ഇന്ത്യ ഒട്ടാകെ ഒരുപാട് സിനിമകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും മലയാളികൾക്ക് സിൽക്ക് സ്‌മിതയുടെ ഓർമ്മ 'സ്‌ഫടികം' എന്ന ചിത്രത്തെ ചുറ്റിപ്പറ്റി മാത്രമാണ്. കരിയർ ഒരു സെക്‌സ് ബോംബെന്നു മാത്രം അറിയപ്പെട്ടിരുന്ന സ്‌മിതയെ പോലെ ഒരു കലാകാരിയെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്‌ഫടികം' പോലൊരു ചിത്രത്തിൽ എന്തിന് ഉൾപ്പെടുത്തിയെന്ന് ആദ്യകാലത്ത് പലരും ഭദ്രനോട് ചോദിച്ചു. അവർക്കൊക്കെയുള്ള മറുപടി റിലീസിന് ശേഷം 'സ്‌ഫടികം' തന്നെ നൽകുകയുണ്ടായി. 'സ്‌ഫടികം' എന്ന ചിത്രത്തിൽ സിൽക്ക് സ്‌മിത അഭിനയിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ ഭദ്രൻ വിശദീകരിക്കുകയാണ്.
സംവിധായകൻ ഭഭ്രന്‍റെ വാക്കുകളിലൂടെ…
"ഞാൻ ഇ ടി വി ഭാരതിന്‍റെ റിപ്പോർട്ടർ വിനായകമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്‍റെ വീടിന്‍റെ ഉമ്മറത്ത് ഇരുന്നു കൊണ്ടാണ്. എന്‍റെ വീടിനു മുന്നിലെ അഭംഗി കയറിയ മണിമലയാറിനെ നമുക്ക് രണ്ടുപേർക്കും കാണാം. ഈ മണിമലയാറിന്‍റെ നൊസ്റ്റാൾജിയ ആണ് സിൽക്ക് സ്‌മിതയെ 'സ്‌ഫടികം' പോലൊരു ചിത്രത്തിൽ കൊണ്ടുവരാൻ എന്നെ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ കൈത്തോട് മാതൃകയിലുള്ള മണിമലയാർ ആയിരുന്നില്ല എന്‍റെ കുട്ടിക്കാലത്ത്. വളരെ വലുപ്പമുള്ള നദി സമാനമായ ഒരു ജലാശയം. വേനൽക്കാലം ആകുന്നതോടെ മീനച്ചിലാറിന്‍റെ വെള്ളം വറ്റി തുടങ്ങും. മുഴുവൻ ജലവും പതുക്കെ പതുക്കെ കായലിലേക്ക് ഒലിച്ചു പോകുന്നതോടെ ആറിന്‍റെ ഇരുവശത്തും മണൽ തിട്ടകൾ രൂപപ്പെടും. വേനൽ കടുക്കുന്നതോടെ മണൽത്തിട്ടകൾ വലുതാകും. സൂര്യ വെളിച്ചത്തിൽ മണൽത്തിട്ടകൾ സ്വർണ നിറമായി തിളങ്ങും. കാക്കകളും മറ്റു പക്ഷികളും കൂട്ടത്തോടെ മണൽ തിട്ടകളിലെത്തും. ചെറു പ്രാണികളെയും മത്സ്യങ്ങളെയും അവ കൊത്തി തിന്നുന്ന കാഴ്‌ച അതിമനോഹരമാണ്. എന്‍റെ കുട്ടിക്കാലത്തെ ഓർമ്മകളാണ് കേട്ടോ ഈ പറയുന്നത്. അന്ന് മീനച്ചിലാറിലൂടെ ഒഴുകുന്നത് പനിനീര് പോലുള്ള വെള്ളമാണ്. ഇപ്പോ കലങ്ങി ഒഴുകുന്ന മീനച്ചിലാറിനെ കാണാൻ തന്നെ ഭയം", ഭദ്രന്‍ പറഞ്ഞു.
കുട്ടിക്കാലം മുതല്‍ മനസില്‍ സൂക്ഷിച്ച സ്ത്രീ സൗന്ദര്യം

