നടൻ ജോജു ജോർജിന്‍റെ ആദ്യ സംവിധാന സംരംഭമാണ് 'പണി'. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ നിന്നും ലഭിച്ചതിന്‍റെ പതിന്‍മടങ്ങ് പ്രതികരണമാണ് ചിത്രത്തിന് ഒടിടി റിലീസിന് ശേഷം പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
സിനിമയിൽ ജോജു ജോര്‍ജിന്‍റെ കഥാപാത്രമായ ഗിരിയെയും ചിത്രം കണ്ടിരുന്ന പ്രേക്ഷകരെയും കിടുകിടാ വിറപ്പിച്ച ഒരു കഥാപാത്രമുണ്ട്. ഡോൺ സെബാസ്റ്റ്യൻ. ഇത്രയധികം പ്രേക്ഷകരെ ഭയപ്പെടുത്തിയ ഒരു കഥാപാത്രം അടുത്തിടെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്ന് പറയാം.

നടൻ സാഗർ സൂര്യയാണ് ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്‍റെ മികച്ച പ്രകടനത്തിലൂടെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ സാഗര്‍ അവിസ്‌മരണീയമാക്കി. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങള്‍ സാഗര്‍ സൂര്യ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ്.
സാഗർ സൂര്യയുടെ വില്ലൻ കഥാപാത്രം പ്രേക്ഷകരെയും ജോജു ജോർജിന്‍റെ കഥാപാത്രത്തെയും മുട്ടിടിപ്പിച്ചെങ്കിൽ സിനിമയുടെ ചിത്രീകരണ സമയത്ത് ഭയന്ന് മുട്ടിടിച്ച് വിറച്ചത് സാഗർ സൂര്യയായിരുന്നു. അത് എന്തിനായിരുന്നു എന്നത് വഴിയെ പറയാം. സിനിമയുടെ ചിത്രീകരണത്തിന് മുൻപ് സാഗർ സൂര്യയ്‌ക്കും ജുനൈസിനും ബന്ധുക്കളോട് സംസാരിക്കാൻ അനുമതി ഇല്ലായിരുന്നു. ജോജു ജോർജിന്‍റെ ആ കടും പിടുത്തത്തിന് കാരണം എന്ത്?
എല്ലാത്തിനും ഉത്തരം സാഗർ സൂര്യയുടെ പക്കലുണ്ട്.. പണി കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് തന്നെയും ജുനൈസിനെയും തല്ലാന്‍ തോന്നുമെന്നാണ് സാഗര്‍ സൂര്യ പറയുന്നത്. സിനിമ കണ്ടുകഴിഞ്ഞാല്‍ കുറച്ചു ദിവസത്തേക്ക് ആ സിനിമ കണ്ടതിന്‍റെ ഒരു ഹാങ്ങോവർ പ്രേക്ഷകരിൽ ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു.

"പണി കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് എന്നെയും ജുനൈസിനെയും ഒന്ന് തല്ലണമെന്ന് തോന്നും. അതൊരുപക്ഷേ നെഗറ്റീവായ അർത്ഥത്തിലല്ല, അത്രയും കൺവിൻസിംഗായി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിച്ചതിലാണ് പ്രേക്ഷകർക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകുന്നത്. പ്രേക്ഷകരുടെ ഈ തോന്നൽ എന്‍റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കാണാനാണ് ആഗ്രഹിക്കുന്നത്. എന്‍റെ പ്രകടനം മോശം ആയിരുന്നു എങ്കിൽ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രം ഒരുതരത്തിലും പ്രേക്ഷകരെ സ്വാധീനിക്കില്ല. ഗിരി എന്ന നായകന് ഒരു കാരണവശാലും ഹീറോയിസം കാണിക്കാൻ സാധിക്കില്ല," സാഗർ സൂര്യ പറഞ്ഞു.
