ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങള്‍ സ്വകാര്യത മാനിക്കാതെ പുറത്തുവിട്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കെതിര മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യുസിസി. സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസി, റിപ്പോര്‍ട്ടര്‍ ടിവി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.
തുറന്ന കത്തായാണ് ഔദ്യോഗിക സമൂഹമാധ്യമ വേദിയായി ഫേസ്ബുക്കിലൂടെ ഡബ്ല്യുസിസിയുടെ പ്രതികരണം. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത കണക്കിലെടുത്ത് പുറത്തു വിടരുതെന്ന് സര്‍ക്കാരും കോടതിയും തീരുമാനിച്ച മൊഴികളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടതെന്നും തുറന്ന കത്തില്‍ പറയുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് ഇപ്പോള്‍ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കത്തിന്‍റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരു തുറന്ന കത്ത്. താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്‌ത്രീകള്‍ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്‌റ്റിഗേഷൻ ടീമിന്‍റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്.
എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്‌പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്.
പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്‌ത്രീ ജീവിതങ്ങളെ ദുരിത പൂർണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.
വിശ്വസ്‌തതയോടെ
ഡബ്ല്യു.സി.സി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാനാണ് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്‍റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണ സംഘം റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസെടുക്കാന്‍ കഴിയുമോയെന്ന കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്‌റ്റിസുമാരായ എകെ ജയശങ്കര്‍ നമ്പ്യാരും സിഎസ് സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത്. രണ്ടാഴ്‌ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതിന്മേലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി സര്‍ക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശബ്‌ദരേഖകൾ റിപ്പോർട്ടിന്‍റെ ഭാഗമാണെങ്കിൽ അതും എസ്ഐടിയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കേണ്ടത്. കേസിലെ പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കില്‍ അത് മാനിക്കണം. പരാതി നല്‍കിയവര്‍ക്കും ഇരകള്‍ക്കും സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്.
അവരുടെ സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തണം. തിടുക്കപ്പെട്ട നടപടികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. മൊഴികള്‍ നല്‍കിയവര്‍ ഉള്‍പ്പെടെ തങ്ങള്‍ അന്വേഷിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
സ്ത്രീ സുരക്ഷയാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read: 'ആ പേരുകള്‍ പുറത്തുവരണം, എന്തുകൊണ്ട് സംഘടനകളെ ഒഴിവാക്കി?', ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്‌ക