻ ആലപിച്ച പാട്ടുകൾ – 'ചിക്ക് പുക്ക് റെയിലെ', 'ഊർവസി ഊർവസി', 'പേട്ടറാപ്പ്' തുടങ്ങിയ ഹിറ്റ് ഫാസ്റ്റ് നമ്പറുകൾ – എല്ലാം റഹ്‌മാൻ സാറിന് വേണ്ടിയായിരുന്നു. ഈ പാട്ടുകളൊക്കെ പാടിയ മനുഷ്യനാണോ ഇത്രയും മനോഹരമായ ഒരു മെലഡി കമ്പോസ് ചെയ്തതെന്ന് വിശ്വസിക്കാൻ പലർക്കും പ്രയാസമുണ്ടായി. ഞാൻ മുൻപ് ചെയ്ത പാട്ടുകളിലൂടെയും പാടിയ പാട്ടുകളിലൂടെയും എനിക്ക് വേറൊരു ഇമേജാണ് ജനങ്ങൾക്കിടയിലും സിനിമാപ്രവർത്തകർക്കിടയിലും ഉണ്ടായിരുന്നത്.
താങ്കളുടെ ഈ ഇമേജിനെ മറികടന്ന് ഇത്തരമൊരു മെലഡി ചെയ്യാൻ ധൈര്യം തന്നത് ആരാണ്?
അത്തരത്തിലുള്ള 'ബ്രേക്ക് ദി റൂൾ' കോൺസെപ്റ്റിനുള്ള ധൈര്യം മലയാളി ചലച്ചിത്ര സംവിധായകരിലാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. 'തേരിറങ്ങും മുകിലേ' പോലൊരു ഗാനം എന്നെക്കൊണ്ട് കമ്പോസ് ചെയ്യിക്കാൻ ധൈര്യം കാണിച്ചത് മലയാളം സിനിമ സംവിധായകരാണ്. സത്യം പറഞ്ഞാൽ, മലയാള സിനിമയിൽ പ്രവൃത്തിക്കാൻ സാധിച്ചത് എൻ്റെ ജീവിതത്തിലെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഒരു സംഗീതസംവിധായകൻ എന്നുള്ള രീതിയിൽ എന്നെ സംതൃപ്തിപ്പെടുത്തുന്ന പാട്ടുകളൊക്കെ ഞാൻ മലയാളത്തിലാണ് ചെയ്തിട്ടുള്ളത്.
ആ ഗാനം പിറന്ന നിമിഷം ഓർക്കുന്നുണ്ടോ?
'തേരിറങ്ങും മുകിലേ' എൻ്റെ ഉള്ളിൽ വളരെ നാച്ചുറലായി സംഭവിച്ചതാണ്. സംവിധായകൻ എന്നോട് സിറ്റുവേഷൻ പറഞ്ഞപ്പോൾ തന്നെ പാട്ട് ഉള്ളിൽ ജനിച്ചു. ദിലീപിൻ്റെ കഥാപാത്രം അമ്മമാർക്ക് വേണ്ടി പാടുന്ന ഒരു പാട്ട്. ആ സിറ്റുവേഷൻ കേട്ടപ്പോൾ തന്നെ ഞാൻ സംവിധായകനോട് പറഞ്ഞു, "ബ്യൂട്ടിഫുൾ..."!

ഈ പാട്ട് റെക്കോർഡ് ചെയ്തതിലും ഒരു പ്രത്യേകതയുണ്ട്. 'മഴത്തുള്ളി കിലുക്കം' ഒക്കെ ഇറങ്ങുമ്പോൾ കുറേക്കൂടി നല്ല ടെക്നോളജി ലഭ്യമായി. ഓർക്കസ്ട്ര ഒക്കെ പ്രത്യേകം പ്രത്യേകം എടുക്കുന്ന രീതികളൊക്കെ അവലംബിച്ചു തുടങ്ങിയിരുന്നു. പക്ഷേ 'തേരിറങ്ങും മുകിലേ' എന്ന ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ ഞങ്ങൾ ഒരുമിച്ചാണ് റെക്കോർഡ് ചെയ്തത്. അതായത്, എല്ലാ ഇൻസ്ട്രുമെൻ്റുകളും ഒരേസമയം വായിച്ചുകൊണ്ട് തത്സമയം റെക്കോർഡ് ചെയ്തു. ഓരോ സംഗീതജ്ഞനും പ്രത്യേകം പ്രത്യേകം വന്നു റെക്കോർഡ് ചെയ്തു പോകുമ്പോൾ പാട്ടുകൾക്ക് ഒരു ജീവൻ ഉണ്ടാകണമെന്നില്ല. എല്ലാവരും ഒരുമിച്ചിരുന്ന് ഒരു പാട്ടിനു വേണ്ടി വായിക്കുമ്പോൾ ആ സംഗീതജ്ഞർ തമ്മിലുള്ള ഒരു 'കെമിസ്ട്രി' കൃത്യമായി വർക്ക് ഔട്ട് ആകും. അപ്പോൾ പാട്ടിന് കൂടുതൽ ജീവനുള്ളതുപോലെ തോന്നും.