താനും ജുനൈസും അവതരിപ്പിച്ച കഥാപാത്രമാണ് പണി എന്ന സിനിമയെ താങ്ങി നിർത്തുന്നതെന്നും നടന്‍ പറഞ്ഞു. "ഞാനും ജുനൈസും അവതരിപ്പിച്ച കഥാപാത്രം വീണു പോയിരുന്നെങ്കിൽ പണിയെന്ന ചിത്രം ഒരിക്കലും മികച്ചതായിരിക്കില്ല. ഞങ്ങളുടെ കഥാപാത്രമാണ് സിനിമയെ താങ്ങി നിർത്തുന്നത്. ഈ വസ്‌തുത ആദ്യം മുതൽ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചത് സംവിധായകനായ ജോജു ചേട്ടൻ തന്നെയാണ്. ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് ജോജു ചേട്ടൻ ആദ്യം ഞങ്ങളെ ധരിപ്പിച്ചത്," സാഗർ കൂട്ടിച്ചേര്‍ത്തു.
സാഗറും ജുനൈസും ബിഗ് ബോസില്‍ പങ്കെടുക്കവെയാണ് ഇരുവരുടെയും മുഖം ജോജു ജോര്‍ജ്ജിലേയ്‌ക്ക് എത്തുന്നത്. ബിഗ് ബോസിന് ശേഷം ഏകദേശം രണ്ട് വർഷമാണ് ഇരുവരും പണി എന്ന ചിത്രത്തിന് വേണ്ടി മാറ്റിവെച്ചത്. ഇതേ കുറിച്ചും സാഗര്‍ വിശദീകരിച്ചു.

"ജോജു ചേട്ടൻ ആദ്യം കഥ പറയുന്നത് എന്നോടാണ്. ഈ സിനിമയിലെ ഞാനും ജുനൈസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രാധാന്യം എന്തെന്ന് കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. പിന്നീട് മൂന്ന് മാസത്തോളം ഞങ്ങളെ ഒരു മനയിൽ താമസിപ്പിച്ച് വിദഗ്‌ധനായ ഒരു അധ്യാപകനിലൂടെ അഭിനയ പാഠങ്ങൾ പഠിപ്പിച്ചു തന്നു. ഞങ്ങളുടെ കഥാപാത്രങ്ങൾ സിനിമയിൽ എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എന്നൊക്കെയുള്ള പഠനമായിരുന്നു പ്രധാനമായും അവിടെ നടന്നത്," നടന്‍ പറഞ്ഞു.
സിനിമയിലെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായ തൃശൂര്‍ റൗണ്ടില്‍ തന്നെയും ജുനൈസിനെയും ജോജു ജോര്‍ജ് കാറില്‍ കൂട്ടിക്കൊണ്ട് പോയി ഡയലോഗുകള്‍ പഠിപ്പിക്കുന്നതിനെ കുറിച്ചും നടന്‍ പങ്കുവച്ചു.
"എല്ലാ ദിവസവും വൈകുന്നേരം ജോജു ചേട്ടൻ ഞങ്ങളെ കാറിൽ കൂട്ടിക്കൊണ്ട് പോകും. തൃശ്ശൂർ റൗണ്ട് വഴി കറങ്ങും. സിനിമ കണ്ടവർക്ക് അറിയാം തൃശ്ശൂർ റൗണ്ട് സിനിമയിലെ ഒരു പ്രധാന ലൊക്കേഷനാണെന്ന്. എവിടെയൊക്കെ വച്ച് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ജോജു ച്ചേട്ടൻ പറഞ്ഞുതരും. പ്രധാനമായും ഡയലോഗുകൾ എങ്ങനെ പറയണം എന്നാണ് ജോജു ചേട്ടൻ പഠിപ്പിച്ചുതരിക," സാഗര്‍ സൂര്യ പറഞ്ഞു.
അങ്ങനെ ഇരുവര്‍ക്കും മാസങ്ങളോളം നീണ്ടുനിന്ന പരിശീലനമാണ് ലഭിച്ചത്. ഇതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അതിന്‍റെ ഗുണഫലമാണ് ചിത്രം ഇപ്പോൾ ഒടിടിയില്‍ റിലീസ് ചെയ്‌ത ശേഷവും ലഭിക്കുന്ന വലിയ സ്വീകാര്യത എന്നാണ് സാഗര്‍ സൂര്യ പറയുന്നത്.
