പ്രശസ്‌ത നൃത്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ജാനി മാസ്‌റ്റര്‍ ഗോവയില്‍ അറസ്‌റ്റില്‍. ജാനി മാസ്‌റ്റര്‍ എന്നറിയപ്പെടുന്ന ഷെയ്‌ഖ് ജാനി ബാഷയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സൈബരാബാദ് എസ്‌ഒടി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജൂനിയർ വനിതാ കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ്.
നൃത്ത സംവിധായകനെ ഗോവയിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയെ അറിയിച്ചു. കോടതിയിൽ നിന്നും ട്രാൻസിറ്റ് വാറണ്ട് നേടിയ ശേഷം ഹൈദരാബാദിലേക്ക് കൊണ്ടുവരും.
ഒപ്പം ജോലി ചെയ്‌തിരുന്ന പെണ്‍കുട്ടിയെ നൃത്ത സംവിധായകന്‍ പല സെറ്റുകളില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. 2019ലാണ് നൃത്ത സംവിധായകൻ തന്നെ ആദ്യമായി ബലാത്സംഗം ചെയ്‌തതെന്ന് ഇരയായ പെൺകുട്ടി (21) ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്‌ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം.
ജാനി മാസ്‌റ്റര്‍ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നൃത്ത സംവിധായകനെതിരെ പൊലീസ് ആദ്യം കേസെടുത്തത്.
എന്നാല്‍ പ്രായപൂർത്തിയാകാത്ത സമയം മുതൽ ജാനി മാസ്‌റ്റർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിച്ചതോടെ പോക്‌സോ വകുപ്പ് പ്രകാരം നൃത്ത സംവിധായകനെതിരെ കേസെടുത്തു. ജാനി മാസ്‌റ്ററുടെ ഭീഷണിയെ തുടർന്നാണ് താൻ ആദ്യം മൗനം പാലിച്ചതെന്നും യുവതി പറഞ്ഞു.
ബുധനാഴ്‌ച വൈകുന്നേരത്തോടെ നൃത്ത സംവിധായകനെ വസതിയിൽ നിന്നും കാണാതാവുകയും ഫോൺ ലഭ്യമല്ലാതാകുകയും ചെയ്‌തതിനെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘത്തെ ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കും ലഡാക്കിലേക്കും അയച്ചിരുന്നു.
Also Read: പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍ - YouTuber VJ Machan arrested