സൂപ്പര്‍ താരം ഫഹദ് ഫാസിലിന്‍റെ ജന്മദിനത്തില്‍ സര്‍പ്രൈസുമായി 'പുഷ്‌പ 2' ടീം. ഓഗസ്‌റ്റ് 8ന് താരം തന്‍റെ 42-ാമത് ജന്മദിനം ആഘോഷിച്ചത്. പിന്നാലെയാണ് 'പുഷ്‌പ 2'ലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ചിത്രത്തില്‍ എസ്‌പി ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന വില്ലന്‍ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്.
ലുങ്കിയുടുത്ത് ഒരുയ്യില്‍ തോക്കും മറു കയ്യില്‍ കോടാലിയുമായി നില്‍ക്കുന്ന താരത്തെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. 'പുഷ്‌പ' ആദ്യ ഭാഗത്തില്‍ ഗംഭീര പ്രകടനം കാഴ്‌ചവച്ച ഫഹദ് രണ്ടാം ഭാഗത്തില്‍ മുഴുനീള വേഷം ചെയ്യുമെന്നാണ് സൂചന.
'പുഷ്‌പ 2' നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇന്‍സ്‌റ്റഗ്രാമിലൂടെ ഫഹദിന്‍റെ പിറന്നാള്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. "സൂപ്പര്‍ താരത്തിന് ആശംസകള്‍ നേരുന്നു. ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ. തകർപ്പൻ പ്രകടനവുമായി ഭൻവർ സിങ് ഷെഖാവത്ത് ഐപിഎസ് ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തും. 2024 ഡിസംബര്‍ 6ന് പുഷ്‌പ 2 ദി റൂള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും" -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് മൈത്രി മൂവി മേക്കേഴ്‌സില്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി രസകരമായ കമന്‍റുകളും ശ്രദ്ധ നേടുകയാണ്. "ഭന്‍വര്‍ സിങ് പുഷ്‌പ രാജിനെ മെരുക്കുമോ?", "ഭൻവർ സിങ് ഷെഖാവത് ഐപിഎസ് ആയി ഫഹദ് ഫാസില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത് ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയിലാണ്." -ഇങ്ങനെ പോകുന്നു കമന്‍റുകള്‍.
തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുനാണ് ചിത്രിത്തില്‍ നായകനായി എത്തുന്നത്. ഫഹദ് ഫാസില്‍ പ്രതിനായകനായും എത്തും. ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ചിത്രപശ്ചാത്തലം. നായികയായി രശ്‌മിക മന്ദാനയും എത്തുന്നു. 2021ലാണ് ആദ്യ ഭാഗം 'പുഷ്‌പ ദി റൈസ്' റിലീസ് ചെയ്‌തത്.