വിഷു റിലീസായി മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് ഇന്ന് (ഏപ്രില്‍ 10) തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ 'ബസൂക്ക', ബേസില്‍ ജോസഫിന്‍റെ 'മരണമാസ്', നസ്‌ലിന്‍റെ 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളാണ്. ഇതോടൊപ്പം അജിത് കുമാറിന്‍റെ തമിഴ് ചിത്രം 'ഗുഡ് ബാഡ് അഗ്ലി', സണ്ണി ഡിയോളിന്‍റെ ബോളിവുഡ് ചിത്രം 'ജാഠ്' എന്നീ ചിത്രങ്ങളും ഇന്ന് റിലീസിനെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളൊക്കെ അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യദിനത്തിലും ചിത്രത്തിന് മികച്ച ബോക്‌സ് ഓഫിസ് കലക്ഷനാണ് ലഭിക്കുന്നത്.
'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിലൂടെ മികച്ച അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ നിന്നും നസ്‌ലിന്‍ സ്വന്തമാക്കിയിരിക്കുന്നത് 1.45 കോടി രൂപയാണ്. മമ്മൂട്ടിയുടെ 'ബസൂക്ക' അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത് 1.50 കോടി രൂപയാണ്. എന്നാല്‍ നസ്‌ലിന്‍റെ കരിയര്‍ ബെസ്‌റ്റായ പ്രേമലു 96 ലക്ഷമാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയിരുന്നത്. ആഗോളതലത്തില്‍ 'ആലപ്പുഴ ജിംഖാന' രണ്ട് കോടി രൂപയാണ് പ്രീ സെയില്‍സിലൂടെ നേടിയതെന്നാണ് വിവരം. നസ്‍ലെനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച അഡ്വാന്‍സ് കലക്ഷനാണ് ഇത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്പോര്‍ട്‌സ് കോമഡി ഴോണറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഏപ്രില്‍ 8 ന് രാത്രി എട്ടുമണി മുതലാണ് 'ബസൂക്ക'യുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതെങ്കില്‍ 'ആലപ്പുഴ ജിംഖാന'യുടേത് ഏപ്രില്‍ ഒന്‍പതിന് രാവിലെയും 'മരണമാസി'ന്‍റേത് ഇന്നലെ വൈകിട്ടുമാണ്. 'ബസൂക്ക'യും 'ആലപ്പുഴ ജിംഖാന'യും തമ്മിലാണ് കേരള ബോക്‌സ് ഓഫീസിലെ അഡ്വാന്‍സ് ബുക്കിംഗില്‍ പ്രധാന മത്സരം നടന്നിരിക്കുന്നത്. എന്നാല്‍ അവസാന നിമിഷത്തിലേക്ക് എത്തുമ്പോള്‍ 'ബസൂക്ക'യുമായി കടുത്ത മത്സരമാണ് ബേസില്‍ ജോസഫിന്‍റെ 'മരണമാസി'നുണ്ടായിരുന്നത്.
അതേസമയം 0.93 കോടി രൂപയാണ് ഇതുവരെ ആദ്യദിനത്തില്‍ 'ബസൂക്ക' നേടിയിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കലക്ഷനാണിത്. 'മരണമാസി'ന് 0.23 കോടി രൂപയാണ് ഇന്ത്യയിലെ നെറ്റ് കലക്ഷന്‍. 0.83 കോടി രൂപയാണ് 'ആലപ്പുഴ ജിംഖാന'യുടെ ബോക്‌സ് ഓഫീസ് കലക്ഷന്‍. ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്കുകളാണിവ.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‌ത് നടന്‍ ടൊവിനോ തോസ് നിര്‍മിച്ച ചിത്രമാണ് 'മരണമാസ്'. നടന്‍ സിജു സണ്ണിയുടെ കഥയ്ക്ക് ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് 'ആലപ്പുഴ ജിംഖാന' നിര്‍മിച്ചത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണങ്ങള്‍ തയാറാക്കിയത്.
നവാഗതനായ ഡീനോ ഡെന്നീസ് ആണ് 'ബസൂക്ക' സംവിധാനം ചെയ്‌തിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Also Read: തിയേറ്ററില്‍ 'ബസൂക്ക' താണ്ഡവം, സോഷ്യല്‍ മീഡിയയും ഇളക്കി മറിച്ച് ചിത്രം; ആദ്യ പ്രേക്ഷക പ്രതികരണം