നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലോഗോ പുറത്ത്. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ലോഗോ റിലീസ് ചെയ്യുന്നത്. അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു (They Live Among Us) എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്‍റെ ലോഗോ പുറത്തുവിട്ടിരിക്കുന്നത്.
പ്രേക്ഷകരില്‍ സിനിമയെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയും നിറയ്‌ക്കുന്ന രീതിയിലുള്ളതാണ് സിനിമയുടെ ലോഗോ. രഹസ്യങ്ങളും ദുരൂഹതകളും ഒളിഞ്ഞിരിക്കുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ സിനിയുടെ ലോഗോ വീഡിയോ റിലീസ് ചെയ്‌തിരിക്കുന്നത്. മനുഷ്യ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായൊരു ശക്‌തിയുടെ സാന്നിധ്യത്തിന്‍റെ സൂചനയും ലോഗോ വീഡിയോ നല്‍കുന്നുണ്ട്.
വേഫെറര്‍ ഫിലിംസിന്‍റെ ഏഴാമത്തെ ചിത്രമാണിത്. കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ ഡൊമിനിക് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ചന്തു സലിം കുമാര്‍, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും.
ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവേശകരമായൊരു സിനിമയുടെ നിര്‍മ്മാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന് ചിത്രീകരണം തുടങ്ങിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.
അതേസമയം സിനിമയ്‌ക്കായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കിക് ബോക്‌സിംഗ് പ്രാക്‌ടീസ് ചെയ്യുന്ന ചിത്രങ്ങളാണ് കല്യാണി നേരത്തെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്."ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്‍റെ വേര്‍ഷന്‍" എന്ന് കുറിച്ച് കൊണ്ടാണ് കല്യാണി പോസ്‌റ്റ് പങ്കുവച്ചത്. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, രജിഷ വിജയന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ കല്യാണിയുടെ പോസ്‌റ്റിന് ലൈക്കുകളും കമന്‍റുകളുമായി എത്തിയിരുന്നു.
നിമിഷ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കും. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ - മെൽവി ജെ, അർച്ചന റാവു, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആക്ഷൻ കൊറിയോഗ്രാഫർ - യാനിക്ക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, അഡീഷണൽ തിരക്കഥ - ശാന്തി ബാലചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, ചീഫ് അസോസിയേറ്റ് - സുജിത്ത് സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, സ്‌റ്റിൽസ് - രോഹിത് കെ സുരേഷ്, അമൽ കെ സദർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.