ഒരു നടൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെയും ജുനൈസിന്‍റെയും കഥാപാത്രങ്ങൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നുവെന്നും സോഷ്യൽ മീഡിയയിൽ തങ്ങളുടെ കഥാപാത്രങ്ങളെ വലിയ രീതിയിൽ ആഘോഷിക്കുന്നുവെന്നും സാഗര്‍ പറഞ്ഞു.
എന്തുകൊണ്ട് തന്നെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രമാക്കി എന്നൊരു ചോദ്യം ജോജു ജോർജ്ജിനോട് സാഗര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ജോജുവിന്‍റെ മറുപടിയെ കുറിച്ചും സാഗര്‍ വിശദീകരിച്ചു.
"ഒരുപാട് നാളായി ഞങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് വേണ്ടി ജോജു ചേട്ടൻ മുഖങ്ങൾ തിരഞ്ഞ് നടക്കുകയായിരുന്നു. അതിനിടെയാണ് ബിഗ് ബോസിലൂടെ ഞങ്ങളെ കാണുന്നത്. ഭാഗ്യം, നിമിത്തം, ഗുരുത്വം ഇതൊക്കെ കൊണ്ട് ഞാനീ കഥാപാത്രം ചെയ്‌താൽ നന്നായിരിക്കുമെന്ന് ജോജു ചേട്ടന് തോന്നി. പിന്നെ ഒരു മൂന്നു മാസത്തെ അഭിനയ കളരി ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. എങ്ങാനും എന്‍റെ പ്രകടനം മോശമാണെന്ന് ഒരു ധാരണ ഉണ്ടായാൽ മറ്റൊരാളെ എന്‍റെ കഥാപാത്രത്തിനായി കണ്ടു വച്ചിരുന്നുവെന്ന് ജോജു ചേട്ടന്‍ പറഞ്ഞിരുന്നു. പക്ഷേ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് ജോജു ചേട്ടൻ ഇക്കാര്യം എന്നോട് വെളിപ്പെടുത്തുന്നത്," നടന്‍ വ്യക്‌തമാക്കി.
റിലീസിന് ശേഷം ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായതിനെ കുറിച്ചും സാഗര്‍ സംസാരിച്ചു. "ഇന്നത്തെ കാലത്ത് ഒരു സിനിമ പുറത്തിറങ്ങി അതൊരു ചർച്ച വിഷയമാവുക എന്നാൽ വളരെ പാടുള്ള കാര്യമാണ്. സിനിമ ചർച്ചയായാലും ഒരു കഥാപാത്രത്തെ പ്രേക്ഷകർ ശ്രദ്ധിക്കുക എന്നാൽ അതിലേറെ വിഷമമുള്ള കാര്യവും. മലയാളത്തിൽ ഇപ്പോൾ അഭിനയിക്കാൻ അറിയാത്ത ആരും തന്നെ ഇല്ല. എല്ലാവരും മികച്ച നടന്‍മാരാണ്. അവരുടെയൊക്കെ ഇടയിൽ ഞാൻ അവതരിപ്പിച്ച പണിയിലെ വില്ലൻ കഥാപാത്രം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതൊരു മഹാഭാഗ്യമായി കരുതാൻ ആഗ്രഹിക്കുന്നു. അതിനോടൊപ്പം ജോജു ജോർജ് എന്ന സംവിധായകന്‍റെ അതിഭീകരമായ കഠിനാധ്വാനവും," സാഗർ സൂര്യ പറഞ്ഞു.