സില്‍ക്ക് സ്‌മിത 'സ്‌ഫടിക'ത്തിലേക്ക്


"ഈ ചിത്രം കേരളത്തിലെ ഓരോ കുടുംബവും ഹൃദയത്തിൽ എഴുതി ചേർക്കേണ്ട ആവിഷ്‌കാരമാണ്. മരിച്ചു കഴിഞ്ഞപ്പോൾ അവർ ഇതാണ് അതാണ് എന്ന് പറയുന്ന ഒരുപാട് പേരെ ഞാൻ കണ്ടു. ബഹുമാനപൂർവ്വം മാത്രമേ 'സ്‌ഫടികം' എന്ന സിനിമയിലെ അണിയറ പ്രവർത്തകർ സിൽക്ക് സ്‌മിത എന്ന കലാകാരിയെ ഓർക്കുകയുള്ളൂ. 'സ്‌ഫടികം' എന്ന സിനിമ ആ കാലഘട്ടത്തിനു വേണ്ടി സൃഷ്ടിച്ചതല്ല. ഇനി വരാനിരിക്കുന്ന മൂന്നോ നാലോ തലമുറകൾ കാണണമെന്ന ഉദ്ദേശം എനിക്കുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും മക്കളോട് ഏത് രീതിയിൽ പെരുമാറണം അല്ലെങ്കിൽ പെരുമാറരുത് എന്ന് പഠിപ്പിച്ചു കൊടുത്ത സിനിമയാണ് 'സ്‌ഫടികം'. ഞാൻ ജീവിച്ച ജീവിത സാഹചര്യങ്ങളും എന്‍റെ അധ്യാപകരും എന്തിനേറെ പറയുന്നു എന്‍റെ പിതാവ് പോലും 'സ്‌ഫടികം' എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷിനുള്ളിൽ ഉണ്ട്. സിനിമ പോക്കണം കെട്ടവർക്കുള്ളതാണ് എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കുടുംബത്തിൽ ജനിച്ച ആളാണ് ഞാൻ. അങ്ങനെയുള്ള ഒരു വ്യക്തി ചെയ്യുന്ന സിനിമ എത്രത്തോളം നിലവാരം പുലർത്തണമെന്ന് എനിക്ക് ധാരണയുണ്ട്. ആ നിലവാര മൂല്യം കൃത്യമായി ഉൾക്കൊണ്ടു തന്നെയാണ് സിൽക്ക് സ്‌മിതയെ 'സ്‌ഫടികം' എന്ന ചിത്രത്തിൽ കാസ്റ്റ് ചെയ്യുന്നത്. ആടുതോമയുടെ ജീവിത വഴിയിൽ കണ്ടുമുട്ടുന്ന ഒരു പെണ്ണ്. അങ്ങനെ ഒരു കാസ്റ്റിങ്ങിൽ ഞാൻ കുട്ടിക്കാലം മുതൽ മനസ്സിൽ സൂക്ഷിച്ച സ്ത്രീ സൗന്ദര്യത്തിന്‍റെ സമാന രൂപമുള്ള ഒരാൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. സിൽക്ക് സ്‌മിത അല്ലാതെ അങ്ങനെ ഒരാൾ വേറെയില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജെന്‍റിലായ സ്ത്രീ. സിൽക്ക് സ്‌മിത ഈസ് എ വെരി വെരി വെരി ഡീസന്‍റ് പേഴ്‌സണ്‍. അവരുടെ സ്വഭാവം ഇപ്പോഴത്തെ അഭിനയത്രികൾ പോലും മാതൃകയാക്കണം. നമ്മൾ പുറത്തുനിന്ന് കാണുന്ന സിൽക്ക് സ്‌മിതയെ അല്ല യഥാർത്ഥ ജീവിതത്തിൽ. വളരെ ഒതുക്കമുള്ള ശാന്തതയുള്ള ഒരു പെൺകുട്ടി. സിൽക്ക് സ്‌മിത ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും എന്നുള്ള നമ്മുടെ ചിന്തകളെ അവരെ പരിചയപ്പെട്ടു കഴിഞ്ഞാൽ പാടെ മാറിപ്പോകും. ഒരു സംവിധായകന് വിധേയമായി എങ്ങനെ ഒരു ആർട്ടിസ്റ്റ് പെരുമാറണമെന്ന് സിൽക്ക് സ്‌മിതയെ കണ്ട് വേണമെങ്കിൽ പഠിക്കാം. ഞാനുമായി വളരെയധികം സിങ്ക് ആയിരുന്നു ആ സ്ത്രീ", സംവിധായകന്‍ വിശദീരിച്ചു.

"സ്‌ഫടികം എന്ന ചിത്രത്തിലേക്ക് വിളിക്കുമ്പോൾ യാതൊരു മടിയും പറയാതെയാണ് അവർ അഭിനയിക്കാമെന്ന് സമ്മതിച്ചത്. അതിനുകാരണം 'അയ്യർ ദ ഗ്രേറ്റ്' എന്ന സിനിമയാണ്. ആ സിനിമയുടെ കടുത്ത ആരാധികയായിരുന്നു സിൽക്ക് സ്‌മിത. 'അയ്യർ ദ ഗ്രേറ്റ്' എന്ന സിനിമയുടെ സംവിധായകൻ ചെയ്യുന്ന സിനിമ എന്ന ഒറ്റ കാരണത്താലാണ് പ്രതിഫലം പോലും ചോദിക്കാതെ സിൽക്ക് സ്‌മിത 'സ്‌ഫടികം' അഭിനയിക്കാൻ സമ്മതിച്ചത്. തമിഴ്നാട്ടിലെ സഫയർ തീയേറ്ററിൽ നൂറു ദിവസം ഓടിയ സിനിമയാണ് 'അയ്യർ ദി ഗ്രേറ്റ്'. സഫയർ തീയേറ്ററിൽ നിന്നു തന്നെയാണ് സ്‌മിത ആ ചിത്രം കാണുന്നത്. 'അയ്യർ ദി ഗ്രേറ്റ്' എന്ന സിനിമയുടെ സംവിധായകൻ ചെയ്യുന്ന സിനിമയാണോ എങ്കിൽ ഡേറ്റ് മാത്രം പറഞ്ഞാൽ മതി എന്നാണ് സ്‌മിത എന്‍റെ പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞത്. തെന്നിന്ത്യൻ ഭാഷയിൽ അവർ കത്തി നിൽക്കുന്ന സമയമാണ് അതെന്ന് ചിന്തിക്കണം. എത്രയോ വലിയ തെന്നിന്ത്യൻ ബഡ്‌ജറ്റ് സിനിമകൾ മാറ്റിവച്ചാണ് അവർ 'സ്‌ഫടികം' അഭിനയിക്കാൻ എത്തിച്ചേരുന്നത്. സിൽക്ക് സ്‌മിത അഭിനയിക്കുന്ന മോഹൻലാലിന്‍റെ ഇൻട്രോ ഗാനം ഏകദേശം ആറു ദിവസങ്ങൾ കൊണ്ടാണ് പല ഘട്ടങ്ങളിലായി ചിത്രീകരിച്ചുതീർത്തത്. സിൽക്ക് സ്‌മിത എ വണ്ടർഫുൾ വുമൺ", ഭദ്രൻ ഓർമ്മകളിലൂടെ സഞ്ചരിച്ചു.
