ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ആൻഡ് അഗ്ലി എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. അജിത് കുമാർ നായകനായ ചിത്രം ആരാധകർക്ക് ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ട്. ആക്ഷൻ്റെ അതിപ്രസരവും അജിത് കുമാറിൻ്റെ സ്വാഗും സിനിമയുടെ പ്ലസ് പോയിൻ്റ് ആണ്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യ ഷോ പൂർത്തിയാകുന്നതിനു മുൻപ് തന്നെ വ്യാജ പ്രിൻ്റ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു.
എമ്പുരാൻ്റെ വഴിയെ ഗുഡ് ബാഡ് അഗ്ളിയും
തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റിലാണ് സിനിമയുടെ പ്രിൻ്റ് അപ്‌ലോഡ് പ്രത്യക്ഷപ്പെട്ടത്. ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയുടെ തിയേറ്റർ പ്രിൻ്റ് ലീക്കായി എന്ന തലക്കട്ടോടുകൂടിയാണ് മാധ്യമങ്ങൾ ഈ വിഷയം വാർത്തയാക്കിയത്. എമ്പുരാനടക്കമുള്ള മലയാള സിനിമകളുടെയും വ്യാജ പ്രിൻ്റ് സമാന രീതിയിൽ തമിഴ് ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിരുന്നു.
ഇന്ത്യൻ സിനിമകൾ വ്യാപകമായി ഓവർസീസ് റിലീസ് ചെയ്യുമ്പോഴാണ് സ്വാഭാവികമായും ഇത്തരം വ്യാജ പ്രിൻ്റുകൾ മണിക്കൂറുകൾക്കകം ഇൻ്റർനെറ്റിൽ പ്രചരിക്കുക. എന്നാൽ ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയുടെ വ്യാജ പ്രിൻ്റ് സിനിമയുടെ ആദ്യ ഷോ പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. സാധാരണ തിയേറ്റർ സ്ക്രീനുകളിൽ നിന്നും കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നതാണ് ഈ രീതിയിൽ പുറത്തുവരിക. കോപ്പിറൈറ്റ് നിയമം ബാധകമല്ലാത്ത രാജ്യങ്ങളിലെ സർവറുകളിൽ നിന്നും ഫയൽ തമിഴ് ബ്ലാസ്റ്റേഴ്സ് വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും.

ചോർത്തിയത് ആര്?
എന്നാൽ ഇ ടിവി ഭാരതിൻ്റെ അന്വേഷണത്തിൽ ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയുടേതായി പുറത്തിറങ്ങിയ വ്യാജ പ്രിൻ്റ് തിയറ്റർ സ്ക്രീനിൽ നിന്നും റെക്കോഡ് ചെയ്തു പ്രചരിച്ചതല്ല എന്ന് മനസ്സിലാക്കിയിട്ടുണ്ട്. സാധാരണയായി രണ്ടു രീതിയിലാണ് വ്യാജ പ്രിൻ്റുകൾ സൃഷ്ടിക്കപ്പെടുക. ഒന്ന് നേരത്തെ സൂചിപ്പിച്ചതുപോലെ തിയറ്റർ സ്ക്രീനിൽ നിന്നും കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. രണ്ട് സിനിമകൾ തിയേറ്ററിലെത്തിക്കുന്ന ഡിജിറ്റൽ സാറ്റലൈറ്റ് മീഡിയത്തിൻ്റെ സർവറിൽ നിന്നും ലീക്ക് ചെയ്തെടുക്കാം. തിയേറ്റർ ജീവനക്കാരോ, ഡിജിറ്റൽ സാറ്റലൈറ്റ് എക്സിബിഷൻ ഏജൻസിയിലെ ജീവനക്കാരോ അറിയാതെ ഇത്തരം ഒരു പ്രവൃത്തി സാധ്യമല്ല എന്ന് ഇ ടി വി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.

ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയുടെ വ്യാജ പ്രിൻ്റ് വിഷയത്തിലേക്ക് തിരികെ വന്നാൽ ഫോർകെ ദൃശ്യ മികമുള്ള ഒറിജിനൽ ഓഡിയോ പിന്തുണയുള്ള ഫയലാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. മലയാള സിനിമയിലെ നിരവധി പോസ്റ്റ് പ്രൊഡക്ഷൻ സംവിധായകരുമായും, സിനിമ സ്റ്റുഡിയോ ഉടമസ്ഥരുമായും ഈ സിനിമയുടെ വ്യാജ പ്രിൻ്റിനെ മുൻനിർത്തി ഞങ്ങൾ സംസാരിച്ചു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരുടെ ഭാഗത്തുനിന്നും അറിയാൻ സാധിച്ചത്. വ്യാജ പ്രിൻ്റ് സ്പെസിമെൻ പരിശോധനയിൽ നിന്നും ഈ സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കിയതിനു ശേഷമുള്ള ഫയൽ അല്ല പുറത്തുവന്നിട്ടുള്ളത് എന്ന് ബോധ്യപ്പെട്ടു. പുറത്തുവന്നിട്ടുള്ള വ്യാജ പ്രിൻ്റ് സെൻസർ ചെയ്യുന്നതിന് മുൻപുള്ളതാണ്. സൗണ്ട് എഫക്സ് ചെയ്തിട്ടില്ല.
എവിടെ നിന്നും പുറത്തായി
റീ റെക്കോഡിഗോ മിക്സിങ്ങോ ചെയ്യാത്ത ഫസ്റ്റ് കോപ്പി പ്രിൻ്റാണ് ഇപ്പോൾ ഗുഡ് ബാഡ് അഗ്ലിയുടെതായി ലീക്കായിരിക്കുന്നത്. വീഡിയോ എഡിറ്റർ റഫറൻസിനായി നൽകിയിരിക്കുന്ന സംഗീതവും ഗ്രാഫിക്സുമാണ് വീഡിയോ ഫയലിൽ കാണാനാകുക. പല ഭാഗങ്ങളിലും ഡബ്ബിങ് പോലും പൂർത്തീകരിച്ചിട്ടില്ല എന്നും വ്യക്തമാണ്. അതായത് സിനിമയുടെ ഫയൽ ലീക്ക് ആയിരിക്കുന്നത് അണിയറ പ്രവർത്തകരുടെ അശ്രദ്ധ മൂലമാണ്. തിയേറ്റർ ഉടമകൾക്കോ ഡിജിറ്റൽ സാറ്റലൈറ്റ് എക്സിബിറ്റേഴ്സിനോ ഈ വിഷയത്തിൽ ഉത്തരം പറയേണ്ട കാര്യമില്ല.

ടെക്‌നീഷ്യന്മാരോ സഹായികളോ...?
സിനിമയുടെ ടെക്നീഷ്യന്മാർ ഇത്തരമൊരു ദുഷ്ട പ്രവൃത്തി ചെയ്യുമെന്ന് ഞങ്ങളോട് സംസാരിച്ച ആർക്കും അഭിപ്രായമില്ല. ഈ ഫയൽ നിർമാതാവിനും പ്രധാന അഭിനേതാക്കൾക്കും ഒരുപക്ഷേ ലഭ്യമാണ്. എങ്കിലും ഏറ്റവും സാധ്യത ഡി ഐ സ്റ്റുഡിയോയിൽ നിന്നും ഫയൽ പുറത്തു പോകാൻ എന്നാണ് ഭൂരിഭാഗ അഭിപ്രായം. കാരണം എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്നും ലീക്ക് ആവുകയാണെങ്കിൽ കുറച്ചുകൂടി വർക്ക് പൂർത്തിയായ ഫയൽ ലീക്ക് ചെയ്യപ്പെടാം.

ഫസ്റ്റ് പ്രിൻ്റിന് സമാനമായ പുറത്തിറങ്ങിയിട്ടുള്ള സിനിമയുടെ ഫയൽ ഡി ഐ സ്യൂട്ടിലാകും ഉണ്ടാവുക. വാട്ടർ മാർക്ക് ഇല്ലാതെ സിനിമയുടെ വീഡിയോ ഫുൾ ക്വാളിറ്റിയിൽ ലഭ്യമാവുക ഡി ഐ സ്റ്റുഡിയോകൾക്ക് മാത്രമാണ്. ഇപ്പോഴത്തെ രീതി പ്രകാരം വീഡിയോയ്ക്ക് ഒപ്പം ഓഡിയോയും ഡി ഐ ഫയലിൽ എഡിറ്റർ ചേർത്ത് നൽകാറുണ്ട്. പണ്ട് വീഡിയോ മാത്രമാണ് ഇവിടേക്ക് നൽകുക. ഡി ഐ കൺഫോമിസ്റ്റ്, കളറസ്റ്റ് തുടങ്ങിയ രണ്ട് ടെക്നീഷ്യന്മാരാണ് ഈ സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമ ആയതുകൊണ്ട് തന്നെ ഇവർക്ക് ധാരാളം സഹായികളും ഉണ്ടാകാം.
വൻ ക്രിമിനൽ കുറ്റം!
സ്റ്റുഡിയോയുടെ സുരക്ഷ മാനദണ്ഡങ്ങൾ ഇവിടെ ഒരു ചോദ്യചിഹ്നമാകുന്നു. ഒരു സ്റ്റുഡിയോയെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ ടെക്നീഷ്യന്മാർ വെറും തൊഴിലാളികൾ മാത്രമാണ്. ആ സ്റ്റുഡിയോയിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം പേർ ഉണ്ടാകാം. അവരിൽ ആർക്കുവേണമെങ്കിലും ഇത്തരം ഒരു പ്രവൃത്തി ചെയ്യാം. ആരെയും കുറ്റപ്പെടുത്താൻ ഞങ്ങളോട് സംസാരിച്ച സിനിമ പ്രവർത്തകർ തയ്യാറായില്ലെങ്കിലും നടന്നിരിക്കുന്നത് വലിയൊരു ക്രൈം ആണെന്ന് അഭിപ്രായമുണ്ട്.
ചിത്രസംയോജകൻ രഞ്ജൻ എബ്രഹാമിന് (മലയാളത്തിലെ പ്രശസ്തനായ ചിത്രസംയോജകൻ) ഇതിനെ കുറിച്ച് പറയാനുള്ളത്
"വിഷയം ശ്രദ്ധയിൽപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം എന്നായിരുന്നു രഞ്ജൻ എബ്രഹാം ഇടിവി അഭിപ്രായപ്പെട്ടത്. വളരെയധികം സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയിലെ ഓരോ ഡിപ്പാർട്ട്മെൻ്റും വർക്ക് ചെയ്യുന്നത്. സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും സിനിമ പുറത്തിറങ്ങുന്നത് വരെ എഡിറ്ററുടെ തലയിലാണ്. എഡിറ്റിങ് പൂർത്തിയായ വീഡിയോ മറ്റൊരു ഡിപ്പാർട്ട്‌മെൻ്റിൽ ഞാൻ നൽകുന്നത് ഒഫിഷ്യൽ മെയിലിലൂടെ പാസ്‌വേഡ് പ്രൊട്ടക്ട് ചെയ്തു കൊണ്ടാണ്. പലരും ഇതൊരു പരാതിയായി ഉന്നയിക്കാറുണ്ട്. പക്ഷേ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയ്യാറല്ല. ഡി ഐ ഫയലിൽ ഓഡിയോ ഇല്ലാതെ മ്യുട്ട് ചെയ്താണ് ഞാൻ സാധാരണ ഷെയർ ചെയ്യുക. പക്ഷെ ഇപ്പോൾ പലരും ഓഡിയോ കൂടി വേണമെന്ന് നിർബന്ധം പിടിക്കാറുണ്ട്.