സാഗര്‍ സൂര്യ സിനിമയില്‍ എത്തിയിട്ട് എട്ട് വര്‍ഷമായി. തന്‍റെ കെരിയര്‍ വിശേഷങ്ങളും നടന്‍ പങ്കുവച്ചു. "ആത്‌മവിദ്യാലയം എന്ന സിനിമയില്‍ ജൂനിയർ ആർട്ടിസ്‌റ്റ് ആയാണ് തുടക്കം. പിന്നീട് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്‌റ്റായി അഭിനയിച്ചു. പിന്നീട് 'കുരുതി', 'ജോ ആൻഡ് ജോ', 'ഉപചാരപൂർവ്വം ഗുണ്ടജയൻ' തുടങ്ങിയ സിനിമകളിൽ ക്യാരക്‌ടർ റോളുകൾ അവതരിപ്പിച്ചു. പക്ഷേ ഈ എട്ട് വർഷത്തിനിടയിൽ എന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയ പ്രകടനം പണിയിലേത് തന്നെയാണ്. എട്ട് വർഷത്തെ കഷ്‌ടപ്പാട് വിലകുറച്ച് കാണാൻ എനിക്കാകില്ല. അത്രയധികം അവസരങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്," നടന്‍ വ്യക്‌തമാക്കി.
ജോജു ജോർജ് എന്ന സംവിധായകനെ കുറിച്ചും സാഗര്‍ വാചാലനായി. ജോജു ജോര്‍ജ് നല്ലൊരു നടന്‍ കൂടിയാണെന്നും പ്രേക്ഷകരുടെ പള്‍സ് അറിയുന്ന ഒരാള്‍ ആണെന്നുമാണ് സാഗര്‍ പറയുന്നത്.
"ചെറിയ വേഷങ്ങളിലൂടെ വളരെയധികം കഷ്‌ടപ്പെട്ട് തന്നെയാണ് അദ്ദേഹം ഇപ്പോഴുള്ള താരമൂല്യം നേടിയെടുത്തത്. അങ്ങനെയുള്ള ഒരാൾ ഒരു സംവിധായകൻ ആകുമ്പോൾ കുറച്ച് കർക്കശക്കാരനാകും. അദ്ദേഹത്തിനറിയാം, എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന്. പ്രേക്ഷകരുടെ പൾസ് എന്താണെന്ന് വ്യക്‌തമായി അറിഞ്ഞ ഒരാളാണ് ജോജു ജോർജ്. അദ്ദേഹം പറഞ്ഞ് തരുന്നത് പോലെ തന്നെ അഭിനയിക്കണം. അത് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു ലവലേശം മാറാൻ പാടില്ല. അത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഞങ്ങളെക്കൊണ്ട് അദ്ദേഹം അത് ചെയ്യിച്ചെടുത്തു എന്ന് പറയുന്നതാണ് വലിയ കാര്യം," നടന്‍ വെളിപ്പെടുത്തി.

ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായും മറ്റും സാഗര്‍ സൂര്യ സിനിമയില്‍ മുഖം കാണിച്ചെങ്കിലും നടനെ കുടുംബ പ്രേക്ഷകർക്കിടയിൽ ജനപ്രിയനാക്കിയത് മഴവിൽ മനോരമ പ്രക്ഷേപണം ചെയ്‌തിരുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയാണ്. കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങി ഗംഭീര അഭിനയത്രികൾക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ നടന് സാധിച്ചു. ഇതേ കുറിച്ചും നടന്‍ വാചാലനായി.