മലയാള സിനിമയിൽ മറ്റ് ഭാഷകളിലെ കലാകാരന്മാരെ കൊണ്ടുവരുമ്പോൾ, ആസ്വാദകർ അത് ഏറ്റെടുക്കുന്നതിൽ ഒരു പ്രത്യേക രീതിയുണ്ടല്ലോ? ഗായകൻ മനോയെ താങ്കളുടെ സിനിമകളിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയാമോ?
മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേകതയുണ്ട്. ഏത് നാട്ടിൽ നിന്ന് എന്ത് കൊണ്ടുവന്നാലും അത് 'ബെസ്റ്റ്' ആയിരിക്കണം, ഏറ്റവും ഗുണനിലവാരമുള്ളതായിരിക്കണം. ആ തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് മനോ എന്ന അതുല്യ ഗായകനെ എൻ്റെ സിനിമകളിലേക്ക് കൊണ്ടുവരാൻ കാരണമായത്. മനോ എന്ന ഗായകൻ്റെ ശബ്ദത്തിലുള്ള ഡൈനാമിക് റെയിഞ്ച് അത്യുഗ്രമാണ്. പക്ഷേ മനോ എന്ന കലാകാരനെ ഒരുപാട് ഉപയോഗിക്കാൻ മലയാള സിനിമ തയ്യാറായില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അദ്ദേഹം എനിക്കുവേണ്ടി പാടിയ അല്ലെങ്കിൽ മറ്റുള്ള സംവിധായകർക്ക് വേണ്ടി പാടിയ മലയാളം പാട്ടുകളൊക്കെ തന്നെ അതിഗംഭീരമാണ്. അദ്ദേഹത്തിന് തുടർച്ചയായി ഇവിടെ അവസരങ്ങൾ ലഭിക്കണമായിരുന്നു. മലയാളം എന്നല്ല ഏതു ഭാഷയിലെയും ഗാനങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഗായകനാണ് മനോ. ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാള്‍.

താങ്കളുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ വിജയമായ പരീക്ഷണം ഏതാണ്?
എല്ലാ പാട്ടുകളും ഒരു പരീക്ഷണം തന്നെയാണ് എങ്കിലും ചോദ്യത്തിന് ഉത്തരം പോലെ മലയാളി മാമന് വണക്കം എന്ന സിനിമയെക്കുറിച്ച് സംസാരിക്കാം. തമിഴ് മലയാളം സമ്മിശ്ര കഥാ പശ്ചാത്തലമുള്ള സിനിമയാണ് ജയറാം നായകനായ മലയാളി മാമന് വണക്കം. ചെന്നൈയിലാണ് ഞാൻ ജനിച്ചു വളർന്നത് തമിഴ് സിനിമകളിലാണ് ഞാൻ പ്രവർത്തിച്ചത് പിന്നീടാണ് മലയാളത്തിലേക്ക് വരുന്നത്. രണ്ട് നാടിൻ്റെയും സിനിമ സംഗീതം തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഈ രണ്ട് സംസ്കാരത്തെയും ഒന്നിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ മാതൃകയിലുള്ള സംഗീതമായിരുന്നു മലയാളി മാമനു വണക്കം എന്ന സിനിമയിലേക്ക്. പാട്ട് കേൾക്കുമ്പോൾ ഇതൊരു തമിഴ് സ്റ്റൈൽ പാട്ടാണെന്ന് തോന്നരുത്. തമിഴ് വരികളുള്ള പാട്ടാണെങ്കിലും അതൊരു മലയാള സിനിമയിലെതാണെന്ന് തോന്നണം. എന്നാൽ അതോടൊപ്പം തന്നെ ആ പാട്ട് കേൾക്കുമ്പോൾ ഒരു തമിഴ് സ്റ്റൈലും ഫീൽ ചെയ്യണം. വളരെയധികം വർക്കൗട്ട് ആയ പാട്ടുകൾ ആയിരുന്നു ആ സിനിമയിലേത്. വളരെ പെട്ടെന്ന് ചെയ്തെടുത്ത പാട്ടുകൾ ഒന്നുമല്ല ഈ സിനിമകളുടേത് ഒന്നും. നിരവധി ട്യൂണുകളിൽ നിന്നാണ് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നത്.
