ഹൈദരാബാദ്: സുഹൃത്തുക്കളില്ലാത്തവരായി ആരും കാണില്ല.. അല്ലെ ? കാരണം സുഹൃത്തുക്കളില്ലാത്ത ജീവിതം സങ്കൽപ്പിക്കുകയെന്നത് തന്നെ നമ്മെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്. സൗഹൃദത്തിനായി ഒരു ദിനമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അറിയാത്തവർക്കായി എന്നാൽ ഇതാ ... അങ്ങനൊരു ദിനമുണ്ട്. ഈ വര്‍ഷം ഓഗസ്‌റ്റ് നാലിന് ലോകമെമ്പാടും സൗഹൃദ ദിനമായി ആഘോഷിക്കുന്നു. ഓഗസ്‌റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്‌ചയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
സൗഹൃദം എന്ന ആശയത്തെ കേന്ദ്രീകരിച്ച് ബോളിവുഡിൽ നിറയെ ചലച്ചിത്രങ്ങൾ വന്നു. മനുഷ്യവികാരങ്ങളെ ചിത്രീകരിക്കുന്നതിൽ ബോളിവുഡ് മികവ് പുലർത്തുന്നുവെന്നാണ് പൊതുവേ സിനിമാ പ്രേമികൾ പറയുന്നത്, പ്രത്യേകിച്ച് സൗഹൃദത്തെ സിനിമയിൽ ആവിഷ്‌കരിക്കുന്നതിൽ. ഈ സൗഹൃദ ദിനത്തിൽ കണ്ടിരിക്കേണ്ട ഒരുപിടി നല്ല ബോളിവുഡ് ചിത്രങ്ങളെ പരിചയപ്പെട്ടാലോ...
1. ജാനേ തു... യാ ജാനേ നാ (2008): സൗഹൃദത്തിൻ്റെ പ്രമേയത്തിൽ ശ്രദ്ധേയമായ ചലച്ചിത്രമാണ് ജാനേ തു... യാ ജാനേ നാ. ബോളിവുഡ് റൊമാൻ്റിക് കോമഡിയായ ചിത്രത്തിൽ ഇമ്രാൻ ഖാനും ജെനീലിയ ഡിസൂസയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഉറ്റസുഹൃത്തുക്കളായ ജയ് - അദിതി എന്നിവരുടെ കഥയാണ്.
സുഹൃത്തുക്കളായ ഇവർ അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ അവർ അത് പരസ്‌പരം നിരസിക്കുന്നു. പിന്നീട് അവർ വ്യത്യസ്‌ത ആളുകളുമായി ഡേറ്റിംഗ് ചെയ്യുമ്പോഴാണ് തങ്ങൾ പ്രണയിച്ചിരുന്നുവെന്ന് അവർ പരസ്‌പരം മനസിലാക്കുന്നത്. തികച്ചും എൻ്റർടെയ്‌നിങ്ങായിട്ടുളള ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിൽ ലഭ്യമാണ്.
2. യേ ജവാനി ഹേ ദീവാനി (2013): സംവിധായകൻ അയാൻ മുഖർജിയുടെ ഒരു മാസ്റ്റർപീസ് ചലച്ചിത്രമാണ് യേ ജവാനി ഹേ ദീവാനി. 2013 -ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രൺബീർ കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒന്നും രണ്ടുമല്ല പതിനൊന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നോട്ടേക്ക് പോകുന്നത്.
3. കുച്ച് കുച്ച് ഹോതാ ഹേ (1998): കാലാതീതമായിട്ടുളള ഒരു ക്ലാസിക് ചിത്രമായിട്ടാണ് കുച്ച് കുച്ച് ഹോതാ ഹേ ഇന്നും അറിയപ്പെടുന്നത്. അതുല്യമായ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന ഈ ചിത്രം ഇന്നും ആരാധകരുടെ പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. സൗഹൃദം പലപ്പോഴും അനശ്വരമായ പ്രണയത്തെ മറികടക്കുമെന്ന ആശയത്തെ ഊന്നിപ്പറയുന്ന 'പ്യാർ ദോസ്‌തി ഹേ' എന്ന ചിത്രത്തിലെ ഡയലോഗാണ് സിനിമയെ കൂടുതൽ ജനപ്രിയമാക്കിയത്. ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി തുടങ്ങിയ പ്രമുഖ താരങ്ങൾ എത്തുന്ന ചിത്രത്തിൽ സൗഹൃദം കൊണ്ട് ഏത് കൊടുങ്കാറ്റിനെയും നേരിടാനാകുമെന്ന് കാട്ടിത്തരുന്നു.
4. ത്രീ ഇഡിയറ്റ്‌സ് (2009): വ്യത്യസ്‌ത ചുറ്റുപാടിൽ നിന്നും വരുന്ന വ്യത്യസ്‌തരായ മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് ത്രീ ഇഡിയറ്റ്‌സ്. യഥാർത്ഥ സൗഹൃദം എന്താണെന്ന് ഈ ചിത്രം കാട്ടിത്തരുന്നു.