"അതൊരു ഗുരുകുലമായിരുന്നു. ഞാന്‍ എന്നെ മനസ്സിലാക്കിയ സ്ഥലം. അഭിനയം പഠിച്ച കളരി. എന്‍റെ തുടക്ക കാലമായിരുന്നു തട്ടിയും മുട്ടിയും. ഈ പരമ്പരക്ക് ചിത്രീകരണ സമയത്ത് ഒരു ബെയ്‌സ് സ്ക്രിപ്റ്റ് മാത്രമാണ് ഉണ്ടാവുക. സിങ്ക് സൗണ്ട് ആണ്. അതായത് ഡബ്ബിംഗ് ഇല്ല, തത്സമയം തന്നെ ശബ്‌ദവും റെക്കോർഡ് ചെയ്യും. സീൻ റെഡിയാകുമ്പോൾ എല്ലാവരും ചേർന്ന് ചർച്ച ചെയ്‌താകും എങ്ങനെയൊക്കെയാണ് ഏത് രീതിയിലാണ് ഡയലോഗുകൾ പറയേണ്ടതെന്ന് തീരുമാനിക്കുക. കെപിഎസി ലളിത അമ്മയ്ക്കും, മഞ്ജു പിള്ള ചേച്ചിക്കും ജയകുമാർ ചേട്ടനും നസീർ സംക്രാന്തിക്കും ഇതൊന്നും ഒരു വിഷയമേ അല്ല. അവര്‍ ഒന്ന് റിഹേഴ്‌സൽ ചെയ്‌ത് ടേക്കിൽ ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കും. ഒരു തുടക്കക്കാരനായ എനിക്ക് ഇവരോടൊപ്പം പിടിച്ചു നിൽക്കാൻ സാധിച്ചിട്ടില്ല. അവര്‍ പെട്ടെന്ന് എന്തെങ്കിലും ഡയലോഗ് പറഞ്ഞാൽ ഞാൻ കുഴങ്ങിപ്പോകും," സാഗര്‍ പറഞ്ഞു.
തട്ടിയും മുട്ടിയും പരമ്പരയിലെ മേല്‍ പറഞ്ഞ ആര്‍ട്ടിസ്‌റ്റുകള്‍ക്കൊപ്പം ഡയലോഗ് പറഞ്ഞു നിൽക്കാൻ ആദ്യ കാലങ്ങളിൽ തനിക്ക് ആയിരുന്നില്ല എന്നാണ് സാഗര്‍ പറയുന്നത്. "എന്‍റെ തെറ്റ് കൊണ്ട് ഷോട്ട് പ്രശ്‌നമായാൽ സംവിധായകന്‍ ദേഷ്യപ്പെടും. വല്ലാതെ സങ്കടപ്പെട്ട് എത്രയോ ദിവസം ഞാൻ ഒരുവശത്ത് മാറിയിരുന്നിട്ടുണ്ട്. പിന്നീട് സംവിധായകന്‍ അടക്കം എല്ലാവരും എനിക്ക് മികച്ച പിന്തുണ തന്നു. ശരിയാകും, ശരിയാകും എന്ന് എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷേ അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു. അന്ന് ഞാൻ കാരണം സംഭവിച്ച തെറ്റുകൾക്ക് എനിക്ക് ലഭിച്ച ശാസനകളാണ് അഭിനയ ലോകത്ത് എനിക്ക് വലിയ പാഠങ്ങളായത്," നടന്‍ വ്യക്‌തമാക്കി.
'പണി'യില്‍ ഏറ്റവും ചർച്ചാവിഷയമായ കാര്യമാണ് റേപ്പ് സീൻ. ഈ സീനിനെ കുറിച്ച് സിനിമ റിലീസ് ചെയ്‌ത സമയത്ത് വലിയ വിവാദങ്ങൾ സൃഷ്‌ടിക്കപ്പെട്ടിരുന്നു. പ്രസ്‌തുത രംഗത്തെ കുറിച്ച് സാഗറിന് ചിലത് പറയാനുണ്ട്.
"സിനിമയിലെ ഏറ്റവും മർമ്മ പ്രധാനമായ രംഗമാണ് റേപ്പ് സീൻ. എത്രയൊക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ടാലും സിനിമ, സിനിമയാണ്. അതൊരു സിനിമാ കഥയാണ്. ഈ കഥയിലെ ഏറ്റവും വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത് ഈ രംഗത്തിലൂടെയാണ്. അങ്ങനെയാണ് തിരക്കഥ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഡോൺ സെബാസ്റ്റ്യന്‍റെ കഥാപാത്രത്തെ നായക കഥാപാത്രമായ ഗിരിയുമായി കൂട്ടിയിഴക്കുന്നതും ഈ രംഗത്തിലൂടെ തന്നെയാണ്. തികച്ചും ഒരു അഭിനേതാവ് എന്ന രീതിയിൽ തന്നെയാണ് ഈ രംഗത്തെ ഞാൻ സമീപിച്ചിട്ടുള്ളത്. പക്ഷേ ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്‌തവം," സാഗര്‍ വിശദീകരിച്ചു.