പാട്ടുകൾ സൃഷ്ടിക്കുന്നതിൽ താങ്കൾ പിന്തുടരുന്ന രീതി എന്താണ്?
ഓരോ പാട്ട് ചെയ്തു കഴിയുമ്പോഴും ആണ് ആ സിനിമയിലേക്ക് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിൽ സംഗീതം ചെയ്യാൻ സാധിക്കുക. പരമാവധി ആ സിനിമയെ ഉൾക്കൊണ്ടുകൊണ്ടാണ് പാട്ടുകൾ സൃഷ്ടിക്കുന്നത്. ഓടിച്ചെന്ന് ഒരു പടം കമ്മിറ്റ് ചെയ്ത് പാട്ടുകൾ ചെയ്തു പോകുന്ന രീതി എനിക്കില്ല. അതിനെക്കുറിച്ച് പറയാൻ അറിയില്ല.
ഒരു ഗാനം ഹിറ്റാകുന്നതിൽ സിനിമയുടെ വിജയത്തിന് എത്രത്തോളം പങ്കുണ്ട്?
ചലച്ചിത്ര ഗാന വിമർശനങ്ങളെ കൂടുതൽ ശ്രദ്ധിക്കുന്ന ഒരാളല്ല ഞാൻ. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതിൻ്റെ മെയിൻ ഹീറോ എന്ന് പറയുന്നത് കഥയാണ്. ക്യാപ്റ്റൻ എന്ന് പറയുന്നത് സംവിധായകൻ. ഈ രണ്ടു ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് സംഗീതം ജനിക്കുന്നത്. തിയേറ്ററിൽ പടം നന്നായി പോയാൽ മാത്രമേ പാട്ടുകൾ ഹിറ്റ് ആവുകയുള്ളൂ എന്നൊരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ സാധിക്കുന്നില്ല. ഇളയരാജയുടെ എത്രയോ മനോഹര ഗാനങ്ങൾ ഉണ്ട്. ഇപ്പോഴും നമ്മൾ റിപ്പീറ്റ് അടിച്ചു കേൾക്കുന്ന അദ്ദേഹത്തിൻ്റെ പാട്ടുകളിൽ പലതും വലിയ പരാജയ ചിത്രങ്ങളിലേതാണ്. നല്ല പാട്ടുകൾ ഉള്ളതുകൊണ്ട് സിനിമകൾ വിജയിക്കണമെന്നില്ല. വിജയ സിനിമകളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെടണമെന്നില്ല. ഒരു പാട്ട് മികച്ചതാണ് എന്ന ധാരണയോടുകൂടി തന്നെയാണ് അതിൻ്റെ ഫൈനൽ ഔട്ട് സിനിമയ്ക്ക് വേണ്ടി എന്നെപ്പോലുള്ള സംഗീത സംവിധായകർ നൽകുന്നത്. പ്രേക്ഷകർ ആ ഗാനങ്ങൾ ഏറ്റെടുത്താൽ മാത്രമാണ് ഞങ്ങളെപ്പോലുള്ള സംഗീതസംവിധായകരുടെ കരിയർ ശോഭിക്കുക. ഒരു സിനിമയ്ക്ക് പാട്ടുകൾ വേണം. പക്ഷേ ആ ചെയ്യുന്ന പാട്ടുകൾ കഥാസന്ദർഭങ്ങളുമായി യോജിച്ചിരുന്നാൽ മാത്രമാണ് പാട്ടുകൾ സിനിമയ്ക്ക് ഗുണം ചെയ്യുക. പാട്ടു വേറെ വഴിക്ക് സിനിമ വേറെ വഴിക്ക് പോയാൽ എന്തു ചെയ്യും?തെങ്കാശിപ്പട്ടണം എന്ന സിനിമയ്ക്ക് വേണ്ടി 25ൽ അധികം ട്യൂണുകളാണ് ഞാൻ സൃഷ്ടിച്ചത്. അതിൽനിന്നാണ് അഞ്ച് പാട്ടുകൾ സംവിധായകൻ തിരഞ്ഞെടുത്തത്. വരികൾക്കനുസരിച്ച് മ്യൂസിക് അറേഞ്ച് ചെയ്ത് സിനിമയുടെ കഥാവഴിയിൽനിന്ന് അകന്നു നിൽക്കാതെ അതോടൊപ്പം ലയിപ്പിക്കുന്നത് ഒരു വലിയ പ്രോസസ് ആണ്.