ഒരിക്കൽ ഒരു സിനിമ സംഘത്തിൻ്റെ ഫ്ലാറ്റിൽ ഞാൻ ചെല്ലുമ്പോൾ ഒരു സിനിമയുടെ സിഡി മേശപ്പുറത്തിരിക്കുന്നത് കണ്ടു. യഥാർഥത്തിൽ ആ സിനിമയുടെ വർക്കുകൾ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. വർക്കിൻ്റെ പുരോഗതി എന്തെന്നറിയാൻ ഒരു കോപ്പി അവർ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റുഡിയോയിൽ നിന്നും എത്തിച്ചു കൊടുത്തതാകാം. പക്ഷേ വളരെ അശ്രദ്ധമായി ആ സിഡി മേശപ്പുറത്ത് കിടക്കുന്നു. ഒരു സിനിമ ലീക്കാകാൻ ഇതുപോലൊരു അശ്രദ്ധ മതിയാകും. ഗുഡ് ബാഡ് എന്ന സിനിമയെ സംബന്ധിച്ചിടത്തോളം അണിയറ പ്രവർത്തകരുടെ നേരെ ഒരു ആരോപണം ഉന്നയിക്കാൻ ഞാൻ തയ്യാറല്ല. ഫയൽ ലീക്ക് ആയിട്ടുണ്ടെങ്കിൽ അണിയറ പ്രവർത്തകർ കുറ്റക്കാരനെ അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ."- രഞ്ജൻ എബ്രഹാം പറയുന്നു.
പിന്നിൽ മാഫിയ സംഘം
ഗുരുതരമായ ഒരു ക്രിമിനൽ കുറ്റമാണ് ഗുഡ് ബാഡ് എന്ന സിനിമയുടെ നേരെ സംഭവിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഒരു സിനിമയുടെ വ്യാജ പ്രിൻ്റുകൾ ഇൻ്റനെറ്റിൽ എത്തിക്കാൻ വലിയൊരു മാഫിയ സംഘം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതുതായി തിയേറ്ററുകളിൽ എത്തിയ ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് തുടങ്ങിയ സിനിമകളും തമിഴ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് ഇത്തരം കുപ്രസിദ്ധ വെബ്സൈറ്റുകൾക്ക് തടയിടാൻ സാധിക്കുന്നില്ല എന്നതിനെ കുറിച്ച വിശദാംശങ്ങൾ മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇന്ത്യ മഹാരാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കണ്ണി അല്ല തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന കുപ്രസിദ്ധ സംഘടനയുടേത്. 15ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ശൃംഖലയുടെ തലപ്പത്ത് ആരാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവിടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള തമിഴ് റോക്കേഴ്സ് തമിഴ് ബ്ലാസ്റ്റേഴ്സ് സംഘങ്ങളെല്ലാം ലോക്കൽ അഡ്മിനുകളോ ഫീഡേഴ്സോ മാത്രമാണ്. വിവേക ബുദ്ധിയോടുകൂടി പെരുമാറി ഈ ശൃംഖലയയെ തകർക്കാൻ സിനിമ പ്രേക്ഷകർക്ക് മാത്രമാണ് സാധിക്കുക.