ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ലോകമൊട്ടാകെയുള്ള സംഗീതാസ്വാദകരെ ഒരുപോലെ രസിപ്പിച്ച ഗാനമാണ് 'കക്ഷി അമ്മിണിപ്പിള്ള'യിലെ 'ഒയ്യാരം പയ്യാരം'. കൊവിഡ് - ലോക്ക് ഡൗൺ കാലത്ത് 'ഒയ്യാരം പയ്യാരം' റീലുകളും ഷോർട്‌സുകളും സോഷ്യല്‍ മീഡിയയെ അടക്കിഭരിച്ചിരുന്നു.
അന്ന് തുടങ്ങിയ ഇന്‍റർനെറ്റ് സെൻസേഷൻ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഒരാഴ്‌ച്ചയിൽ 15,000ൽ അധികം ആളുകൾ 'ഒയ്യാരം പയ്യാരം' സൗണ്ട് ട്രാക്ക്, റീൽസ് ചെയ്യാൻ ഉപയോഗിച്ചിരുന്നു എന്നതാണ് ഔദ്യോഗിക കണക്കുകൾ. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് 47 ദശലക്ഷമാണ് ഈ ഗാനത്തിന്‍റെ ഇതുവരെയുള്ള കാഴ്‌ച്ചക്കാര്‍.
2019ല്‍ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്‌ത ആസിഫ് അലി ചിത്രം 'കക്ഷി അമ്മിണിപ്പിള്ള'യിലെ ഗാനമാണിത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആണ് ഈ ഗാന രംഗത്തില്‍ പാടി അഭിനയിക്കുന്നത്. ഇപ്പോഴിതാ ആഗോളതലത്തിൽ ഹിറ്റായ ഈ ഗാനത്തിന്‍റെ പിന്നാമ്പുറ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ദിൻജിത്ത് അയ്യത്താൻ.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ആസിഫ് അലി, ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്‍റെ പ്രൊമോഷന്‍ വേളയിലാണ് 'ഒയ്യാരം പയ്യാരം' ഗാനത്തെ കുറിച്ചുള്ള സംവിധായകന്‍റെ തുറന്നു പറച്ചില്‍. ദിന്‍ജിത്ത് അയ്യത്താന്‍റെ ആദ്യ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം കൂടിയാണിത്.
'ഒയ്യാരം പയ്യാരം' ഗാനത്തിനായി മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകർ പ്രവർത്തിച്ചിരുന്നെങ്കിലും അവരിൽ നിന്നും മികച്ച ഒരു സൃഷ്‌ടി ലഭിച്ചില്ലെന്ന് ദിന്‍ജിത്ത്. ഈ ഗാനം എബി സാമുവൽ എന്ന ചെറുപ്പക്കാരനിലേയ്‌ക്ക് എങ്ങനെ എത്തി എന്നതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു.
"ഒയ്യാരം പയ്യാരം പെട്ടെന്ന് സംഭവിച്ച ഒരു ഗാനമാണ്. പക്ഷേ സംതൃപ്‌തിപ്പെടുത്തുന്ന ഒരു ട്യൂണിലേക്ക് എത്താൻ ധാരാളം സമയമെടുത്തു. പേരെടുത്ത് പറയുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകർ ഈ ഗാനത്തിന് വേണ്ടി ആദ്യം പ്രവർത്തിച്ചിരുന്നു. പക്ഷേ അവരിൽ നിന്ന് ഒന്നും മികച്ച ഒരു സൃഷ്‌ടി ലഭിച്ചില്ല.
കക്ഷി അമ്മിണിപ്പിള്ളയുടെ ചിത്രീകരണം ആരംഭിച്ച് ഏകദേശം 10 ദിവസം പിന്നിട്ടു. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഗാനം ചിത്രീകരിക്കേണ്ടതുണ്ട്. പക്ഷേ ഇതുവരെയും ട്യൂൺ ഫൈനലൈസ് ചെയ്‌തിട്ടില്ല. ആശയക്കുഴപ്പത്തിൽ ഇരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളായ ഷാഫി ചെമ്മാട് അദ്ദേഹത്തിന്‍റെ വീടിനടുത്തുള്ള ഒരു പയ്യനെ കുറിച്ച് തന്നോട് പറയുന്നത്.
