വിഖ്യാത ചലച്ചിത്രകാരനും കൊമേഡിയനുമായ ചാർളി ചാപ്ലിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. മൺമറഞ്ഞ് പോയിട്ടും അദ്ദേഹത്തിന്‍റെ സൃഷ്‌ടികൾ ഇന്നും ജനമനസുകളിൽ മായാതെ കിടക്കുന്ന ഒന്നാണ്. ഇന്ന് ഏപ്രിൽ 16 ചാപ്ലിന്‍റെ 136ാം ജന്മദിനം.
കുട്ടിക്കാലം മുതൽ ചാപ്ലിനെ കുറിച്ചുള്ള കഥകൾ നമുക്ക് സുപരിചിതമാണ്. ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഭാഷ ആവശ്യമില്ലെന്ന് ലോകത്തിന് ഏറെ വ്യക്തമായത് അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെയാണ്. സ്‌റ്റേജ് ആര്‍ട്ടിസ്‌റ്റായ തന്‍റെ അമ്മയ്ക്ക് പകരം സംഗീത വേദിയിലേക്ക് ഓടിക്കയറിയ ആ അഞ്ച് വയസുകാരനെ ഏറെ കൗതുകത്തോടെയാണ് അന്ന് സദസ് കണ്ടത്.

ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ആ ഏകാംഗ പ്രകടനം ചാര്‍ളി ചാപ്ലിന്‍ എന്ന ഇതിഹാസ അഭിനയ പ്രതിഭയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു. പിന്നീടുളള 75 വര്‍ഷങ്ങള്‍ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത വ്യക്തിയാണ് അദ്ദേഹം.
തന്‍റെ ഉള്ളിലുള്ള വിഷമങ്ങള്‍ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിന്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ട് പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്‍റെ ഓരോ സിനിമകളിലും നമുക്ക് കാണാനാകും. ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് അദ്ദേഹം വിളമ്പിയ ഓരോ വാക്കിലും ചിരിയോടൊപ്പം ചിന്തയും അടങ്ങിയിരുന്നു.

അദ്ദേഹത്തിന്‍റെ ഓരോ സിനിമയും ഓരോ സന്ദേശമാണ് നമുക്ക് നൽകുന്നത്. ആധുനികവത്‌ക്കരണവും യന്ത്രവത്‌ക്കരണവും ഹിറ്റ്ലറുടെ യുദ്ധക്കൊതിയുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമയിൽ മിന്നിമറഞ്ഞ വിഷയങ്ങളാണ്.
ദുരന്തങ്ങളെ കോമഡിയാക്കുന്ന ചാപ്ലിൻ വിദ്യയുടെ ഉദാഹരണമാണ് 'ദി കിഡ്' എന്ന ചിത്രം. തെരുവില്‍ നിന്ന് കിട്ടുന്ന ഒരു കുട്ടിയെ ചാപ്ലിന്‍ എടുത്ത് വളര്‍ത്തുന്നതും പിന്നീട് അവനെ ശിശുസംരക്ഷണ വിഭാഗം ഏറ്റെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യന്ത്രവത്‌ക്കരണവും സാമ്പത്തിക ഞെരുക്കവും എങ്ങനെ ജനങ്ങളെ ബാധിക്കും എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്‍റെ മോഡേൺ ടൈംസ് എന്ന ചിത്രം. 1930കളില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ സാമ്പത്തിക ഞെരുക്കമാണ് മോഡേണ്‍ ടൈംസിന്‍റെ പശ്ചാത്തലം. ഒരു ഫാക്‌ടറി ജീവനക്കാരന്‍റെ കണ്ണിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. മാറുന്ന വ്യവസ്ഥിതികളോടുള്ള ചാപ്ലിന്‍റെ മനോഭാവവും രാഷ്‌ട്രീയവും ചിത്രത്തിൽ പ്രകടമാക്കുന്നുണ്ട്.

ചാപ്ലിന്‍റെ ഏറ്റവും നന്നായി രാഷ്‌ട്രീയം സംസാരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഡിറ്റേക്‌റ്റർ. ഹിറ്റ്ലറും നാസിസവും ഒരു സാധാരണ ബാര്‍ബറുമാണ് ഗ്രേറ്റ് ഡിറ്റേക്റ്ററിലെ പ്രധാന പ്രമേയങ്ങള്‍. ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്ലറുടെ യുദ്ധ കൊതിയെ തന്‍റെ അഭിനയ പ്രകടനത്തിലെ ആക്ഷേപഹാസ്യ ശരങ്ങള്‍ കൊണ്ട് വെല്ലുവിളിച്ച സിനിമയാണിത്.
ഫാസിസത്തെ കണക്കറ്റ് പരിഹസിക്കുന്ന ഈ ചിത്രത്തിലെ ഒരു പ്രസംഗം ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ദ സര്‍ക്കസ്, ദ ഗോള്‍ഡ് റഷ്, ലൈംലൈറ്റ്, സിറ്റി ലൈറ്റ്സ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ചെറുപ്പത്തിലെ അച്‌ഛന്‍ മരിച്ചുപോയ ചാര്‍ളിയുടെ ചെറുപ്പകാലം അവഗണനയും നിരാശയും നിറഞ്ഞതായിരുന്നു. പനിപിടിച്ച് കിടന്ന നാളുകളില്‍ ചാര്‍ളിയെ ഉറക്കാനായി അമ്മ രാത്രിയില്‍ ജനാലയ്ക്ക് പുറത്തെ കാഴ്ച്ചകള്‍ അഭിനയിച്ച് കാണിക്കുമായിരുന്നു. ഇതായിരുന്നു ഭാവിയില്‍ തന്‍റെ അഭിനയ ജീവിതത്തെ മികച്ചതാക്കിയതെന്ന് ചാര്‍ളി തന്നെ പറഞ്ഞിട്ടുണ്ട്.

നാം ഏത് കഠിനമായ ജീവിത സാഹാചര്യത്തിലൂടെ കടന്നുപോയാലും മാനസികമായി തളരാതെ ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാന്‍ ലോകത്തെ പഠിപ്പിച്ച വ്യക്തിയാണ് ചാർളി ചാപ്ലിൻ. ഹാസ്യ നടനായിരുന്നുവെങ്കിലും വളരെ ഗൗരവത്തോടെ ജീവിതത്തെ കണ്ടിരുന്ന ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. 1977 ഡിസംബര്‍ 25ന് ഈ ലോകത്തോട് ചാപ്ലിന്‍ വിടപറഞ്ഞെങ്കിലും ആ മനുഷ്യന്‍ ഇന്നും തന്‍റെ സൃഷ്‌ടികൾ കൊണ്ട് ലോകത്തെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