സിനിമയിലെ റേപ്പ് സീന്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി സാഗര്‍ പറഞ്ഞിരുന്നു. ഇതിന് കാരണവും നടന്‍ വിശദീകരിച്ചു. "
പ്രധാനമായും നായിക കഥാപാത്രം കൈകാര്യം ചെയ്യുന്ന അഭിനയ ചേച്ചിക്ക് സംസാരിക്കാനോ ചെവി കേൾക്കാനോ സാധിക്കില്ല. അടുത്ത് ഇടപഴകിയുള്ള രംഗങ്ങൾ അഭിനയിക്കുമ്പോഴോ വലിച്ചിഴയ്ക്കുമ്പോഴോ അവർക്ക് വേദനിക്കുമോ എന്ന ഭയം ആയിരുന്നു. പരമാവധി അഭിനയ ചേച്ചിക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു," നടന്‍ വെളിപ്പെടുത്തി.
റേപ്പ് സീന്‍ ചിത്രീകരിക്കുന്നതിന് മുമ്പ് സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ഈ രംഗത്തെ കുറിച്ച് ചർച്ച ചെയ്‌തിരുന്നുവെന്നും സാഗര്‍ പറഞ്ഞു. "ഈ സീനിന്‍റെ പ്രാധാന്യം എന്താണെന്ന് ജോജു ചേട്ടൻ കൃത്യമായി ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നു. രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ഞാൻ അഭിനയ ചേച്ചിയുമായി സംസാരിച്ചു. തീർത്തും കംഫർട്ടബിളായ ഒരു സാഹചര്യത്തിൽ നിന്നാണ് ആ രംഗം ഷൂട്ട് ചെയ്യുന്നത്. ഈ രംഗം കൃത്യമായി ചിത്രീകരിച്ചാൽ മാത്രമാണ് പ്രേക്ഷകർക്ക് ഞങ്ങളുടെ കഥാപാത്രത്തോട് ഒരു ദേഷ്യം തോന്നുകയുള്ളൂ. ഇവരെ എന്തെങ്കിലും ചെയ്യണം. അങ്ങനെയുള്ള ഒരു ചിന്താഗതിയാണ് നായകൻ ഗിരിക്ക് ലഭിക്കുന്ന പിന്തുണ. പ്രസ്‌തുത സീനിലൂടെയാണ് എന്‍റെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിനോടും ജുനൈസിന്‍റെ കഥാപാത്രത്തിനോടും പ്രേക്ഷകർക്ക് ഒരു വെറുപ്പ് തോന്നി തുടങ്ങുക," സാഗര്‍ തുറന്നു പറഞ്ഞു.
ഒരു അഭിനേതാവെന്ന രീതിയിൽ ഈ രംഗം അഭിനയിക്കുമ്പോൾ തനിക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും തോന്നിയില്ലെന്നും നടന്‍ വ്യക്‌തമാക്കി. "എട്ട് വർഷമായി ഈ മേഖലയിൽ നിൽക്കുന്നു. സിനിമയിലെ ഒരു രംഗത്തെ എങ്ങനെ സമീപിക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം. പക്ഷേ അഭിനയിക്കുന്ന സമയത്ത് ആ രംഗത്തിൽ എന്നോടൊപ്പമുള്ള അഭിനേത്രിക്ക് എന്‍റെ എന്തെങ്കിലും ഒരു തെറ്റുകൊണ്ട് ഒരു ബുദ്ധിമുട്ടുണ്ടാകുമോ എന്നുള്ളത് മാത്രമായിരുന്നു ഭയം. അവരുടെ ഭാഗത്ത് നിന്നുള്ള പിന്തുണ കൂടി ലഭിച്ചതോടെ ഒരു പ്രശ്‌നവും ഇല്ലാതെ ഞങ്ങൾ ആ രംഗം ചിത്രീകരിച്ചു," സാഗർ വെളിപ്പെടുത്തി.
ചിത്രീകരണ സമയത്ത് ബന്ധുക്കൾ ഉള്‍പ്പെടെ മറ്റുള്ളവരോട് സംസാരിക്കുന്നതിന് സാഗറിനും ജുനൈസിനും വിലക്കുണ്ടായിരുന്നു. ഇതേകുറിച്ചും നടന്‍ മനസ്സു തുറന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പുള്ള ജോജു ചേട്ടന്‍റെ നിർദ്ദേശങ്ങളിൽ തനിക്ക് അസ്വീകാര്യത ഒന്നും ഉണ്ടായിരുന്നില്ല എന്നും സാഗര്‍ പറഞ്ഞു.
"എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജുനൈസിന്‍റെ ആദ്യ ചിത്രമാണ്. ഈ സിനിമയ്ക്ക് എനിക്ക് അവനുമായി പരിചയമുണ്ട്. എന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ ഞാൻ അവനെ സഹായിച്ചിട്ടുമുണ്ട്. അഭിനയ കളരിയുമായി സഹകരിക്കുന്ന സമയത്ത് ബന്ധുക്കൾ അടക്കം മറ്റ് ആരുമായും ഞങ്ങൾ സംസാരിക്കുന്നതിനോട് ജോജു ചേട്ടന് എതിർപ്പുണ്ടായിരുന്നു. ഒഴിവു സമയം കിട്ടുമ്പോൾ എവിടെയെങ്കിലും ട്രിപ്പ് പോകാൻ തീരുമാനിച്ചാൽ ജുനൈസിനെ കൂട്ടി പോയാൽ മതിയെന്നാണ് ജോജു ചേട്ടൻ നിർദ്ദേശിച്ചത്. ഇത്രയൊക്കെ കടും പിടുത്തം വേണമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു കാരണവശാലും ഒരു നിമിഷത്തിൽ പോലും ഞങ്ങളുടെ കഥാപാത്രത്തിൽ നിന്ന് പുറത്തു പോകാതിരിക്കാൻ വേണ്ടിയാണ് ജോജു ചേട്ടൻ അപ്രകാരമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചതെന്ന് പിന്നീട് മനസ്സിലായി. സിനിമ കാണുമ്പോഴാണ് ഞങ്ങളുടെ കഥാപാത്രത്തെ ഡിസൈൻ ചെയ്‌ത ജോജു ജോർജ് എന്ന സംവിധായകന്‍റെ ദീർഘവീക്ഷണം വ്യക്‌തമാകുന്നത്," സാഗര്‍ വെളിപ്പെടുത്തി.
സിനിമയിൽ വളരെ ബുദ്ധിമുട്ടുള്ള ആക്ഷൻ രംഗങ്ങളിൽ പെർഫോം ചെയ്‌ത വിശേഷവും സാഗര്‍ പങ്കുവച്ചു. "കൈകളും മുഖവും ഒക്കെ മുറിഞ്ഞിട്ടുണ്ട്. ഒരാഴ്‌ച്ചയോളം റോപ്പിൽ തൂങ്ങിക്കിടന്നാണ് ചിത്രീകരണം സംഭവിച്ചത്. നടുറോഡിൽ ജനങ്ങളുടെ മുന്നിൽ നിന്ന് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും പണി എന്ന ചിത്രത്തിൽ ഞാൻ ചലഞ്ചിംഗായി കരുതുന്ന കാര്യമേ അല്ല. ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രം പ്രേക്ഷകരെ ഭയപ്പെടുത്തി മുട്ടിടിപ്പിച്ചിട്ടുണ്ടെങ്കിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ ഭയന്ന് മുട്ടിടിച്ചത് മറ്റൊരു സീൻ ചെയ്യുമ്പോഴായിരുന്നു," നടന്‍ തുറന്നു പറഞ്ഞു.