താങ്കൾക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളുടെ സ്വഭാവം എന്താണ്?
ഒരുപാട് ഫാസ്റ്റ് നമ്പർ പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും മെലഡിയാണ് എൻ്റെ ഇഷ്ട ഴോണർ. അതിലും ഒരു ഓർക്കസ്ട്രേഷൻ്റെ യും പിന്തുണയില്ലാതെ ഡ്രൈ ആയി പാടുന്ന രീതി. അതായത് ഗായകന്റെ ശബ്ദം മാത്രം, അതാണ് ജീവിതത്തിലെ ഏറ്റവും എഫക്റ്റീവ് ആയ സംഗീതം. മെലഡി മാത്രമാണ് കാലോചിതമായി നിലനിൽക്കുന്നത്. കാലത്തിനനുസരിച്ചുള്ള സ്റ്റൈൽ മെലഡി ഗാനങ്ങളിൽ കൊണ്ടുവരാം. പുതിയകാലത്ത് ടെക്നോളജിയുടെ അതിപ്രസരമുണ്ട്. അത്തരം ടെക്നോളജി സംഗീതത്തെ കടത്തിവെട്ടുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നല്ല മെലഡികൾ സൃഷ്ടിക്കാനാണ് എന്നിലെ സംഗീത സംവിധായകൻ ഇഷ്ടപ്പെടുന്നത്.
ഒരു സാധാരണക്കാരന് മൂളണമെങ്കിൽ അത് മെലഡി ഗാനങ്ങൾ മാത്രമേ സാധിക്കുകയുള്ളൂ. സാധാരണക്കാരുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത് മെലഡികളാണ്. മെലഡി സ്വഭാവമുള്ള പാട്ടുകൾ കാലോചിതമായി നിലനിൽക്കുന്നതുകൊണ്ടാണ് രാവണപ്രഭുവിലെ പാട്ടുകൾ എല്ലാം ഇപ്പോഴും ജനങ്ങൾ ആഘോഷിക്കുന്നത്.ആ പാട്ടുകളെല്ലാം ശ്രദ്ധിച്ചാൽ തകിലു പുകിലാണെങ്കിലും പൊട്ടുകുത്തടി ആണെങ്കിലും വലിയ ഫാസ്റ്റ് നമ്പർ അല്ല. അതിനൊരു മെലഡി സ്വഭാവം ഉണ്ട്.
'അമ്മ' അസോസിയേഷൻ മലയാളത്തിലെ എല്ലാ താരങ്ങളെയും ടെക്നീഷ്യൻമാരെയും ഒരുമിപ്പിച്ച് നിർമിച്ച 'ട്വൻ്റി ട്വൻ്റി' എന്ന ചിത്രത്തിൽ പാട്ട് ചെയ്യാൻ താങ്കൾക്ക് അവസരം ലഭിച്ചല്ലോ? ആ അനുഭവത്തെക്കുറിച്ച്?
മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളും അണിനിരന്ന വലിയൊരു ചിത്രമായിരുന്നു 'ട്വൻ്റി ട്വൻ്റി'. മറ്റൊരു ഭാഷയിൽ നിന്നുള്ള എന്നെ ആ സിനിമയുടെ ഒരു പാട്ട് ചെയ്യാൻ ക്ഷണിക്കണമെങ്കിൽ, അതിനു പ്രധാന കാരണം ഇവിടത്തെ പ്രേക്ഷകരും സിനിമ പ്രവർത്തകരും എന്നെ ഇവിടത്തെ ഒരാളായി കണക്കാക്കുന്നത് കൊണ്ടാണ്. ആ സിനിമ ഇറങ്ങുന്ന കാലഘട്ടത്ത് എനിക്ക് വലിയ ഇൻഡസ്ട്രി സപ്പോർട്ട് ഇവിടെ ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും എന്നെ വളരെ വലിയ രീതിയിലാണ് പിന്തുണച്ചത്. എന്നിലെ സംഗീതസംവിധായകൻ്റെ കഴിവുകൾ പരമാവധി പുറത്തെടുക്കാൻ കാരണമായതും മലയാള സിനിമകളാണ്. നമ്മൾ ഏത് ഭാഷയിൽ ജോലി ചെയ്താലും പരമാവധി ആത്മാർഥത പുലർത്തുക. ആ ആത്മാർഥതയുടെ പരിണിതഫലമാണ് ട്വൻ്റി ട്വൻ്റി.