5. സിന്ദഗി നാ മിലേഗി ദൊബാര (2011): നാല് സുഹൃത്തുക്കൾ അവരവരുടെ വിവാഹത്തിന് മുൻപ് സ്‌പെയിനിലേക്ക് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന യാത്ര നടത്തുന്നതാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷൻ, അഭയ് ഡിയോൾ, ഫർഹാൻ അക്തർ, കത്രീന കൈഫ്, കൽക്കി കോച്ച്ലിൻ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
6. ഇംഗ്ലീഷ് വിംഗ്ലീഷ് (2012): ന്യൂയോർക്ക് നഗരത്തിൽ ഒരു അപ്രതീക്ഷിത സുഹൃദ് വലയം സൃഷ്‌ടിക്കുന്ന ഒരു ഇന്ത്യൻ വീട്ടമ്മയുടെ കഥയാണ് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രം. ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനുള്ള ആഗ്രഹം കൊണ്ട് ഇംഗ്ലീഷ് പഠനത്തിനായി ചേരുകയും അവിടെ വച്ച് ഫ്രാൻസിൽ നിന്നുള്ള സഹവിദ്യാർത്ഥിയുമായി സൗഹൃദത്തിലാകുകയും ചെയ്യുന്നു.
തൻ്റെ സുഹൃത്തിന് അവളുമായി പ്രണയം തോന്നുമ്പോൾ അത് അവൾ നിരസിക്കുകയും അതിനെക്കാളുപരി വീണ്ടുമവർ സൗഹൃദം തുടരുകയും ചെയ്യുന്നു. ശ്രീവിദ്യ നായികയായെത്തുന്ന ചിത്രത്തിൽ അവരുടെ സൗഹൃദത്തിൻ്റെ ചിത്രീകരണം ഹൃദ്യമായിട്ടുളളതാണ്.
7. സ്റ്റുഡൻ്റ് ഓഫ് ദി ഇയർ (2012): കരൺ ജോഹർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. സ്‌നേഹം അറിയാതെ തന്നെ സുഹൃത്തുക്കൾക്കിടയിൽ എങ്ങനെ അകലം സൃഷ്‌ടിക്കാമെന്ന് കാട്ടിത്തരുന്നു. കാലക്രമേണ അകന്നുപോയേക്കാവുന്ന സൗഹൃദങ്ങളെക്കുറിച്ച് കാഴ്‌ചക്കാരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
8. ക്വീൻ (2014): ക്വീൻ എന്ന ചിത്രത്തിൽ ഓരോ കാണികളും റാണി എന്ന കഥാപാത്രത്തെയാണ് പിന്തുടരുന്നത്. പ്രതിശ്രുത വരൻ ഉപേക്ഷിച്ച ശേഷം ഹണിമൂൺ ആഘോഷിക്കുന്നതിനായി പാരിസിലേക്ക് ഒറ്റയ്ക്ക് പോകുന്നു. അവിടെവച്ച് വിജയയെ കണ്ടുമുട്ടുന്നു. പിന്നീട് ആംസ്റ്റർഡാമിൽ വെച്ച് അവൾ ഒരു ഹോസ്റ്റലിൽ മൂന്ന് പുരുഷന്മാരുമായി ഒരു മുറി പങ്കിടുന്നു. പിന്നീട് അതിൽ നിന്ന് വളർന്നുവരുന്ന അവരുടെ സൗഹൃദത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്.
9. ഫിർ ഹേരാ ഫേരി (2006): ഹേരാ ഫേരിയുടെ തുടർച്ചയായ ഫിർ ഹേരാ ഫേരി, നർമ്മം കലർന്ന ഒരു ചിത്രമാണ്. ഈ സിനിമയിൽ രാജു, ശ്യാം, ബാബു റാവു എന്നീ മൂന്നുപേരാണുളളത്. സുഹൃത്തുക്കളായ ഇവർ തെറ്റായ ഐഡൻ്റിറ്റികളുമായും കിഡ്‌നാപ്പിങ് എന്നിവയിലൂടെയുണ്ടാകുന്ന നർമ്മത്തിലൂടെ സിനിമ സഞ്ചരിക്കുന്നു.
10. കോക്ക്‌ടെയിൽ (2012): ഹോമി അദാജാനിയ സംവിധാനം ചെയ്‌തത കോക്ക്‌ടെയിൽ എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, സെയ്‌ഫ് അലി ഖാൻ, ഡയാന പെൻ്റി എന്നിവർ കഥാപാത്രങ്ങളായി എത്തുന്നു. സൗഹൃദം, പ്രണയം, ബ്രേക്കപ്പ് എന്നിവയുടെ സങ്കീർണ്ണ തലങ്ങൾ അവതരിപ്പിക്കുന്നു. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രം ലഭ്യമാണ്.
ഈ സിനിമകളെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ അനശ്വരമായ സൗഹൃദത്തിൻ്റെ പ്രാധാന്യവും മൂല്യവുമാണ് വർധിപ്പിക്കുന്നത്. സൗഹൃദ ദിനത്തിലായാലും അല്ലെങ്കിലും സുഹൃത്ത് ബന്ധത്തിന് വിലകൽപ്പിക്കുന്നയാളാണെങ്കിൽ നിങ്ങൾക്ക് ഏത് സമയത്തും ഈ ചിത്രങ്ങൾ ആസ്വദിക്കുവാൻ കഴിയും.
Also Read: ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട; ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം