എറണാകുളം: ആസിഫ് അലി നായകനായെത്തുന്ന ചിത്രം 'ലെവൽ ക്രോസ്' തിയേറ്ററുകളിലേക്ക്. ജൂലൈ 26ന് സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി പ്രകടനം കാഴ്‌ച വയ്ക്കുന്നത്. ആസിഫലിയുടെ കഴിഞ്ഞ ചിത്രം 'തലവൻ' തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
കാഴ്‌ചയിൽ വേറിട്ട് നിൽക്കുന്ന കഥാപാത്രവും കഥാസന്ദർഭങ്ങളും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിന്‍റേതായി ഇറങ്ങിയ ടീസറൂം ആരാധകരില്‍ പ്രതീക്ഷ വർധിപ്പിക്കുന്നു. ടുണീഷ്യയിൽ ഷൂട്ട് ചെയ്‌ത ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് 'ലെവൽ ക്രോസ്'.
അർഫാസ് അയൂബിന്‍റെ സംവിധാനത്തിലാണ് ലെവൽ ക്രോസ് ഒരുങ്ങിയിട്ടുള്ളത്. ജിത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയാണ് അർഫാസ് അയൂബ്. ബിഗ് ബഡ്‌ജറ്റ് മോഹൻലാൽ ചിത്രം 'റാമിന്‍റെ നിർമാതാവായ രമേഷ് പി പിള്ളയാണ് ലെവൽ ക്രോസ് നിർമ്മിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്.
കഥയും തിരക്കഥയും സംവിധായകന്‍റേതുതന്നെ. ആസിഫ് അലി, അമല പോൾ, ഷറഫുദ്ധീൻ എന്നിവര്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്‌നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. ഗാനരചന- വിനായക് ശശികുമാർ. ഡിഒപി- അപ്പു പ്രഭാകർ, വിതരണം- വെഫറർ ഫിലിംസ്, പിആർഒ- മഞ്ജു ഗോപിനാഥ്.