സ്വയം ഭയന്ന് അഭിനയിച്ച ആ രംഗത്തെ കുറിച്ചും സാഗര്‍ വെളിപ്പെടുത്തി. ഒരു കെട്ടിടത്തിന്‍റെ മുകളിൽ വച്ചാണ് സിനിമയുടെ തുടക്കം ചിത്രീകരിച്ചിരിക്കുന്നത്. വളരെ ചെറിയ സീനാണെങ്കിലും രണ്ട് ദിവസമെടുത്താണ് ആ രംഗം ചിത്രീകരിച്ചത്. ക്വാളിറ്റിയിൽ ഒരു കോംപ്രമൈസിനും ജോജു തയ്യാറായിരുന്നില്ലെന്നും നടന്‍ വ്യക്‌തമാക്കി.
"എത്രയധികം പണം മുടക്കുള്ള രംഗമാണെങ്കിലും ശരിയായി വന്നില്ലെങ്കിൽ വീണ്ടും അത്രയും പണം മുടക്കി ആശയം ചിത്രീകരിക്കാൻ ജോജു ചേട്ടന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എത്രയോ നിലകളുള്ള ഉയരമുള്ള ഒരു കെട്ടിടത്തിന്‍റെ പാരപിറ്റിൽ നിന്നാണ് ഞാൻ ആ സീനിൽ ഡയലോഗ് പറയുന്നത്. ഉയരം വളരെയധികം, പേടിയുള്ള ഒരാളും. ജീവിതത്തിൽ എന്ത് റിസ്‌ക് എടുക്കാനും തയ്യാർ. പക്ഷേ ഉയരം എനിക്ക് പേടിയാണ്. രാത്രി 11 മണിക്ക് ചിത്രീകരിച്ച് തുടങ്ങുന്ന രംഗം പുലർച്ചെ നാല് മണിക്കാകും തീരുക. അത്രയും സമയം ആ ഉയരമുള്ള കെട്ടിടത്തിന്‍റെ പാരപിറ്റിന് മുകളിൽ കയറി നിൽക്കണം. ആ സീൻ ചിത്രീകരിക്കുന്ന സമയത്ത് ഭയന്ന് എന്‍റെ കാലുകൾ വിറയ്‌ക്കുകയായിരുന്നു. ഇന്നും ദാ ഈ നിമിഷം ആ സീൻ ഷൂട്ട് ചെയ്‌തത് ആലോചിച്ചാൽ എന്‍റെ കാലുകൾ കിടുകിടാ വിറയ്ക്കാൻ ആരംഭിക്കും," സാഗർ സൂര്യ വെളിപ്പെടുത്തി.
സിനിമയില്‍ ബൈക്ക് സ്‌റ്റണ്ട് രംഗങ്ങൾ ചെയ്‌തതിനെ കുറിച്ചും സാഗര്‍ പങ്കുവച്ചു. ബൈക്ക് സ്‌റ്റണ്ട് ചെയ്യാൻ വളരെയധികം ഇഷ്‌ടമുള്ള ആളാണ് സാഗർ സൂര്യ. അതുകൊണ്ട് തന്നെ സിനിമയില്‍ ഈ രംഗങ്ങള്‍ സാഗര്‍ സ്വന്തമായാണ് ചെയ്‌തത്. സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ പരമാവധി ബൈക്ക് ആക്ഷൻ രംഗങ്ങളിൽ പെർഫോം ചെയ്‌തിരിക്കുന്നതും നടന്‍ തന്നെയാണ്. ട്രെയിനിംഗിലൂടെയും നടന്‍ ബൈക്ക് സ്‌റ്റണ്ട് സ്വായത്തമാക്കിയിട്ടുണ്ട്.
പണിക്ക് ശേഷം നിരവധി സിനിമകളാണ് സാഗർ സൂര്യയെ തേടിയെത്തുന്നത്. ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പണിയിലെ ഡോൺ സെബാസ്റ്റ്യനേക്കാളും മികച്ച വേഷങ്ങള്‍ തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വവും നടനുണ്ട്. പണിയില്‍ വില്ലനായി പ്രേക്ഷകരെ പേടിപ്പിച്ചത് പോലെ മികച്ച ഒരു ഹാസ്യ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കണം എന്നാണ് സാഗർ സൂര്യയുടെ അടുത്ത ആഗ്രഹം.