മലയാള മെഗാസ്റ്റാറിന്‍റെ സ്റ്റൈലിഷ് തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മമ്മൂട്ടി ആരാധകര്‍. അവരെ സന്തോഷിപ്പിച്ചുകൊണ്ട് ഏപ്രില്‍ 10 ന് 'ബസൂക്ക' ആഗോളതലത്തില്‍ തിയേറ്ററില്‍ എത്തി. നവാഗതനായ ഡീനോ ഡെന്നീസിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്‌ത വേഷവുമൊക്കെ നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സിന്‍റെ' ബോക്‌സ് ഓഫീസ് പരാജയത്തിന് ശേഷം മമ്മൂട്ടിയുടെ തിരിച്ചു വരവിന് തന്നെയാണ് ആരാധകര്‍ കാത്തിരുന്നത്.
'ബസൂക്ക'യുടെ ആദ്യ ദിവസത്തെ ഷോ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും സ്‌റ്റൈലിഷ് അവതാരത്തെ കുറിച്ചും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. മാത്രമല്ല ടൈറ്റില്‍ കാര്‍ഡില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് കാണിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ടൈറ്റില്‍ കാര്‍ഡില്‍ മെഗാസ്റ്റാര്‍ എന്ന് എഴുതി കാണിച്ചത്. എന്നിരുന്നാലും, സിനിമയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഭാഗം 25 മിനിറ്റോളം ദൈർഘ്യമുള്ള ക്ലൈമാക്‌സാണ്. 'കിക്കാസ്' ക്ലൈമാക്‌സും അവസാന ഭാഗങ്ങളും പൂർണ്ണമായും വിലമതിക്കുന്നതാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
ആദ്യ ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫിസില്‍ 3.25 കോടി രൂപയാണ് നേടാനായതെന്നാണ് ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 1.50 കോടി രൂപ ലഭിച്ചിരുന്നു. അതേസമയം കേരളത്തിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി 48.82 ശതമാനമായിരുന്നു. രാവിലെ 40.82 ശതമാനവും ഉച്ചയ്ക്ക് 43. 90 ശതമാനവും വൈകുന്നേരം 47.73 ശതമാനവും രാത്രി 61.66 ശതമാനവുമായിരുന്നു ഇന്നലത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി.
മൊത്തത്തിൽ, ഡീനോ ഡെന്നിസിന്‍റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. മമ്മൂട്ടിയുടെ പ്രകടനത്തെയും, സ്റ്റൈലിഷ് മേക്കിംഗിനെയും, സയീദ് അബ്ബാസിന്‍റെ പശ്ചാത്തലസംഗീതത്തെയും കുറിച്ച് പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്. അതേസമയം കഥാസന്ദർഭവും നിർവ്വഹണത്തെ കുറിച്ചും വിമര്‍ശനവും ഉയരുന്നുണ്ട്.

'ബസൂക്ക'യോടൊപ്പം ബേസിൽ ജോസഫിന്‍റെ 'മരണമാസ്', 'പ്രേമലു' താരം നസ്‌ലിന്‍റെ 'ആലപ്പുഴ ജിംഖാന' എന്നിവയാണ് ബോക്‌സ് ഓഫീസിൽ മത്സരിക്കുന്ന മലയാളത്തിലെ മറ്റു രണ്ട് ചിത്രങ്ങള്‍. അജിത് കുമാര്‍ നായകനായ തമിഴ് ചിത്രം 'ഗുഡ് ബാഡ് അഗ്ലി', സണ്ണി ഡിയോള്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'ജാട്ട്' എന്നിവയും ബോക്‌സ് ഓഫിസില്‍ മത്സരത്തിനുണ്ട്.
അതേസമയം, മാർച്ച് 27 ന് പുറത്തിറങ്ങിയ മോഹൻലാലിന്‍റെ എമ്പുരാൻ ബോക്‌സ് ഓഫീസിൽ മൂന്നാം ആഴ്‌ചയിലേക്ക് കടന്നു. ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്‍റെ തുടർച്ചയായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത എമ്പുരാൻ, വിവാദങ്ങൾക്കിടയിലും ബോക്‌സ് ഓഫീസിൽ വിജയകരമായ ഒരു ഓട്ടം തുടരുകയാണ്.
Also Read: തിയേറ്ററില്‍ 'ബസൂക്ക' താണ്ഡവം, സോഷ്യല്‍ മീഡിയയും ഇളക്കി മറിച്ച് ചിത്രം; ആദ്യ പ്രേക്ഷക പ്രതികരണം