മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ആദ്യമായി ഒന്നിച്ച ചിത്രം 'തുടരും' ഗംഭീര അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തി മൂന്നാം ദിവസം പിന്നിടുമ്പോള്‍ ബോകസ് ഓഫിസിലും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രം കാഴ്‌ച വയ്‌ക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 24 കോടി രൂപയാണ്. ആദ്യദിനത്തില്‍ 5.25 കോടി രൂപയാണ് ചിത്രം നേടിയതെങ്കില്‍ 5.24 കോടി രൂപ മലയാളത്തില്‍ നിന്നുമാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 8.6 കോടിയും മലയാളത്തില്‍ നിന്ന് 8.45 കോടി രൂപയും തെലുഗുവില്‍ നിന്ന് 0.15 കോടി രൂപയുമാണ് ലഭിച്ചത്. മൂന്നാം ദിവസത്തില്‍ 10.25 കോടി രൂപയാണ് ലഭിച്ചത്. ആഗോള തലത്തില്‍ 41.05 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമെ കര്‍ണാടയില്‍ നിന്നും ഉയര്‍ന്ന കലക്ഷനാണ് തുടരും നേടുന്നത്. ബെംഗളൂരുവിൽ രണ്ടാം ദിവസം ആദ്യ പ്രദർശനങ്ങളുടെ എണ്ണം ഇരട്ടിയോളം എത്തിയിരുന്നു. ട്രാക്കര്‍മാരുടെ നിരീക്ഷണത്തില്‍ കര്‍ണാടകയില്‍ 'തുടരും' 126 ഷോകളുടെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. രണ്ടാം ദിവസം 214 ഷോകളായും മൂന്നാം ദിവസം ഞായറാഴ്‌ച 324ഷോകളായും ഇത് ഉയര്‍ന്നു. ആദ്യ ഞായറാഴ്‌ച 187 ഷോകൾ വേഗത്തിൽ വിറ്റു തീർന്നു എന്ന സർവകാല റെക്കോർഡ് 'തുടരും' നേടി.

മറ്റ് സംസ്ഥാനങ്ങളില്‍ 'തുടരും' പ്രകടനത്തിൽ നേരിയ പുരോഗതി മാത്രമേ നേടിയിട്ടുള്ളൂ. ആന്ധ്ര/തെലങ്കാന കണക്കുകൾ ആദ്യ ദിനത്തിൽ 0.1 കോടി രൂപയിൽ നിന്ന് രണ്ടാം ദിനത്തിൽ 0.4 കോടി രൂപയായി ഉയർന്നു; തമിഴ്‌നാട്ടിൽ ഇത് യഥാക്രമം 0.25 കോടി രൂപയും 0.55 കോടി രൂപയും ആയിരുന്നു, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 0.15 കോടി രൂപയും പിന്നീട് 0.65 കോടി രൂപയും ലഭിച്ചു. കേരളത്തില്‍ ഞായറാഴ്‌ച 77 ശതമാനം തിയേറ്റര്‍ ഒക്യുപ്പന്‍സിയാണ്.

അതേസമയം, 'ഓപ്പറേഷൻ ജാവ'യും 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ 'തുടരും' എന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഷണ്‍മുഖം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്‍റെ പ്രകടനത്തെ കുറിച്ചാണ് ആരാധകര്‍ എടുത്തു പറയുന്നത്. താരത്തിന്‍റെ തിരിച്ചു വരവാണ് ഈ ചിത്രം പറയുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രം വെള്ളിയാഴ്ച ( ഏപ്രില്‍ 25)യാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം എല്ലാ വിഭാഗം പ്രേക്ഷകരില്‍ നിന്നും ഒരുപോലെയുള്ള മികച്ച അഭിപ്രായമാണ് നേടുന്നത്.