ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'മാരീചന്‍'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഫഹദിന്‍റെയും വടിവേലുവിന്‍റെയും കോമ്പോ സീനുകളാണ് കാണാനാവുക.
ഒരു ഫീല്‍ ഗുഡ് ചിത്രം എന്ന് തോന്നിപ്പിക്കും വിധത്തില്‍ തുടങ്ങുന്ന ടീസര്‍ അവസാനിക്കുന്നത് സസ്‌പെന്‍സിന്‍റേതായ മൂഡ് സൃഷ്‌ടിച്ച് കൊണ്ടാണ്. ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ 'മാരീചന്‍' ടീസര്‍.
ഒരു റോഡ് ത്രില്ലര്‍ ചിത്രമാണ് 'മാരീചന്‍' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടീസറിലുടനീളം ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്‍റെയും വടിവേലുവിന്‍റെയും കഥാപാത്രങ്ങളെയാണ് കാണാനാവുക. നാഗര്‍കോവിലില്‍ നിന്നും പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രപശ്ചാത്തലം.
'മാമന്നന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മാരീചന്‍'. കോവൈ സരള, സിതാര, വിവേക് പ്രസന്ന, പിഎല്‍ തേനപ്പന്‍, രേണുക, ലിവിംഗ്‌സ്‌റ്റണ്‍, ശരവണ സുബ്ബയ്യ, ഹരിത, കൃഷ്‌ണ, ടെലിഫോണ്‍ രാജ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വി കൃഷ്‌ണമൂർത്തിയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ബി ചൗധരിയാണ് സിനിമയുടെ നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം - കലൈശെൽവൻ ശിവാജി, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം - ദിനേശ് മനോഹരൻ, മേക്കപ്പ് - അബ്‌ദുല്‍, ഗാന രചന - മധൻ കാർക്കി, ശബരിവാസൻ ഷൺമുഖം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഇ4 എക്‌സ്‌പിരിമെന്‍റ്‌സ് എല്‍എല്‍പി, ക്രിയേറ്റീവ് ഡയറക്‌ടർ - വി കൃഷ്‌ണമൂർത്തി, കല - മഹേന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ - എ ജയ് സമ്പത്ത്, ശബ്‌ദമിശ്രണം - എം ആർ രാജകൃഷ്‌ണൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, സ്‌റ്റണ്ട് - ഫീനിക്‌സ് പ്രഭു, വിഎഫ്‌എക്‌സ് - ലവൻ ആന്‍ഡ് കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ - നാക്ക് സ്‌റ്റുഡിയോ സ്‌റ്റിൽസ് - ഷെയ്‌ക് ഫരീദ്, പോസ്‌റ്ററുകൾ - യെല്ലോ ടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.