സംവിധാനം ചെയ്‌ത സിനിമകളെല്ലാം തന്നെ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടും തന്‍റെ രണ്ടാമത്തെ സിനിമയിലെ ഒരു ഗാനത്തിന്‍റെ പേരിൽ പ്രശസ്‌തനായ സംവിധായകനാണ് ശരത്. അദ്ദേഹം സംവിധാനം ചെയ്‌ത 'സ്ഥിതി' എന്ന ചിത്രത്തിലെ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമല' എന്ന ഗാനം മൂളാത്ത മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. ഗാനം പുറത്തിറങ്ങി 21 വർഷങ്ങൾ കഴിഞ്ഞെങ്കിലും വരികൾക്കോ താളത്തിനോ പുതുമ നഷ്‌ട പ്പെട്ടിട്ടില്ല. ആ സിനിമയും ഗാനവും ജനിക്കുന്നതിന് പിന്നിൽ സംവിധായകന്‍റെ ആത്മാംശമുള്ള ചില യഥാർത്ഥ സംഭവ വികാസങ്ങളുണ്ട്.
2003 ൽ വേൾഡ് ബാങ്കിന്‍റെ ചില നിബന്ധനകൾക്ക് വിധേയമായി സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കാൻ തീരുമാനിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായത്. വേൾഡ് ബാങ്കിന്‍റെ ഇടപെടലുകളെ തടയിടാൻ അൽപ്പമെങ്കിലും കാരണമായത് അക്കാലത്ത് സർക്കാർ ജീവനക്കാരായ സ്ത്രീകൾ നടത്തിയ വലിയ പ്രക്ഷോഭമായിരുന്നു. സമരത്തിനിടയിൽ നിരവധി സ്ത്രീകൾ അറസ്‌റ്റ് ചെയ്യപ്പെട്ടു. ആറുദിവസത്തോളമാണ് സ്ത്രീകൾക്ക് സമരം ചെയ്‌തതിന്‍റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്നത്. അക്കാലത്ത് സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും സർക്കാർ ജീവനക്കാരാണ്. സംവിധായകൻ ശരത്തിന്‍റെ പത്നിയും സമരമുഖത്ത് സജീവമാണ്. ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാതെ സമരം ചെയ്‌തതിന്‍റെ പേരിൽ സർക്കാർ ജീവനക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തു പൂജപ്പുര ജയിലിൽ അടച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായി. അറസ്റ്റിലായ സഹപ്രവർത്തകരെ കാണാൻ സംവിധായകൻ ശരത്തും അദ്ദേഹത്തിന്‍റെ പത്നിയും ജയിലിൽ എത്തി. ജയിലഴിക്കുള്ളിൽ കഴിയുന്നവരോട് സംസാരിക്കുമ്പോഴും ശരത്തിന്‍റെ മനസ്സിൽ മറ്റു ചില ചിന്തകൾ അലയടിക്കുകയായിരുന്നു. തന്‍റെ ഭാര്യയും സമരത്തിൽ പങ്കെടുത്ത ആളാണ്. അവരും ഇതുപോലെ ഒരുപക്ഷേ അറസ്റ്റിൽ ആയിരുന്നെങ്കിൽ താൻ എന്ത് ചെയ്യുമായിരുന്നു. ആ സമയത്താണ് യഥാർത്ഥത്തിൽ പ്രണയത്തിന്‍റെ അർത്ഥം തനിക്ക് മനസ്സിലാകുന്നത്. അവരില്ലാതെ തന്‍റെ ജീവിതം ഒരു നിമിഷം പോലും മുന്നോട്ടു പോകില്ല എന്ന് തിരിച്ചറിഞ്ഞു. തങ്ങള്‍ പരസ്പരം പ്രണയാർദ്രമായി സംസാരിച്ചില്ലെങ്കിൽ പോലും ഉള്ളിൽ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. മനുഷ്യ വികാരങ്ങൾക്കുള്ളിൽ മുഖം മൂടിയിട്ട തീവ്ര പ്രണയത്തിന്‍റെ കഥ സംവിധായകൻ ശരത്തിന്‍റെ ഉള്ളിൽ ജനിക്കുകയാണ്. അങ്ങനെയാണ് 'സ്ഥിതി' എന്ന് ചലച്ചിത്രം രൂപപ്പെടുന്നത്.