വളരെ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് എബി സാമുവൽ എന്ന ആ ചെറുപ്പക്കാരനെ ഗാനം ഒരുക്കാനായി ക്ഷണിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എബി തനിക്ക് കേൾപ്പിച്ചു തന്ന ട്യൂണിന്‍റെ ചെറിയൊരു വേർഷൻ പെട്ടെന്ന് തന്നെ മനസ്സിൽ ഹൂക്ക് ചെയ്യുകയായിരുന്നു. ആ ഗാനമാണ് മലയാളവും കടന്ന് ഇന്ത്യയിൽ ഉടനീളം വിപ്ലവം സൃഷ്‌ടിച്ച 'ഒയ്യാരം പയ്യാരം'."-ദിന്‍ജിത്ത് അയ്യത്താന്‍ വിശദീകരിച്ചു.
ചെന്നൈ സ്വദേശിയാണ് ദിൻജിത്ത് അയ്യത്താൻ. ലോക്ക്ഡൗൺ സമയത്ത് ചെന്നൈയിൽ ഈ ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ മാത്രമല്ല, തെലുഗുവിലും കന്നടയിലും ഗാനം സൂപ്പർ ഹിറ്റായി മാറി. 'ഒയ്യാരം പയ്യാരം' ഗാനം പാടി അഭിനയിക്കുന്നതിനായി ബേസിൽ ജോസഫ് ഈ സിനിമയുടെ ഭാഗം ആയതിനെ കുറിച്ചും ദില്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.
"കക്ഷി അമ്മിണിപ്പിള്ളയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ബേസിൽ ജോസഫ് എന്ന നടൻ ഇപ്പോഴത്തെ സൂപ്പർതാരം ആയിട്ടില്ല. പക്ഷേ ബേസിൽ ഒരു വിലപിടിപ്പുള്ള സംവിധായകനായി ആ സമയത്ത് മാറിയിരുന്നു. നടൻ എന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ബേസിലിനെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഗാനത്തിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്.
വളരെ വ്യത്യസ്‌തനായ ഒരാൾ ആ ഗാന രംഗത്തിൽ അഭിനയിക്കണം എന്നുള്ളത് നിർബന്ധമായിരുന്നു. ആ നിർബന്ധത്തിന്‍റെ അടിസ്‌ഥാനത്തിലാണ് ബേസിൽ ജോസഫ് എന്ന വ്യത്യസ്‌തനായ അഭിനേതാവിനെ ഞാനടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്യുന്നത്. പിന്നെ ബേസിലും ആസിഫ് അലിയും തമ്മിലുള്ള സൗഹൃദവും സിനിമയിലേക്കുള്ള കാസ്‌റ്റിംഗിന് എളുപ്പമായി."- ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ അധികം വ്യത്യസ്‌തമായ ഒരു വേഷവിധാനമാണ് ബേസിൽ ആ ഗാനരംഗത്തിൽ ധരിച്ചിരിക്കുന്നത്. ബേസിന്‍റെ കോസ്റ്റ്യൂം വിശേഷങ്ങളും സംവിധായകന്‍ പങ്കുവച്ചു. 'ഒയ്യാരം പയ്യാരം' കോസ്റ്റ്യൂം തിരെഞ്ഞടുക്കാനായി ബേസിലും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും, കോസ്റ്റ്യൂം എടുത്തതോടെ ബേസില്‍ ആശയക്കുഴപ്പത്തില്‍ ആയെന്നും ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.
"താനിപ്പോൾ വളർന്നു വരുന്ന ഒരു നടൻ മാത്രമാണ്, ഇതൊക്കെ വലിച്ചു കേറ്റി കോമാളി രൂപമായി പോയാൽ കെരിയർ ചിലപ്പോൾ സ്പോയിൽ ആയി പോകുമെന്ന് ബേസിൽ തന്നോട് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ വസ്ത്രത്തിൽ ഗോൾഡൻ നിറത്തിലുള്ള രണ്ട് മൂന്ന് സ്‌റ്റിക്കറുകളും പതിപ്പിച്ചിരുന്നു. ഇത് കറുപ്പ് ആക്കാൻ പറ്റുമോ എന്ന് ബേസിൽ അപേക്ഷിക്കുകയും ചെയ്‌തിരുന്നു.
ബേസിലിന് ഈ വസ്ത്രം ധരിച്ച് ഗാന രംഗത്തിൽ അഭിനയിക്കാൻ ഭയങ്കര ചമ്മലായിരുന്നു. പിന്നീട് അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടി കൺവിൻസ് ചെയ്യുകയായിരുന്നു. ഗാനം പുറത്തിറങ്ങിയതോടെ 'ഒയ്യാരം പയ്യാരം' സൂപ്പർഹിറ്റ്, ബേസിലിന്‍റെ വേഷം സൂപ്പര്‍ഹിറ്റ്, മാത്രമല്ല, ആ കഥാപാത്രം ബേസിലിന്‍റെ തുടർന്നുള്ള കരിയറിനും ഗുണം ചെയ്‌തു."-ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.