താങ്കൾ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകനായി നിലകൊള്ളുമ്പോൾ, അന്ന് ഈ രംഗത്തെ മറ്റ് പ്രതിഭകളുമായി ഏറ്റവും വലിയ മത്സരം ആരോടായിരുന്നു?
ഞാൻ മത്സരിച്ചത് എന്നോട് തന്നെയാണ്. ഓരോ സിനിമ കഴിയുന്തോറും മുൻപ് ചെയ്തതിൽ നിന്ന് മികച്ചത് ചെയ്യുക. എൻ്റെ കഴിഞ്ഞ വർക്കിനെ മുൻനിർത്തിയാണ് ഞാൻ മത്സരിക്കുന്നത്. അല്ലാതെ മറ്റൊരു സംഗീത സംവിധായകനുമായി ഞാൻ മത്സരിക്കാൻ ശ്രമിച്ചിട്ടില്ല. നമ്മൾ ഒരു പടം ചെയ്തു, ആ പടത്തിലെ പാട്ടുകൾ വലിയ ഹിറ്റായി, ആ സിനിമയും ഹിറ്റായി. അടുത്ത സിനിമയുടെ ജോലികളിലേക്ക് കടക്കുമ്പോൾ ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നത് കഴിഞ്ഞ സിനിമ തന്നെയാണ്. അതിനു മുകളിൽ ചെയ്യണം. നല്ല പാട്ടുകൾ ചെയ്തു പക്ഷേ കഴിഞ്ഞ സിനിമയുടെ നിലവാരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല എങ്കിൽ എൻ്റെ ശത്രു ഞാൻ തന്നെയല്ലേ. എൻ്റെ സംഗീതത്തിൻ്റെ സ്റ്റൈൽ വ്യത്യസ്തമാണ്. എൻ്റെ സംഗീതവുമായി സാമ്യതയുള്ള പാട്ടുകൾ ചെയ്യുന്ന സംഗീതസംവിധായകർ വേറെയില്ല. അതുകൊണ്ടുതന്നെ ആരുമായും എനിക്ക് മത്സരമില്ല.

താങ്കളുടെ സംഗീതസംവിധാനത്തിൽ പിറന്ന ഗാനങ്ങൾ താങ്കൾ തന്നെ പിന്നീട് കേൾക്കാറുണ്ടോ?
ഇല്ല. ഒരു പാട്ട് ചെയ്യുമ്പോൾ നൂറ് പ്രാവശ്യം വരെയൊക്കെ കേട്ടിട്ടാണ് പ്രേക്ഷകർക്ക് നൽകുന്നത്. ആഗാനം അവർ ഏറ്റെടുത്താലും ഇല്ലെങ്കിലും പിന്നീട് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. കേൾക്കാറില്ല.
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ ഏതൊക്കെയാണ്?
പാട്ടുകളെക്കാൾ കൂടുതൽ ആർട്ടിസ്റ്റുകൾക്കാണ് ഞാൻ കൂടുതൽ മുൻഗണന നൽകുന്നത്. എ ആർ റഹ്മാൻ, ആർ ഡി ബർമൻ, ഇളയരാജ തുടങ്ങിയവരുടെ പാട്ടുകൾ എപ്പോഴും പ്ലേ ലിസ്റ്റിൽ ഉണ്ടാകും. അതുപോലെതന്നെ അർജിത് സിങ്ങിൻ്റെ പാട്ടുകൾ ധാരാളം കേൾക്കും. കിഷോർകുമാർ, മുഹമ്മദ് റഫി, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയവരുടെ പാട്ടുകളും പ്രിയപ്പെട്ടവ തന്നെ. എല്ലാത്തിലും ഉപരി യേശുദാസിൻ്റെ വലിയൊരു കളക്ഷൻ എൻ്റെ പക്കൽ ഉണ്ട്.

